അധ്യാപകര്‍ വന്ന് ക്ലാസ് എടുക്കാത്ത, ബാഗോ പുസ്തകങ്ങളോ കൊണ്ടുവരേണ്ടതില്ലാത്ത സ്‌കൂള്‍ എന്ന ഒരിക്കലും നടക്കാനിടയില്ലാത്ത ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ് ചത്തിസ്ഗഢില്‍. 

പഠനം ഒട്ടുമില്ലാത്ത ക്ലാസ്‌റൂം. കൊടും പഠിപ്പിസ്റ്റുകള്‍ അല്ലാത്ത ഒട്ടുമിക്ക കുട്ടികളുടെയും സ്വപ്‌നമാണ് അങ്ങനെയൊന്ന്. അധ്യാപകര്‍ വന്ന് ക്ലാസ് എടുക്കാത്ത, ബാഗോ പുസ്തകങ്ങളോ കൊണ്ടുവരേണ്ടതില്ലാത്ത സ്‌കൂള്‍ എന്ന ഒരിക്കലും നടക്കാനിടയില്ലാത്ത ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയാണ് ചത്തിസ്ഗഢില്‍. 

ഇതു കേട്ടാല്‍, ഒറ്റ ദിവസവും ക്ലാസ് നടക്കാത്ത സ്‌കൂള്‍ ആണ് ഉദ്ദേശിക്കുന്നതെന്ന് ആരും കരുതേണ്ട. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ഈ ആനുകൂല്യം. അതെ, ശനിയാഴ്ച ഇനി കുട്ടികള്‍ ബാഗുമായി സ്‌കൂളില്‍ വരണ്ട. അന്ന് കളികളുടെയും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും ദിവസമാണ്. കുട്ടികള്‍ക്ക് അന്ന് അവരിഷ്ടപ്പെട്ട രീതിയില്‍ പാട്ടും കഥപറച്ചിലും കളികളുമായി സ്‌കൂളിലിരിക്കാം. ഓടി നടക്കാം. 

ചത്തിസ്ഗഢിലെ വിഭ്യാഭ്യാസ വകുപ്പാണ് പുതിയ തീരുമാനത്തിന് പിന്നില്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ ബാഗ് രഹിത സ്‌കൂള്‍ ദിനമായി ആചരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുപ്രകാരം, അന്ന് സ്‌കൂളില്‍ വരുമ്പോള്‍ പുസ്തകങ്ങളോ ബാഗോ കൊണ്ടുവരേണ്ടതില്ല. പകരം, അന്ന് കുട്ടികള്‍ക്കിഷ്ടമുള്ള കാര്യങ്ങളായിരിക്കും സ്‌കൂളില്‍ നടക്കുക. പല തരം കളികള്‍, യോഗ, കലാപരിപാടികള്‍, കഥപറച്ചില്‍, മല്‍സരങ്ങള്‍ എന്നിവയുടെ ദിവസമായിരിക്കും അത്. കുട്ടികള്‍ വരയ്ക്കുന്ന സൃഷ്ടികള്‍, എഴുതുന്ന കഥകള്‍ കവിതകള്‍ എന്നിവയൊക്കെ അന്ന് സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാവും. അതോടൊപ്പം, പ്രദേശത്തുള്ള കലാകാരന്‍മാര്‍, കായിക താരങ്ങള്‍, വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രഗത്ഭര്‍ എന്നിവരെയൊക്കെ ആ ദിവസം അതിഥികളായി സ്‌കൂളുകളിലേക്ക് ക്ഷണിക്കും. അവരുമായുള്ള കുട്ടികളുടെ സംവാദങ്ങള്‍, അനുഭവം പങ്കുവെക്കുന്ന പരിപാടികള്‍ എന്നിവ നടക്കും. ഇതോടൊപ്പം കഥ പറയാനും പാട്ടു പാടാനും കവിത ചൊല്ലാനും ഒക്കെ ആ ദിവസം കുട്ടികള്‍ക്ക് അവസരം ലഭിക്കും. 

കുട്ടികളെ കൂടുതലായി സ്‌കൂളിലേക്ക് അടുപ്പിക്കാനാണ് ബാഗ് രഹിത ശനിയാഴ്ച എന്ന പരിപാടി വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തത്. കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരാനുള്ള മടി ഇല്ലാതാക്കുക, അവരുടെ ദിവസങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാക്കുക, പഠനഭാരം ലഘൂകരിക്കുക തുടങ്ങിയവയാണ് മറ്റ് ലക്ഷ്യങ്ങള്‍. ഇതിനായി എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കും പ്രത്യേക നിര്‍േദശം നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഹെഡ്മാസ്റ്റര്‍മാെര ചുമതലപ്പെടുത്തുകയും ചെയ്തു. കിട്ടാവുന്ന സാധ്യതകള്‍ എല്ലാം ഉപയോഗിച്ച് സ്‌കൂള്‍ ദിവസങ്ങള്‍ ഉല്‍സവമാക്കാനാണ് സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടത്. കുട്ടികളുടെ ദിവസമായി ശനിയാഴ്ചയെ മാറ്റാനാണ് പദ്ധതിയെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.