മത്സ്യത്തൊഴിലാളികൾ ഡോൾഫിനെയും കൊണ്ടുപോകവെ അതുവഴി കടന്നുപോവുകയായിരുന്ന ആളുകളാണ് അത് ക്യാമറയിൽ പകർത്തിയത്.

ചില മൃ​ഗങ്ങളെ, ജീവികളെ ഒക്കെ പിടിക്കുന്നതും കഴിക്കുന്നതും ഒക്കെ നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. മിക്കവാറും വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൊല്ലുന്നതും മറ്റും കുറ്റമാണ്. അതുപോലെ ഉത്തർ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികൾ യമുനാ നദിയിൽ നിന്നും ഡോൾഫിനെ പിടിച്ച് പാകം ചെയ്തു കഴിച്ചതിന്റെ പേരിൽ നിയമനടപടികൾ നേരിടുകയാണ്. തിങ്കളാഴ്ച പൊലീസ് തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. പിന്നാലെ പൊലീസ് ഇത് ചെയ്തവർക്ക് വേണ്ടി അന്വേഷണം ആരംഭിക്കുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. ചൈൽ ഫോറസ്റ്റ് ഓഫീസർ രവീന്ദ്ര കുമാർ തിങ്കളാഴ്ച പരാതി നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

ജൂലൈ 22 -ന് രാവിലെ യമുനയിൽ നിന്നും മീൻ പിടിക്കുകയായിരുന്നു നസീർപൂർ ​ഗ്രാമത്തിൽ നിന്നുമുള്ള നാല് മത്സ്യത്തൊഴിലാളികൾ. ആ സമയത്താണ് ഡോൾഫിൻ ഇവരുടെ വലയിൽ കുടുങ്ങിയത് എന്ന് പിപ്രി എസ്എച്ച്ഒ ശ്രാവൺ കുമാർ സിംഗ് പറഞ്ഞു. പിന്നാലെ അവർ ഡോൾഫിനെ തങ്ങളുടെ ചുമലിലേറ്റി വന്നു, ശേഷം വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയും ചെയ്തു. 

Scroll to load tweet…

മത്സ്യത്തൊഴിലാളികൾ ഡോൾഫിനെയും കൊണ്ടുപോകവെ അതുവഴി കടന്നുപോവുകയായിരുന്ന ആളുകളാണ് അത് ക്യാമറയിൽ പകർത്തിയത്. ഫോറസ്റ്റ് റേഞ്ചറുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത് കുമാർ, സഞ്ജയ്, ദീവൻ, ബാബ എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് പിടിഐയോട് പറഞ്ഞു.

രഞ്ജിത് കുമാർ പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റുള്ള മൂന്നുപേർക്ക് വേണ്ടി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സംഭവം ഇന്റർനെറ്റിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി എത്തിയിരിക്കുന്നത്.