Asianet News MalayalamAsianet News Malayalam

6 വയസുകാരിയെക്കൊണ്ട് മൂന്നാഴ്ച്ച പാത്രങ്ങൾ കഴുകിപ്പിച്ചു, ചോദ്യം ചെയ്തപ്പോൾ സ്കൂളിൽനിന്നും പുറത്താക്കി

ഒരു ദിവസം രാത്രി കുട്ടി അച്ഛനെ വിളിച്ചുണർത്തിയിട്ട് പറഞ്ഞത്, 'ഡാഡി ഇനി ഞാനാ കിൻർ​ഗാർട്ടനിൽ പോകില്ല. എല്ലാ ദിവസവും എന്നെക്കൊണ്ട് അവർ പാത്രം കഴുകിപ്പിക്കുന്നു. എല്ലാ കുട്ടികളും കളിക്കുമ്പോൾ ഞാൻ മാത്രം തനിച്ച് പാത്രം കഴുകുകയാണ്' എന്നാണ്.

china school six year old forced to wash dishes questioned by father expelled rlp
Author
First Published Dec 1, 2023, 8:19 PM IST

ഒരു കുട്ടിയെ സംബന്ധിച്ച് അവരുടെ രണ്ടാമത്തെ വീടാണ് വിദ്യാലയം എന്ന് പറയാറുണ്ട്. എന്നാൽ, എല്ലാ വിദ്യാലയവും അങ്ങനെ ഒരിടമല്ല. അത് ലോകത്ത് എവിടെയാണെങ്കിലും കുട്ടികളോട് മോശമായി പെരുമാറുന്ന അധ്യാപകരും ഇഷ്ടം പോലെയുണ്ടാവും. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്നും വരുന്നത്. 

ആറ് വയസ് മാത്രം പ്രായമുള്ള കുട്ടിയോട് കിന്റർഗാർട്ടനിൽ നിന്നും കാണിച്ച അനീതി ചോദ്യം ചെയ്തതായിരുന്നു കുട്ടിയുടെ അച്ഛൻ. എന്നാൽ, ഇതിന് പിന്നാലെ കുട്ടിയെ അവിടെ നിന്നും പുറത്താക്കുകയാണുണ്ടായത്. സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ആറ് വയസ്സുകാരിയുടെ അച്ഛനായ യു സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 

കുട്ടിയെ മൂന്നാഴ്ചയോളം സ്കൂളിൽ നിന്നും പാത്രം കഴുകിപ്പിച്ചു എന്നതായിരുന്നു അച്ഛന്റെ ആരോപണം. 25 കുട്ടികളുടെയും പാത്രം 20 ദിവസം കുട്ടിയെ കൊണ്ടാണത്രെ കഴുകിപ്പിച്ചത്. ഇതാണ് അച്ഛൻ ചോദ്യം ചെയ്തത്. സംഭവത്തെ കുറിച്ച് യു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ ഇത് വലിയ രോഷത്തിനിടയാക്കിയിരുന്നു. കുട്ടി പാത്രം കഴുകിപ്പിച്ച ആദ്യ ദിവസങ്ങളിലൊക്കെ വീട്ടിലേക്ക് വരുമ്പോൾ ആകെ വിയർത്തും തളർന്നുമിരുന്നു. 

ഒരു ദിവസം രാത്രി കുട്ടി അച്ഛനെ വിളിച്ചുണർത്തിയിട്ട് പറഞ്ഞത്, 'ഡാഡി ഇനി ഞാനാ കിൻർ​ഗാർട്ടനിൽ പോകില്ല. എല്ലാ ദിവസവും എന്നെക്കൊണ്ട് അവർ പാത്രം കഴുകിപ്പിക്കുന്നു. എല്ലാ കുട്ടികളും കളിക്കുമ്പോൾ ഞാൻ മാത്രം തനിച്ച് പാത്രം കഴുകുകയാണ്' എന്നാണ്. കുട്ടിയുടെ അച്ഛൻ കിന്റർഗാർട്ടനിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. സ്കൂളിൽ നിന്നും പറഞ്ഞത് കുട്ടിയെ കരുത്തുള്ളതാക്കാനാണ് അങ്ങനെ ചെയ്തത് എന്നാണത്രെ. ഒപ്പം കുട്ടി ക്ഷീണിച്ചാൽ മാത്രമേ ഉറങ്ങൂ, ഇല്ലെങ്കിൽ ഉറങ്ങില്ല അതുകൊണ്ടാണ് പാത്രം കഴുകിപ്പിച്ചത് എന്ന് സ്കൂളിൽ നിന്നു പറഞ്ഞതായും അച്ഛൻ ആരോപിച്ചു. 

യു സംഭവത്തെ കുറിച്ച് പരാതി പറഞ്ഞതോടെ അധ്യാപകർ കുട്ടിയെ ടാർ​ഗറ്റ് ചെയ്ത് ഉപദ്രവിച്ച് തുടങ്ങി എന്നും സ്കൂളിൽ നിന്നും കുട്ടി അ​വ​ഗണിക്കപ്പെട്ട് തുടങ്ങി എന്നും ഇയാൾ പറയുന്നു. ഒരുദിവസം കുട്ടിയുടെ മുത്തശ്ശനും മുത്തശ്ശിയും കുട്ടിയെ വിളിക്കാനായി സ്കൂളിൽ ചെന്നപ്പോഴാണ് കുട്ടിയെ പുറത്താക്കിയ വിവരം പറയുന്നത്. നേരത്തെ വിവരമൊന്നും അറിയിച്ചിരുന്നില്ല എന്നും പിതാവ് പരാതിപ്പെട്ടു. ഏതായാലും സ്കൂൾ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. പക്ഷേ, സ്കൂളിനെതിരെ ചൈനീസ് സോഷ്യൽ മീഡിയയിൽ വൻ രോഷം ഉയരുകയാണ്. 

വായിക്കാം: ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി 70 -കാരി, കുഞ്ഞുങ്ങളില്ലാത്തത് എന്നും വേദനയായിരുന്നു എന്നും സ്ത്രീ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios