ബ്രിട്ടണിലെ തന്നെ ഏറ്റവും 'സാഡിസ്റ്റിക്കാ'യ വളര്‍ത്തമ്മയാണോ എന്ന് സംശയം തോന്നുന്നൊരാളായിരുന്നു അവളുടെ വളര്‍ത്തമ്മ. അവരുടെ കീഴില്‍ നീണ്ട 17 വര്‍ഷത്തെ ക്രൂരപീഡനം... അതിനുശേഷം മോചനം, തന്നെപ്പോലുള്ള കുഞ്ഞുങ്ങള്‍ക്കായി പ്രവര്‍ത്തനം, പിന്നീട് മനസ് കൈവിട്ടുപോകുമോ എന്ന് തോന്നിയപ്പോള്‍ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ. പക്ഷേ, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ജീവിച്ചുതുടങ്ങും മുമ്പേ അവള്‍ ഈ ലോകം വിട്ട് പോയിരിക്കുന്നു. വിക്ടോറിയ സ്പ്രൈ എന്ന മുപ്പത്തിയഞ്ചുകാരിയെയാണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയാസ്‍പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. 

യൂണീസ് സ്പ്രൈ എന്ന വളര്‍ത്തമ്മയുടെ കീഴില്‍ അവള്‍ക്കും മറ്റ് കുട്ടികള്‍ക്കും അനുഭേവിക്കേണ്ടിവന്ന ക്രൂരപീഡനങ്ങള്‍ക്ക് അതിരില്ലായിരുന്നു. ശാരീരികവും മാനസികവുമായ ആ പീഡനങ്ങള്‍ക്ക് മുന്നില്‍ വര്‍ഷങ്ങളോളം അവര്‍ രക്ഷപ്പെടാനാവാതെ കഴിഞ്ഞു. സാന്‍ഡ്‍പേപ്പര്‍ വച്ച് മുഖത്തുരയ്ക്കുക, നഗ്നരായി ആഴ്ചകളോളം പൂട്ടിയിടുക തുടങ്ങി, മര്‍ദ്ദിക്കുക, വെള്ളത്തില്‍ തല മുക്കിപ്പിടിക്കുക തുടങ്ങി പലതരത്തിലും ആ കുട്ടികളെ അവര്‍ ഉപദ്രവിച്ചുകൊണ്ടിരുന്നു. 

കുട്ടികളെ ഉപദ്രവിച്ചിരുന്ന വീട്ടിലെ മുറി

ആ അനുഭവങ്ങളെ പിന്നീട് പുസ്‍തകരൂപത്തില്‍ എഴുതി പുറത്തിറക്കിയിട്ടുണ്ട് വിക്ടോറിയ. മാത്രമല്ല, ഇത്തരത്തില്‍ പീഡനം നേരിടേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി ക്യാമ്പയിനുകളും നടത്തുന്നുണ്ട്. ചൊവ്വാഴ്ചയാണ് വിക്ടോറിയയുടെ ബോയ്ഫ്രണ്ട്, ഫ്ലാറ്റിന്‍റെ താഴത്തെ നിലയില്‍ അവളുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരിയില്‍ ഒരു മാനസികത്തകര്‍ച്ചയെ തുടര്‍ന്ന് മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയ വിക്ടോറിയ മരിക്കുന്നതിന് 14 ദിവസങ്ങള്‍ മുമ്പ് മാത്രമാണ് ഫ്ലാറ്റില്‍ തിരികെയെത്തിയതെന്ന് അയല്‍ക്കാര്‍ പറയുന്നു. ചികിത്സയിലിരിക്കെ താന്‍ വിക്ടോറിയയോട് സംസാരിച്ചിരുന്നുവെന്ന് വിക്ടോറിയക്കൊപ്പം വളര്‍ത്തമ്മയുടെ പീഡനങ്ങള്‍ക്കിരയാകേണ്ടിവന്ന അലോമ ഗില്‍ബര്‍ട്ട് പറഞ്ഞു. 

'മറ്റ് കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അവള്‍ അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍, അവള്‍ക്ക് ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിഞ്ഞിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. അവളുടെ പ്രയാസങ്ങളില്‍ നിന്നെല്ലാം പുറത്തുവരാന്‍ അവള്‍ കഠിനമായി പരിശ്രമിച്ചിരുന്നു. പക്ഷേ, അവള്‍ക്ക് കീഴടങ്ങേണ്ടി വന്നിരിക്കുന്നു. അത് വളരെ വിഷമമുള്ള സംഗതിയാണ്.' അലോമ പറഞ്ഞു. സാമൂഹികപ്രവര്‍ത്തകയായ വിക്ടോറിയ പീഡനമനുഭവിക്കേണ്ടി വരുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ജനുവരിയില്‍ മാനസികമായി പ്രയാസമനുഭവിക്കുന്നതിന് തൊട്ടുമുമ്പുവരെ പങ്കാളിക്കും അവളുടെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിക്കും ഒപ്പം വളരെ സന്തോഷത്തോടെയായിരുന്നു വിക്ടോറിയ കഴിഞ്ഞിരുന്നത് എന്നും അയല്‍ക്കാര്‍ പറയുന്നു. മാര്‍ച്ചില്‍ വിക്ടോറിയ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ മാനസികപ്രയാസങ്ങളിലാണ് എന്നും ചികിത്സ തേടുകയാണ് എന്നും വെളിപ്പെടുത്തിയിരുന്നു. 

'ഞാന്‍ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. നിങ്ങളെ നിരാശയാക്കുന്നതിലും പോസ്റ്റുകള്‍ക്ക് മറുപടി നല്‍കാത്തതിലും വിഷമമുണ്ട്. ക്ഷമിക്കുമല്ലോ' എന്നും അവസാന പോസ്റ്റില്‍ അവര്‍ കുറിച്ചിരുന്നു. വിക്ടോറിയ മൂന്നാഴ്ചയ്ക്ക് മുമ്പ് ഫേസ്ബുക്കിലൂടെ തന്നെ കോണ്ടാക്ട് ചെയ്തിരുന്നുവെന്നും തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അലോമ പറയുന്നു. ഒപ്പം വിക്ടോറിയയുടെ മരണവിവരം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്ന് കൂടി അവര്‍ വെളിപ്പെടുത്തി. ആ സമയത്ത് വിക്ടോറിയ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. അവിടെയുള്ള മനുഷ്യരെല്ലാം നല്ലവരാണെന്നും നല്ല സ്ഥലമാണെന്നും തന്നോട് സംസാരിച്ചിരുന്ന ചില രാത്രികളില്‍ വിക്ടോറിയ പറഞ്ഞിരുന്നതായും അലോമ പറയുന്നു. 

അയല്‍ക്കാര്‍ക്കും വിക്ടോറിയ പ്രിയപ്പെട്ടൊരാളായിരുന്നു. അവളുടെ ബോയ്ഫ്രണ്ട് വളരെ സ്നേഹമുള്ളവനാണ് എന്നും മാനസികാരോഗ്യകേന്ദ്രത്തിലേക്ക് പോകുന്നതുവരെ ഇരുവരും തങ്ങളുടെ വളര്‍ത്തുപട്ടിക്കൊപ്പം സന്തോഷത്തോടെയാണ് അവിടെ കഴിഞ്ഞിരുന്നത് എന്നും അയല്‍ക്കാര്‍ പറയുന്നു. ചികിത്സയ്ക്കായി പോകും മുമ്പ് അവര്‍ ഫ്ലാറ്റ് ക്ലിയര്‍ ചെയ്‍തിരുന്നു. അവളുടെ ബോയ്ഫ്രണ്ട് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാനായി പോയി. എന്നാല്‍, മരിക്കുന്നതിന് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് വിക്ടോറിയ ഫ്ലാറ്റിലേക്ക് തന്നെ തിരികെ വരികയായിരുന്നു. 'വിക്ടോറിയ ആശുപത്രിയില്‍ നിന്നും തിരികെയെത്തിയിട്ട് 14 ദിവസം ആയതേയുള്ളൂവായിരുന്നു. അവനെ വിളിച്ചിരുന്നുവെങ്കിലും അപ്പോള്‍ ഫോണെടുക്കാന്‍ സാധിച്ചിരുന്നില്ല. ഉടനെത്തന്നെ തിരികെ വിളിച്ചുവെങ്കിലും മറുപടി കിട്ടിയില്ല. അതിനാലാണ് മകനും താനും കൂടി പെട്ടെന്ന് തന്നെ ഇങ്ങോട്ട് പോന്നത്. അവന്‍ ആകെ തകര്‍ന്നിരിക്കുകയാണ്. സംഭവിച്ചതില്‍ അവന്‍ അവനെത്തന്നെ കുറ്റപ്പെടുത്തുകയാണ്.' എന്ന് വിക്ടോറിയയുടെ ആണ്‍സുഹൃത്തിന്‍റെ അച്ഛന്‍ പറഞ്ഞതായി അയല്‍ക്കാര്‍ പറയുന്നു.

യൂണീസ് സ്പ്രൈ

വളരെ ചെറുപ്പം മുതല്‍ തന്നെ വിക്ടോറിയെയും സഹോദരങ്ങളെയും വളര്‍ത്തമ്മ ക്രൂരമായി ഉപദ്രവിച്ചുപോന്നിരുന്നു. ക്രിക്കറ്റ് ബാറ്റ്, പഴുപ്പിച്ച ചട്ടുകം എന്നിവയെല്ലാം അവരെ ഉപദ്രവിക്കാനായി വളര്‍ത്തമ്മ ഉപയോഗിച്ചുപോന്നു. പലപ്പോഴും അവരുടെ തല അവര്‍ വെള്ളത്തില്‍ മുക്കിപ്പിടിച്ചിരുന്നു. എന്നാല്‍, പയ്യെ വിക്ടോറിയ അവിടെനിന്നും രക്ഷപ്പെടുകയും സ്പ്രൈയുടെ ക്രൂരപീഡനങ്ങളെ കുറിച്ച് ലോകത്തെ അറിയിക്കുകയും ചെയ്‍തു. അതേത്തുടര്‍ന്ന് അവര്‍ ജയിയിലുമായി. 14 വര്‍ഷത്തെ ശിക്ഷ വിധിച്ചുവെങ്കിലും അത് പിന്നീട് 12 ആയി ചുരുങ്ങുകയും 2014 -ല്‍ അവര്‍ ജയിലില്‍ നിന്നും ഇറങ്ങുകയും ചെയ്തു. വിക്ടോറിയ പിന്നീട് സാമൂഹികപ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുകയും പീഡനങ്ങള്‍ക്കിരയാകുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തിരുന്നു. 'ടോര്‍ച്ചേഡ്' എന്ന പേരില്‍ തന്‍റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയ ഒരു പുസ്‍തകവും അവര്‍ രചിക്കുകയുണ്ടായി. 

'വിക്ടോറിയ മറ്റ് കുട്ടികളെക്കൂടി പീഡനത്തില്‍നിന്നും രക്ഷിക്കാനുള്ള അവളുടെ ലക്ഷ്യത്താല്‍ അറിയപ്പെടണ'മെന്ന് അവളുടെ സഹോദരന്‍ ക്രിസ്റ്റഫര്‍ പ്രതികരിച്ചു. 'അവളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, തങ്ങളെപ്പോലെ ഒരു കുഞ്ഞും ഇനി പീഡനത്തിനിരയാവരുത് എന്ന്' എന്നും അദ്ദേഹം പ്രതികരിച്ചു. തന്നെപ്പോലെ പീഡനം അനുഭവിക്കേണ്ടിവന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായത് തന്നെ സംബന്ധിച്ച് വലിയ സന്തോഷമാണ് എന്ന് വിക്ടോറിയ എന്നും പറയാറുണ്ടായിരുന്നു. പുസ്‍തകം പുറത്തിറങ്ങുന്ന സമയത്തും ആ അനുഭവം ലോകത്തോട് പറയാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട് എന്നും അവള്‍ പറഞ്ഞിരുന്നു. വളരെ വലിയ വേദനയോടെയാണ് വിക്ടോറിയയുടെ പ്രിയപ്പെട്ടവര്‍ അവളുടെ മരണവാര്‍ത്തയെ സ്വീകരിച്ചത്.