മത്സരത്തിനുള്ള നിയമങ്ങൾ ലളിതമാണ്, ഏത് ജീവനക്കാരനും ഇതിൽ രജിസ്റ്റർ ചെയ്യാം. ഓരോ 0.5 കിലോഗ്രാം ഭാരം കുറയ്ക്കുന്നതിനും അവർക്ക് 500 യുവാൻ (ഏകദേശം 6,171.82 രൂപ) കിട്ടാൻ അർഹതയുണ്ട്.
ശരീരഭാരം കുറക്കുന്ന തൊഴിലാളികൾക്ക് കാഷ് പ്രൈസ് വാഗ്ദ്ധാനം ചെയ്ത് ശ്രദ്ധ നേടി ഒരു ചൈനീസ് കമ്പനി. ഷെൻഷെൻ ആസ്ഥാനമായുള്ള ഒരു ടെക്നോളജി കമ്പനിയാണ് തങ്ങളുടെ ജീവനക്കാർക്ക് തടി കുറച്ചാൽ ക്യാഷ് പ്രൈസ് നൽകുമെന്ന ഓഫർ നൽകിയത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, Insta360 എന്നറിയപ്പെടുന്ന Arashi Vision Inc. ആണ് തൊഴിലാളികൾക്കിടയിൽ 'മില്യൺ യുവാൻ വെയ്റ്റ് ലോസ് ചലഞ്ച്' തുടങ്ങിയത്. ഒരു മില്യൺ യുവാൻ (ഏകദേശം 1,23,43,643 രൂപ) ആണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചത്.
എന്നാൽ, ഇത് ആദ്യമായല്ല കമ്പനി ഇങ്ങനെ ഒരു ചലഞ്ച് നടത്തുന്നത്. 2022 മുതൽ തന്നെ ജീവനക്കാർക്കിടയിൽ നല്ല ഭക്ഷണം കഴിച്ച്, വ്യായാമം ചെയ്ത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഇങ്ങനെയൊരു ചലഞ്ച് തുടങ്ങിയിട്ടുണ്ട്. ഇത്തവണയും സജീവമായ പങ്കാളിത്തമാണ് ജീവനക്കാർക്കിടയിൽ നിന്നുമുണ്ടായത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
മത്സരത്തിനുള്ള നിയമങ്ങൾ ലളിതമാണ്, ഏത് ജീവനക്കാരനും ഇതിൽ രജിസ്റ്റർ ചെയ്യാം. ഓരോ 0.5 കിലോഗ്രാം ഭാരം കുറയ്ക്കുന്നതിനും അവർക്ക് 500 യുവാൻ (ഏകദേശം 6,171.82 രൂപ) കിട്ടാൻ അർഹതയുണ്ട്. അതേസമയം തടി കൂടിയാൽ പിഴയും ഉണ്ട്. 800 യുവാൻ ആണ് പിഴയായി നൽകേണ്ടത്. എന്നാൽ, ഇതുവരെ ആരിൽ നിന്നും പിഴ ചുമത്തിയിട്ടില്ലെന്ന് കമ്പനി വെളിപ്പെടുത്തി.
കഴിഞ്ഞ വർഷങ്ങളിലൊക്കെയും വലിയ പങ്കാളിത്തത്തോടെ ചലഞ്ച് വിജയകരമായിരുന്നു. ഭാരം കുറച്ചവർക്ക് പണവും കിട്ടി. ഇത്തവണ ഏറ്റവും മികച്ച മത്സരാർത്ഥിയായത് 20 വയസ്സുള്ള സീ യാക്കിയാണ്. 90 ദിവസത്തിനുള്ളിൽ 20 കിലോ ഭാരമാണ് അവൾ കുറച്ചത്. 20,000 യുവാൻ (ഏകദേശം 2,46,872.87 രൂപ) ലഭിച്ചു, കൂടാതെ വെയിറ്റ് ലോസ് ചാമ്പ്യനായും അവളെ തിരഞ്ഞെടുത്തു.
