മൃഗങ്ങളെ പരിപാലിക്കാൻ വേണ്ടി എല്ലാ ദിവസവും രാവിലെ 7 മണിക്ക് തന്നെ ബാർബി എഴുന്നേൽക്കും. മിക്ക മൃഗങ്ങളും ഇവിടെ തന്നെ കഴിയുന്നവയാണ്.
നമ്മളിലേറെപ്പേർക്കും മൃഗങ്ങളെ ഇഷ്ടമാണ്. എന്നാൽ, അവയ്ക്ക് വേണ്ടി ജീവിക്കാൻ ചുരുക്കം ചിലരേ ഇറങ്ങിപ്പുറപ്പെടാറുള്ളൂ. അവരിൽ ഒരാളാണ് സസെക്സിൽ നിന്നുള്ള 90 -കാരിയായ ബാർബി കീൽ. 600 -ലധികം മൃഗങ്ങളെ ഉൾക്കൊള്ളുന്ന ഒരു മൃഗസംരക്ഷണ കേന്ദ്രം തന്നെ ഇവർക്ക് സ്വന്തമായുണ്ട്. പതിനായിരത്തിലധികം മൃഗങ്ങളെ ഇവിടെ ഇവർ സംരക്ഷിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഇത് പൊതുജനങ്ങൾക്കായി വീണ്ടും തുറന്നത്.
ബാർബി മൃഗസംരക്ഷണ കേന്ദ്രം തുടങ്ങിയപ്പോൾ ആകെയുണ്ടായിരുന്നത് മൂന്ന് മൃഗങ്ങളായിരുന്നു. രണ്ട് നായ്ക്കളും ഒരു ഗാലഗോയും. എന്നാൽ, ഇപ്പോൾ ഇവിടെ 160 പൂച്ചകൾ, 100 കോഴികൾ, 80 മുയലുകൾ, 16 പന്നികൾ, എട്ട് നായ്ക്കൾ, ആറ് കുതിരകൾ എന്നിവയുൾപ്പെടെ 600 മൃഗങ്ങളാണുള്ളത്. 12 ഏക്കർ വിസ്തൃതിയുള്ള ഈ മൃഗ സംരക്ഷണ സങ്കേതം വെറുമൊരു മൃഗ സംരക്ഷണകേന്ദ്രം മാത്രമല്ല, ഉപേക്ഷിക്കപ്പെട്ടതോ പീഡിപ്പിക്കപ്പെട്ടതോ ആയ മൃഗങ്ങൾക്കുള്ള അഭയകേന്ദ്രം കൂടിയാണ്.
മൃഗങ്ങളെ പരിപാലിക്കാൻ വേണ്ടി എല്ലാ ദിവസവും രാവിലെ 7 മണിക്ക് തന്നെ ബാർബി എഴുന്നേൽക്കും. മിക്ക മൃഗങ്ങളും ഇവിടെ തന്നെ കഴിയുന്നവയാണ്. ഇപ്പോൾ 14 വളണ്ടിയർമാരുണ്ട് ഇവിടെ. എന്നാൽ, ഏകദേശം 20 വർഷത്തോളം ബാർബി ഒറ്റയ്ക്ക് തന്നെയാണ് ഈ മൃഗസംരക്ഷണകേന്ദ്രം നടത്തിപ്പോന്നത്.
മൂന്ന് തവണ ബാർബിക്ക് കാൻസറിനെ നേരിടേണ്ടി വന്നു. വയസ് 90 ആയി. എന്നാൽ, അടുത്തൊന്നും താനീ മൃഗസംരക്ഷണത്തിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് അവൾ പറയുന്നത്. ചില ദിവസങ്ങളിൽ വലിയ ക്ഷീണം അനുഭവപ്പെടും. എന്നാൽ, ഈ മൃഗങ്ങൾ സ്നേഹത്തോടെ വന്ന് തൊട്ടിയുരുമ്മി നിൽക്കുമ്പോൾ ആ ക്ഷീണമെല്ലാം മാറുകയും മറക്കുകയും ചെയ്യുമെന്നും ബാർബി പറയുന്നു.