മരിച്ചെന്ന് കരുതി സംസ്കരിക്കാനായി തായ്‌ലൻഡിലെ ഒരു ക്ഷേത്രത്തിലെത്തിച്ച 65-കാരി ശവപ്പെട്ടിയിൽ തട്ടിവിളിച്ച് ജീവിതത്തിലേക്ക് മടങ്ങിവന്നു. രണ്ട് ദിവസമായി പ്രതികരണമില്ലാതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ മരിച്ചെന്ന് കരുതിയത്.
മരിച്ചെന്ന് കരുതി സംസ്ക്കരിക്കാൻ കൊണ്ട് പോയ 65 -കാരി ശവപ്പെട്ടിയില്‍ നിന്നും തട്ടിവിളിച്ചതിനെ തുടർന്ന് ജീവിതത്തിലേക്ക് തിരികെയെത്തി. തായ്‌ലൻഡിലെ നോന്താബുരിയിലുള്ള ഒരു ബുദ്ധക്ഷേത്രത്തിൽ ആണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം. സംസ്കരിക്കുന്നതിനായി കൊണ്ട് പോകും വഴിയാണ് ഇവര്‍ തന്‍റെ ശവപ്പെട്ടിയില്‍ തട്ടി ശബ്ദമുണ്ടാക്കിയത്. ഇതേ തുടർന്ന് ശവപ്പെട്ടി തുറന്ന് നോക്കിയപ്പോൾ കണ്ണ് തുറന്ന് കൈ വിരലുകൾ അനക്കുന്ന സ്ത്രീയെയാണ് കണ്ടെത്തിയത്.
ശവപ്പെട്ടിയിൽ സഞ്ചരിച്ചത് 362 കിമി ദൂരം
ഏകദേശം രണ്ട് വർഷമായി കിടപ്പിലായിരുന്നു ചോന്തിറോട്ട് എന്ന സ്ത്രീ. രണ്ട് ദിവസമായി ഒരു പ്രതികരണവും ചോന്തിറോട്ടില്‍ നിന്നും ഉണ്ടായിരുന്നില്ല. പിന്നാലെ ഇവർ ശ്വാസോച്ഛ്വാസം എടുക്കുന്നില്ലെന്നും ബന്ധുക്കൾ കണ്ടെത്തി. ഇതേ തുടർന്ന് ഇവർ മരിച്ചെന്ന് കരുതിയാണ് ബന്ധുക്കൾ സംസ്കാര ചടങ്ങുകൾ സംഘടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അവരുടെ ഇളയ സഹോദരൻ ഒരു വെള്ള ശവപ്പെട്ടിയിൽ ബാങ്കോക്കിനടുത്തുള്ള വാട്ട് രാറ്റ് പ്രഖോങ് താം ക്ഷേത്രത്തിലേക്ക് മൃതദേഹം എത്തിച്ചു. ശവപ്പെട്ടിയുമായി ഏകദേശം 362 കിലോമീറ്ററോളം സഞ്ചരിച്ചാണ് സൗജന്യമായി ദഹിപ്പിക്കാനുള്ള സൗകര്യം നൽകുന്ന ക്ഷേത്രത്തിലെക്ക് ഇവർ എത്തിയത്.
കണ്ണ് തുറന്ന് മരിച്ചയാൾ
ക്ഷേത്രത്തിലെ ജീവനക്കാർ സംസ്കാര ചടങ്ങുകൾക്ക് ഒരുങ്ങുന്നതിനിടെ, ശവപ്പെട്ടിക്കുള്ളിൽ നിന്ന് നേരിയ മുട്ടൽ ശബ്ദം കേട്ടു. അവർ മൂടി തുറന്നപ്പോൾ അവർ കണ്ണുകൾ തുറക്കുകയും തല ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. ക്ഷേത്രം മാനേജർ പൈരത് സൂഡ്‌തൂപ് സംഭവം എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്ന് വിശദീകരിച്ചു. കുടുംബം ആദ്യം അവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ബാങ്കോക്കിലെ ആശുപത്രി മൃതദേഹം സ്വീകരിക്കാൻ വിസമ്മതിച്ചിരുന്നു.
ഹൈപ്പോഗ്ലൈസീമിയ
സ്ത്രീ മരിച്ചിട്ടില്ലെന്ന് വ്യക്തമായ ഉടൻ ക്ഷേത്ര അധികൃതർ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ ഹൈപ്പോഗ്ലൈസീമിയ അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം കുറഞ്ഞ അവസ്ഥയാണ് അവർക്ക് ഉണ്ടായതെന്നും അതുകൊണ്ടാകാം ജീവനില്ലാത്തത് പോലെ തോന്നിയതെന്നുമാണ് ഡോക്ടർമാരുടെ വിശദീകരണം. എന്തായാലും ഈ സംഭവം അന്തിമ കർമ്മങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയുടെ പ്രാധാന്യം എത്ര നിർണായകമാണെന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയായി.


