'ചിൽഡ്രൻ ഓഫ് ഗോഡ്' എന്ന കൾട്ടിൽ ജനിച്ച സെറീന കെല്ലി എന്ന പെൺകുട്ടിയുടെ ഞെട്ടിക്കുന്ന അനുഭവക്കുറിപ്പാണിത്. മൂന്നാം വയസ്സിൽ കൾട്ട് തലവനായ ഡേവിഡ് ബെർഗിനെ വിവാഹം കഴിക്കേണ്ടി വന്നതും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതും അവർ വെളിപ്പെടുത്തുന്നു.
ആൾദൈവങ്ങൾക്ക് ലോകമെങ്ങും എല്ലാക്കാലത്തും ആരാധകരുണ്ട്. ആദ്യത്തെ ആവേശം ഒന്നടങ്ങുമ്പോൾ പിന്നീട് ഇത്തരം ആൾദൈവങ്ങളെ കുറിച്ച് തികച്ചും വ്യത്യസ്തമായ അനുഭനക്കുറിപ്പുകളാണ് പുറത്ത് വരുന്നതും. സമാനമായൊരു അനുഭവ കഥയാണ്. 1960 -ൽ യുഎസില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന 'ചിൽഡ്രന്‍ ഓഫ് ഗോഡ്' എന്ന മതവിഭാഗത്തിന്‍റെ ആൾദൈവമായ ഡേവിഡ് ബെർഗിനെതിരെ പുറത്ത് വന്നതും അത്തരം ആരോപണങ്ങളാണ്. ഡേവിഡ് ബെർഗ് തന്‍റെ കൾട്ടിൽ അറിയപ്പെട്ടിരുന്നത് മുത്തച്ഛനെന്നായിരുന്നു. പീഡോഫീലിക്ക് ആയിരുന്നു ഇയാളെന്നാണ് പുറത്ത് വരുന്ന അനുഭവക്കുറിപ്പുകൾ പറയുന്നത്.
മൂന്നാം വയസിലെ വിവാഹം
ക്രൂരമായ പ്രത്യേകിച്ചും കുട്ടികളോട് അങ്ങേയറ്റം നീചമായ ആചാരങ്ങൾക്ക് കുപ്രസിദ്ധമാണ് 'ചിൽഡ്രൻ ഓഫ് ഗോഡ്'. ഈ കൾട്ടിലാണ് സെറീന കെല്ലി എന്ന പെണ്‍കുട്ടി 1983 -ൽ ജനിച്ചത്. എന്നാല്‍, താന്‍ ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ കൾട്ട് ദൈവമായ മുത്തച്ഛന്‍റെ വധുവായി നിശ്ചയിക്കപ്പെട്ടിരുന്നെന്നും തനിക്ക് മൂന്ന് വയസ് തികയും മുമ്പ് തന്നെ അദ്ദേഹവുമായുള്ള വിവാഹം കഴിഞ്ഞിരുന്നെന്നും സെറീന വെളിപ്പെടുത്തുന്നു. മൂന്നാം വയസില്‍ വിവാഹിതയാകുമ്പോൾ ഡേവിഡ് ബെർഗിന് തന്നേക്കാൾ 65 വയസ് കുടുതലുണ്ടായിരുന്നു. അന്ന് മുതല്‍ താന്‍ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കപ്പെട്ടു. ഈ സമയത്ത് തന്‍റെ മൂത്ത സഹോദരിയും ഡോവിഡിന്‍റെ ഭാര്യയായിരുന്നെന്നും സെറീന പറയുന്നു.
സ്നേഹത്തിന് പരിധികളില്ല
സ്നേഹത്തിന് പ്രായത്തിന്‍റെയോ ബന്ധത്തിന്‍റെയോ പരിധികളില്ലെന്നാണ് ഡേവിഡിന്‍റെ മതം. കുട്ടികളെ വളർത്തുന്നതിനുള്ള 'ശരിയായ വഴി'യുടെ മാതൃകയാണ് തന്‍റെതെന്നായിരുന്നു അയാൾ അവകാശപ്പെട്ടിരുന്നത്. കുട്ടികളെ വളരെ ചെറുപ്പത്തിൽ തന്നെ ലൈംഗികമായി ഉണർത്തണമെന്നാണ് ഡേവിഡ് പ്രചരിപ്പിച്ചിരുന്നത്. തനിന്‍റെ ഭാഗമായിരുന്നു മൂന്നാം വയസിലെ തന്‍റെ വിവാഹം. അതും തന്‍റെ അമ്മയുടെ പൂർണ്ണ സമ്മതത്തോടെയെന്നും സെറീനയെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
"അയാൾ എനിക്ക് ഒരു മോതിരം തന്നു, അങ്ങനെ ഔപചാരിക ചടങ്ങ് നടത്തി. കൾട്ടിൽ അതൊരു വലിയ ബഹുമതിയായി കണക്കാക്കപ്പെട്ടു. എല്ലാവരും അതിൽ വളരെ ആവേശത്തിലായിരുന്നു. അന്ന് എനിക്ക് കഷ്ടിച്ച് മൂന്ന് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, എനിക്ക് ഒരു പാവയെ തന്നു. അത് എനിക്ക് വളരെ പ്രത്യേകതയുള്ളതായിരുന്നു. കാരണം, കൾട്ടിൽ ഞങ്ങൾക്ക് ഒരിക്കലും അധികം കളിപ്പാട്ടങ്ങൾ ലഭിച്ചിരുന്നില്ല." സെറീന പറയുന്നു. വളർന്നു വന്നപ്പോഴാണ് തനിക്ക് ചുറ്റുമുള്ളവരെല്ലാം നഗ്നരായി വൃത്തികെട്ട അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞു.
ഇതെല്ലാം കുട്ടികളായിരിക്കുമ്പോൾ തന്നെ കൾട്ടിലുള്ളവരെ ലൈംഗീകമായി സജ്ജമാക്കാനുള്ള ഡേവിഡിന്‍റെ തന്ത്രത്തിന്‍റെ ഭാഗമായിരുന്നെന്ന് സെറീന "അൺഫിൽട്ടേർഡ് സ്റ്റോറീസ്"-നോട് പറയുന്നു. താന്‍ ചെറുപ്പത്തില്‍ തന്നെ ലൈംഗീകമായി ദുരുപയോഗം ചെയ്യപ്പെട്ടു. പക്ഷേ. ആര്‍ക്കും പരാതികളുണ്ടായിരുന്നില്ല. കാരണം താന്‍ 'മുത്തച്ഛന്' വേണ്ടി സൃഷ്ടിക്കപ്പെട്ടവളാണെന്നാണ് കൾട്ടിലുള്ളവരെ വിശ്വസിപ്പിച്ചിരുന്നതെന്നും സെറീന കൂട്ടിച്ചേര്‍ക്കുന്നു.
രക്ഷപ്പെടൽ
കുട്ടിക്കാലത്തെ ഈ അനുഭവങ്ങൾക്ക് ശേഷം സെറീന കൾട്ട് പ്രവർത്തനങ്ങൾക്കായി യുഎസില്‍ നിന്നും ജപ്പാൻ, ബ്രസീൽ എന്നിങ്ങനെ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. 1989-ൽ, ആറാമത്തെ വയസ്സിൽ ബ്രസീലിലെത്തി. പക്ഷേ പിന്നീട് ഒരിക്കലും അവൾ ഡേവിഡിനെ കണ്ടിട്ടില്ല. 1994 -ല്‍ ഡേവിഡ് മരിച്ചു. 18-ാം വയസ്സിൽ, ബ്രസിലില്‍ നിന്നും അമ്മയോടൊപ്പം യുഎസിലേക്ക് താമസം മാറുന്നതിനിടെ നിരവധി യാത്രകൾ ചെയ്തു. ഒടുവില്‍ മുന്‍ കൾട്ട് അംഗങ്ങളുടെ പിന്തുണയോടെ അവൾ പുതിയൊരു ജീവിതത്തിന് ശ്രമം തുടങ്ങി. 2013 -ല്‍ ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനിൽ ഒരു കോഴ്‌സ് പൂർത്തിയാക്കി, ജോലി നേടി. പിന്നീട് അമ്മയില്‍ നിന്നും വേർപിരിഞ്ഞു. ഇനി പഴയ കാലത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ലെന്ന് സെറീന പറയുന്നു.


