വളരെ സമ്പന്നരായ ആളുകളെ അവരുടെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു കാമ്പെയ്‌നാണ് ഗിവിംഗ് പ്ലെഡ്ജ്. 

ഓൺലൈൻ ഗ്രാഫിക് ഡിസൈൻ പ്ലാറ്റ്‌ഫോമായ ക്യാൻവ(Canva)യുടെ ഉടമയാണ് മെലാനി പെർകിൻസ്(Melanie Perkins). കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി മെലാനി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴും, രാജ്യത്തെ ഏറ്റവും സമ്പന്നരിൽ ഒരാളാണ് അവൾ. വെറും 34 വയസ് മാത്രമുള്ള മെലാനിയുടെ സമ്പാദ്യം ഇപ്പോൾ 15 ബില്യൺ ഡോളറിൽ അധികമാണ്. ക്യാൻവായുടെ സ്ഥാപക എന്ന നിലയിലും, പ്രചോദനാത്മകമായ ഒരു വനിതാ ബിസിനസ് ലീഡർ എന്ന നിലയിലും അവൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ഇപ്പോൾ മെലാനി വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് ഇതിന്റെ പേരിലല്ല, മറിച്ച് അവൾ സമ്പാദിച്ച ഈ പണത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ പോകുന്നു എന്നതിന്റെ പേരിലാണ്.

അവളുടെ അമ്മ ഓസ്‌ട്രേലിയക്കാരിയും, അച്ഛൻ മലേഷ്യക്കാരനുമാണ്. ഓസ്‌ട്രേലിയയിൽ ജനിച്ച അവൾ സ്‌പ്രേ-ഓൺ ടാറ്റൂകൾ വിറ്റാണ് തന്റെ കരിയർ ആരംഭിച്ചത്. തുടർന്നാണ് ക്യാൻവ എന്ന ആശയം രൂപപ്പെടുന്നത്. പെട്ടെന്ന് തന്നെ അത് വളർന്നു. ഒരു മൾട്ടിനാഷണൽ ടെക് പവർഹൗസിനെ നയിക്കുന്ന ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും ധനികയായ വനിതയായി അവൾ മാറാൻ പിന്നെ താമസമുണ്ടായില്ല. എന്നാൽ, എല്ലാ സ്റ്റാർട്ടപ്പ് സ്ഥാപകർക്കും അറിയാവുന്നതുപോലെ, വിജയത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. ഒരു നിക്ഷേപകനെ തേടിയുള്ള യാത്രയിൽ ഒന്നും രണ്ടും പ്രാവശ്യമല്ല, മറിച്ച് 100 തവണയാണ് അവൾ തിരസ്കരിക്കപ്പെട്ടത്. ക്യാൻവയുടെ ആദ്യ നാളുകളിൽ, പെർകിൻസ് നിക്ഷേപകരെ കണ്ടുമുട്ടാൻ തന്റെ സഹോദരനോടൊപ്പം സാൻ ഫ്രാൻസിസ്കോയിൽ കുറച്ചുകാലം താമസിക്കുകയുണ്ടായി. ആ സമയം 100 നിക്ഷേപകരാണ് അവളെ നിരസിച്ചത്. ഇപ്പോൾ അവർ ആ തീരുമാനത്തിൽ ഖേദിക്കുന്നുണ്ടാവും എന്നതിൽ സംശയമില്ല.

പെർകിൻസും അവരുടെ ഭർത്താവ് ക്ലിഫ് ഒബെറാച്ചും ക്യാൻവയുടെ ഏകദേശം 30 ശതമാനം ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്, ഇത് ഏകദേശം 16.4 ബില്യൺ ഡോളറാണ്. റിപ്പോർട്ടുകൾ അനുസരിച്ച്, ക്രിസ്മസിന് മുമ്പ് കമ്പനി ഏകദേശം 1 ബില്യൺ ഡോളർ വരുമാനം നേടി. എന്നാൽ ഇപ്പോൾ ആ ഓഹരിയുടെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി ചെലവഴിക്കാൻ ഭാര്യയും, ഭർത്താവും തീരുമാനിക്കുന്നു. തന്റെ ജീവിതം തികച്ചും എളിമയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന പെർകിൻസ് തന്റെ സമ്പത്തിന്റെ മുക്കാലും ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായി അവൾ ബിൽ ഗേറ്റ്‌സിന്റെ ഗിവിംഗ് പ്ലെഡ്ജിൽ ചേർന്നു.

വളരെ സമ്പന്നരായ ആളുകളെ അവരുടെ സമ്പത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു കാമ്പെയ്‌നാണ് ഗിവിംഗ് പ്ലെഡ്ജ്. 2021 ജനുവരി വരെ, 28 രാജ്യങ്ങളിൽ നിന്ന് 231 പേർ ഇതിന്റെ ഭാഗമായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ശതകോടീശ്വരന്മാരാണ്. ഡിസംബറിലാണ് ബിൽ ഗേറ്റ്‌സിന്റെ ഗിവിംഗ് പ്ലഡ്ജിനായി ദമ്പതികൾ സൈൻ അപ്പ് ചെയ്തത്. ലോകത്ത് സാധ്യമായ രീതിയിൽ ആളുകളുടെ പട്ടിണി ഇല്ലാതാക്കാനാണ് അവർ ഈ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.

"ലോകത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളും പരിഹരിക്കാൻ ആവശ്യമായ പണവും നല്ല മനസ്സും ഇവിടെ തന്നെ ഉണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇത് ഒരു വലിയ അവസരമല്ല, മറിച്ച് ഒരു പ്രധാനപ്പെട്ട ഉത്തരവാദിത്തമായി ഞങ്ങൾ കാണുന്നു. അതിനായി ഞങ്ങളുടെ ജീവിതകാലം ചെലവഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" പെർകിൻസ് പറഞ്ഞു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനും കമ്പനി മുൻഗണന നൽകുന്നുവെന്ന് ഭർത്താവ് കൂട്ടിച്ചേർത്തു.