മദ്യപിച്ച് നടുറോഡിൽ റഷ്യൻ യുവതിയുടെ പരാക്രമം, കാറോടിച്ച യുവാവും മദ്യപിച്ചു, അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്
നന്നായി മദ്യപിച്ച ഇവരെ അനുനയിപ്പിക്കാൻ കൂടെയുണ്ടായിരുന്നതാണെന്ന് കരുതുന്ന വക്കീലും ശ്രമിക്കുന്നതും കാണാം. സംഭവസ്ഥലത്ത് ഒരുപാട് ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുന്നതും അശ്രദ്ധമായി വാഹനമോടിക്കുന്നതുമെല്ലാം വലിയ അപകടങ്ങൾക്ക് കാരണമായിത്തീർന്നേക്കാം. കഴിഞ്ഞ ദിവസം റായ്‍പൂരിൽ നടന്ന ഒരു അപകടത്തിന് പിന്നാലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. വേഗത്തിൽ വന്ന കാർ സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്നുപേരെ ഇടിച്ചിടുകയായിരുന്നു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കാറിൽ സഞ്ചരിച്ചിരുന്നത് ഒരു അഭിഭാഷകനും ടൂറിസ്റ്റ് വിസയിൽ എത്തിയ ഒരു റഷ്യൻ യുവതിയുമാണ്. രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നല്ല വേഗത്തിലാണ് കാർ വന്നത്. പിന്നാലെ സ്കൂട്ടറിൽ ചെന്ന് ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ ഇടിക്കുന്നതിന് മുമ്പ് യുവതി യുവാവിന്റെ മടിയിലിരിക്കുകയായിരുന്നു, അതിനാൽ യുവാവിന് റോഡ് കാണാൻ ബുദ്ധിമുട്ടായിരുന്നു എന്നും ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ പൊലീസും സംഭവസ്ഥലത്തെത്തി. ഇവിടെ നിന്നും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ റഷ്യക്കാരിയായ യുവതി പൊലീസിനോട് കയർക്കുന്നത് കാണാം. അവർ പൊലീസിനോടൊപ്പം സ്റ്റേഷനിലേക്ക് പോകാൻ തയ്യാറായിരുന്നില്ല. പൊലീസ് തങ്ങളോട് സഹകരിക്കാൻ പറയുന്നുണ്ട്. അതിനിടയിൽ വനിതാ കോൺസ്റ്റബിളുമായി എത്തി യുവതിയെ കൊണ്ടുപോകാൻ ആരോ പറയുന്നതും കേൾക്കാം.
'തന്റെ ഫോൺ തരൂ' എന്നും യുവതി പറയുന്നുണ്ട്. പിന്നാലെ കരയുകയും ബഹളം വയ്ക്കുകയും ചെയ്യുന്നുണ്ട്. നന്നായി മദ്യപിച്ച ഇവരെ അനുനയിപ്പിക്കാൻ കൂടെയുണ്ടായിരുന്നതാണെന്ന് കരുതുന്ന വക്കീലും ശ്രമിക്കുന്നതും കാണാം. സംഭവസ്ഥലത്ത് ഒരുപാട് ആളുകൾ തടിച്ചു കൂടിയിട്ടുണ്ട്. റഷ്യൻ യുവതി ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത് എന്നാണ് കരുതുന്നത്.
പിന്നീട്, കാറോടിച്ചിരുന്ന യുവാവിനെയും റഷ്യൻ യുവതിയേയും കസ്റ്റഡിയിൽ എടുത്തു. തെലിബന്ധ പോലീസിന്റെ അധികാര പരിധിയിലാണ് അപകടം നടന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
