ചൈനീസ് സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്രിസ്മസ് ആഘോഷമെന്ന് ചൈനീസ് പ്രവിശ്യ ഭരണകൂടം. ക്രിസ്മസ് ആഘോഷിക്കരുതെന്ന് ആവശ്യപ്പെട്ട് ചൈനയിലെ സ്വയം ഭരണപ്രദേശത്ത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രഹസ്യ സര്‍ക്കുലര്‍ പുറത്തുവന്നു.

ചൈനീസ് സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്രിസ്മസ് ആഘോഷമെന്ന് ചൈനീസ് പ്രവിശ്യ ഭരണകൂടം. ഇക്കാരണത്താല്‍, ക്രിസ്മസ് ആഘോഷിക്കരുതെന്ന് ആവശ്യപ്പെട്ട് ചൈനയിലെ സ്വയം ഭരണപ്രദേശത്ത് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ രഹസ്യ സര്‍ക്കുലര്‍ പുറത്തുവന്നു. എന്നാല്‍, ഇക്കാര്യം ചൈനീസ് ഭരണകൂടം ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. ചൈനയിലെ മറ്റിടങ്ങളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങളെ ഇത് ബാധിച്ചിട്ടില്ല.

ചൈനയുടെ വിവിധ മേഖലകളില്‍ പാശ്ചാത്യ സംസ്‌കാരത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് പറഞ്ഞ് ചൈനീസ് ഭരണകൂടം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ഒരു സ്വയം ഭരണമേഖലയിലെ വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് ഇറക്കിയ രഹസ്യസര്‍ക്കുലര്‍ മനുഷ്യാവകാശങ്ങള്‍ക്കും മതപരമായ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബിറ്റര്‍ വിന്റര്‍ എന്ന വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ടു. 

കൊവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം ക്രിസ്മസ് ആഘോഷം നിയന്ത്രിക്കണമെന്ന് ചൈന ഔദ്യോഗികമായി പറഞ്ഞിരുന്നു. അതിനിടെയാണ്, ചൈനീസ് സംസ്‌കാരത്തെ തകര്‍ക്കുന്നതിനാല്‍, ക്രിസ്മസ് ആഘോഷം നിയന്ത്രിക്കണമെന്ന രഹസ്യ ഉത്തരവ് പുറത്തുവന്നത്. 

ഡിസംബര്‍ 20-ന് ഗ്വാങ്സി ഷുവാങ് സ്വയംഭരണ മേഖലയിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ക്രിസ്മസ് നിരോധനത്തെ സംബന്ധിച്ച രഹസ്യ രേഖയാണ് പുറത്തുവന്നത്. 'പരമ്പരാഗത ചൈനീസ് സംസ്‌കാരം പ്രചരിപ്പിക്കുക, പാശ്ചാത്യ ഉത്സവങ്ങള്‍ നിരോധിക്കുക' എന്നാണ് ഈ സര്‍ക്കുലറിന്റെ തലക്കെട്ട്. 

ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങള്‍ ചൈനീസ് സംസ്‌കാരത്തെ തകര്‍ക്കുന്നവയാണെന്ന് രഹസ്യ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. പാശ്ചാത്യരാജ്യങ്ങളും പാശ്ചാത്യ കമ്പനികളുമാണ് പാശ്ചാത്യമായ ഇത്തരം ആഘോഷങ്ങള്‍ പ്രചരിപ്പിക്കുന്നത്. തങ്ങളുടെ മൂല്യങ്ങളും ജീവിതരീതികളും ചൈനയില്‍ പ്രചരിപ്പിക്കാന്‍ ചില രാജ്യങ്ങള്‍ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നു. ഇത് യുവാക്കളെ ആകര്‍ഷിക്കുന്നു. ചിലര്‍ ബിസിനസിന് വേണ്ടിയും ഇത് തുടരുന്നു. ഇത് ചൈനയുടെ പരമ്പരാഗത സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ക്രിസ്മസ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കുലര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും വിദ്യാഭ്യാസ വകുപ്പ് വിലക്കുന്നുണ്ട്. ആരെങ്കിലും ക്രിസ്മസ് പരിപാടികള്‍ സംഘടിപ്പിച്ചാല്‍ അധികാരികളെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാന്‍ സ്‌പെഷ്യല്‍ ഓഫീസറെയും നിയോഗിച്ചതായി സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍, ക്രിസ്തീയ ദേവലയങ്ങളില്‍ സാധാരണ നടക്കുന്ന ആചാര, അനുഷ്ഠാനങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നുണ്ട്. 

പാശ്ചാത്യ സംസ്‌കാരവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍, പാശ്ചാത്യ സ്വഭാവത്തിലുള്ള ഉത്സവങ്ങള്‍ എന്നിവ ആഘോഷിക്കുന്നത് കര്‍ശനമായി തടയണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.