സന്ദീപിന്റെ ഉത്സാഹം കണ്ടപ്പോൾ എന്നാൽ അയാളുടെ കഴിവുകൾ പരിശോധിക്കാം എന്ന് അഗർവാൾ തീരുമാനിച്ചു. സാധാരണപോലെ അപേക്ഷ അയാക്കാൻ പറയുകയോ, അഭിമുഖത്തിന് ഹാജരാവാൻ പറയുകയോ ഒന്നും അദ്ദേഹം ചെയ്തില്ല.
പെണ്ണുകാണാൻ പോയ സ്ഥലത്ത് നിന്നും പാചകക്കാരനെയും കൊണ്ടുപോയ ചെറുക്കനെ നമ്മൾ കണ്ടത് 'സാൾട്ട് ആൻഡ് പെപ്പർ' എന്ന സിനിമയിലാണ്. എന്നാൽ, പ്രിന്റർ വാങ്ങാൻ പോയ ഒരു സിഇഒ ഒരു യുവാവിനെ ജോലി നൽകി കൂടെക്കൂട്ടിയ സംഭവമാണ് ദില്ലിയിൽ ഉണ്ടായിരിക്കുന്നത്.
'അൺസ്റ്റോപ്പി'ൻ്റെ സിഇഒ ആയ അങ്കിത് അഗർവാൾ ആണ് താൻ യുവാവിനെ എങ്ങനെയാണ് ജോലിക്കെടുത്തത് എന്ന കാര്യം ലിങ്ക്ഡ്ഇനിൽ ഷെയർ ചെയ്തിരിക്കുന്നത്. ഉടനടി തന്നെ ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഒരു പ്രിൻ്റർ വാങ്ങാനായി ഇലക്ട്രോണിക്സ് കടയിൽ പോയതാണ് അഗർവാൾ. എന്നാൽ ഒരു പ്രിന്റർ വാങ്ങുക മാത്രമല്ല അഗർവാൾ അവിടെ ചെയ്തത്, തന്റെ ടീമിലേക്കുള്ള പുതിയൊരാളെ കൂടി കണ്ടെത്തിയിട്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
റിലയൻസ് ഡിജിറ്റലിലാണ് അഗർവാൾ പ്രിന്റർ വാങ്ങാൻ ചെന്നത്. അദ്ദേഹത്തിന്റെ സഹായത്തിനായി അവിടെ എത്തിയത് സന്ദീപ് എന്ന യുവാവാണ്. സംസാരിക്കവെ ഫ്രണ്ട് എൻഡ് ഡെവലപ്മെന്റിലുള്ള തന്റെ കഴിവിനെ കുറിച്ചും താല്പര്യത്തെ കുറിച്ചും യുവാവ് സൂചിപ്പിച്ചു. താൻ അതിൽ ജോലി അവസരങ്ങൾ തേടുകയാണ് എന്നും സന്ദീപ് പറഞ്ഞത്രെ.
സന്ദീപിന്റെ ഉത്സാഹം കണ്ടപ്പോൾ എന്നാൽ അയാളുടെ കഴിവുകൾ പരിശോധിക്കാം എന്ന് അഗർവാൾ തീരുമാനിച്ചു. സാധാരണപോലെ അപേക്ഷ അയാക്കാൻ പറയുകയോ, അഭിമുഖത്തിന് ഹാജരാവാൻ പറയുകയോ ഒന്നും അദ്ദേഹം ചെയ്തില്ല. അദ്ദേഹം സന്ദീപിനോട് ഒരു അസൈൻമെൻ്റെന്ന നിലയിൽ തങ്ങൾക്കായി ഒരു ചെറിയ ആപ്പ് നിർമ്മിക്കാനാണ് ആവശ്യപ്പെട്ടത്.
സന്ദീപ് അഗർവാളിനെ നിരാശനാക്കിയില്ല. അതോടെ അവന്റെ കഴിവ് മനസിലാക്കിയ അഗർവാൾ അൺസ്റ്റോപ്പിലേക്ക് അവനെ ക്ഷണിക്കുകയായിരുന്നു. പോസ്റ്റിൽ അഗർവാൾ പറയുന്നത്, ഇതൊന്നും താൻ പ്ലാൻ ചെയ്തതായിരുന്നില്ല. കഴിവുള്ളവർ എവിടെയും ഉണ്ടാവും. ചിലപ്പോൾ ഒരു സാധാരണ സംഭാഷണം മതിയാവും അവരെ കണ്ടെത്താൻ എന്നാണ്.
