ഓസ്ട്രേലിയയിലെ ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ആണ് കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പൂച്ചകളുടെ സഹായവും ഉപയോഗപ്പെടുത്താം എന്ന കണ്ടെത്തല്‍ നടത്തിയത്.

ലോകത്തിലെ ഏതു രാജ്യത്തായാലും പോലീസ് സേനയിലെ ഒഴിച്ചുകൂടാന്‍ ആവാത്ത ഒരു വിഭാഗമാണ് നായ്ക്കള്‍. പോലീസ് നായ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഏതു കുറ്റവാളിയും ഒന്ന് ഞെട്ടും. കാരണം അത്ര വേഗത്തിലൊന്നും ആശാന്റെ കയ്യില്‍ നിന്നും ആര്‍ക്കും രക്ഷപെടാന്‍ ആവില്ല. 

ഏത് കൊലകൊമ്പനെയും പുഷ്പം പോലെ മണം പിടിച്ചു കണ്ടെത്താനുള്ള കഴിവ് നായ്ക്കള്‍ക്ക് ഉണ്ട് . അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്ത് പോലീസ് നായ എത്തി പരിശോധിച്ചു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇനി കുറ്റവാളികളിലേക്ക് അധികം ദൂരമില്ല എന്നൊരു തോന്നല്‍ എല്ലാവരിലും ഉണ്ടാകും. ഇങ്ങനെയൊക്കെ ആയതുകൊണ്ട് തന്നെ മൃഗങ്ങള്‍ക്കിടയില്‍ ഒരു വിഐപി പരിഗണന നായ്ക്കള്‍ക്ക് എപ്പോഴും ലഭിക്കാറുണ്ട്.

എന്നാല്‍ ഇത്തരം കഴിവ് നായ്ക്കള്‍ക്ക് മാത്രമല്ല ഉള്ളത് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. നായ്ക്കളെ പോലെ തന്നെ പൂച്ചകള്‍ക്കും കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ പോലീസിനെ സഹായിക്കാന്‍ ആകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഓസ്ട്രേലിയയിലെ ഫ്ലിന്‍ഡേഴ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ആണ് കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പൂച്ചകളുടെ സഹായവും ഉപയോഗപ്പെടുത്താം എന്ന കണ്ടെത്തല്‍ നടത്തിയത്. ഹെയ്ഡി മോങ്ക്മാന്‍, റോളണ്ട് എ.എച്ച് വാന്‍ ഓര്‍ഷോട്ട്, മരിയ ഗൊരേ എന്നീ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ പഠനം നടത്തിയത്.

 പൂച്ചകളുടെ രോമങ്ങളില്‍ നിന്ന് അവരുടെ സമീപത്തുണ്ടായിരുന്ന ഒരു വ്യക്തിയുടെ ജനിതക വസ്തുക്കളുടെ അടയാളങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന് പഠനത്തില്‍ അവര്‍ കണ്ടെത്തി.

15 വീടുകളില്‍ നിന്നുള്ള 20 പൂച്ചകളില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. ഇതിനായി ഓരോ വീടുകളും സന്ദര്‍ശിച്ച് പൂച്ചകളില്‍ നിന്നും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചത് ഗവേഷണത്തിനായി വീട്ടിലെത്തിയ ആരുടെയെങ്കിലും ചര്‍മ്മ കോശങ്ങള്‍ അവിടുത്തെ പൂച്ചകളിലേക്ക് മാറിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു. ഇതിന് പുറമേ ഓരോ പൂച്ചകളുടെയും സ്വഭാവ സവിശേഷതകള്‍ മനസ്സിലാക്കുന്നതിനായി വീട്ടുടമസ്ഥരില്‍ നിന്ന് വിശദമായ ചോദ്യാവലിയും പൂരിപ്പിച്ചു വാങ്ങി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൂച്ചകളില്‍ നിന്നും ശേഖരിച്ച 80 ശതമാനം സാമ്പിളുകളില്‍ നിന്നും മനുഷ്യരുടെ ചര്‍മകോശങ്ങളുടെ അംശം കണ്ടെത്തി.

ഡിഎന്‍എ കൈമാറ്റത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ എത്രമാത്രം പങ്കുവഹിക്കുന്നു എന്നതിനെ കുറിച്ചുള്ള ആദ്യ പഠനമായതിനാല്‍ ഈ ഗവേഷണ റിപ്പോര്‍ട്ട് ശുഭസൂചനയാണ് നല്‍കുന്നത്. എന്തായാലും പൂച്ചകള്‍ക്ക് വീട്ടിലുള്ളവരുടെയും അവിടുത്തെ സമീപകാല സന്ദര്‍ശകരുടെയും സാന്നിധ്യവും പ്രവര്‍ത്തനവും കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ആകുമെന്നാണ് ഫോറന്‍സിക് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.