ആ പിഞ്ചുപെൺകുട്ടിയോട് അവൻ ചെയ്തതിന്റെ പേരിൽ അവർ അവനെ കൊല്ലാനും മടിക്കില്ലെന്ന് അധികൃതർ പറയുന്നു. അതുകൊണ്ട് തന്നെ അവനെ മറ്റാരുമായും അടുപ്പിച്ചിരുന്നില്ല. തനിക്കെതിരെയാണ് എല്ലാവരും എന്ന് മനസ്സിലാക്കിയ ആരോൺ മുറിവിട്ടു പോകാൻ ഭയപ്പെട്ടു.
ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഒരു കുറ്റവാളിയെ ക്രൂരമായി മർദ്ദിച്ച് സഹതടവുകാരൻ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അയാളെ ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കോട്ട്‌ലൻഡിലെ ഫാൽകിർക്കിന് സമീപമുള്ള പോൾമോണ്ട് യംഗ് ഒഫൻഡേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് (Polmont Young offenders institute) സംഭവം.
ആരോൺ കാംപ്‌ബെൽ (child killer Aaron Campbell) എന്ന ഇരുപതുകാരനാണ് മർദ്ദനമേറ്റത്. സഹതടവുകാരൻ കൊലപാതകിയെ തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ കുറ്റവാളിയുടെ മുൻപല്ലുകൾ ചുണ്ടിൽ തുളഞ്ഞു കയറി. വേദനകൊണ്ട് പുളയുന്ന അയാളെ ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ആരോണിനെ മർദ്ദിച്ച് അവശനാക്കിയതിനെ തുടർന്ന് ആക്രമണകാരിയ്ക്ക് തടവുകാർക്കിടയിൽ ഇപ്പോൾ ഒരു നായകന്റെ പരിവേഷമാണ്. 2018 ജൂലൈയിൽ ആറു വയസ്സ് മാത്രം പ്രായമുള്ള അലേഷ മാക്‌ഫെയിലിനെ അവളുടെ കിടക്കയിൽ നിന്ന് നിഷ്‌കരുണം തട്ടിക്കൊണ്ടുപോയി ആരോൺ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് ഒരു ഹോട്ടലിന്റെ മൈതാനത്ത് അവളുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അവളുടെ കുഞ്ഞു ശരീരത്തിൽ 117 മുറിവുകളുണ്ടായിരുന്നു.
2019 ഫെബ്രുവരിയിൽ ഗ്ലാസ്‌ഗോയിലെ ഹൈക്കോടതി ഒമ്പത് ദിവസത്തെ വിചാരണക്കൊടുവിൽ അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർന്ന് അയാളെ 27 വർഷത്തേക്ക് ശിക്ഷിച്ചു. പിന്നീട് ശിക്ഷ 24 വർഷമായി ചുരുക്കി. ജയിലിൽ നടന്ന ആക്രമണത്തെക്കുറിച്ച് 79 വയസുള്ള അലേഷയുടെ മുത്തച്ഛൻ ജോർജ്ജ് ലോച്രെൻ പറഞ്ഞു: "അവൻ വേദനിക്കണം. അവൻ കഷ്ടപ്പെടുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." അവൻ അർഹിക്കുന്നത് തന്നെയാണ് അവന് കിട്ടിയതെന്ന് ജയിലിലുള്ളവരും അഭിപ്രായപ്പെട്ടു. ജയിലിലെ സഹതടവുകാർക്കെല്ലാം അവനോട് പകയുണ്ടായിരുന്നു. ഒരു കൊച്ചുകുട്ടിയെ പിച്ചിച്ചീന്തിയ അവനെ വകവരുത്താൻ അവനോടൊപ്പമുള്ളവർ തക്കം പാർത്തിരിക്കയായിരുന്നു. അതുകൊണ്ട് തന്നെ അവനെ ഒരു മുറിയിൽ ഒറ്റക്കാണ് പാർപ്പിച്ചിരുന്നത്.
ആ പിഞ്ചുപെൺകുട്ടിയോട് അവൻ ചെയ്തതിന്റെ പേരിൽ അവർ അവനെ കൊല്ലാനും മടിക്കില്ലെന്ന് അധികൃതർ പറയുന്നു. അതുകൊണ്ട് തന്നെ അവനെ മറ്റാരുമായും അടുപ്പിച്ചിരുന്നില്ല. തനിക്കെതിരെയാണ് എല്ലാവരും എന്ന് മനസ്സിലാക്കിയ ആരോൺ മുറിവിട്ടു പോകാൻ ഭയപ്പെട്ടു. എന്നിട്ടും അധികാരികളുടെ കണ്ണ് വെട്ടിച്ച് ഒരു സഹതടവുകാരൻ അവനെ ആക്രമിക്കുകയായിരുന്നു. വിചാരണവേളയിൽ, ആരോൺ അല്പം പോലും കുറ്റബോധം പ്രകടിപ്പിച്ചിരുന്നില്ലെന്ന് ജഡ്ജി ലോർഡ് മാത്യൂസ് ഓർക്കുന്നു. "കണക്കുകൂട്ടി പ്രവർത്തിക്കുന്ന, അനുതാപമില്ലാത്ത, അപകടകാരി" എന്നാണ് അയാളെ ജഡ്‌ജി വിശേഷിപ്പിച്ചത്.
അതേസമയം ഇത്തരം ആക്രമണസംഭവങ്ങൾക്ക് പേരുകേട്ടതാണ് പോൾമോണ്ട് ജയിൽ. 16 -നും 21 -നും ഇടയിൽ പ്രായമുള്ള പുരുഷ കുറ്റവാളികളെ പാർപ്പിക്കുന്ന ഇടമാണ് അത്. നാല് വർഷത്തിനിടെ അഞ്ച് അന്തേവാസികളാണ് അവിടത്തെ ജീവിതം മടുത്ത് ആത്മഹത്യ ചെയ്തത്. 'ഞാൻ ചെറുപ്പത്തിൽ പോൾമോണ്ടിലായിരുന്നു. ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും അക്രമാസക്തവും തരംതാഴ്ന്നതും മാനസിക ആഘാതം ഉണ്ടാക്കുന്നതുമായ അന്തരീക്ഷമാണ് അവിടെയുള്ളത്' അവിടത്തെ ഒരു മുൻ തടവുകാരൻ സൺഡേ മെയിലിനോട് പറഞ്ഞിരുന്നു.
