വീട് നൽകുന്നതിൽ മാത്രം അദ്ദേഹം തന്റെ സേവനം ഒതുക്കിയില്ല. ഓൺലൈൻ രജിസ്ട്രേഷൻ, രേഖകൾ, ആശുപത്രിയിലെ നടപടിക്രമങ്ങൾ എന്നിവയിൽ രോഗികളെയും പ്രത്യേകിച്ച് വൃദ്ധരെയും അദ്ദേഹം സഹായിക്കുന്നു.

ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ജിനാൻ നഗരത്തിൽ നിന്നുള്ള ഝെങ് ഗാങ് (39) മനുഷ്യസ്നേഹത്തിന്റെ അപൂർവ മാതൃകയായി മാറിയിരിക്കുകയാണ്. ആശുപത്രികളിൽ ചികിത്സയ്ക്കായി വരുന്ന രോഗികളുടെ ബന്ധുക്കൾക്ക് സൗജന്യ താമസവും സഹായവും നൽകുന്ന ഒരു 'കരുണയുടെ വീട്' (House of Compassion) തുറന്നിരിക്കുകയാണ് അദ്ദേഹം

2020 -ൽ ഒരു സാധാരണ ആരോഗ്യപരിശോധനയ്ക്കിടെ ഝെങിന് ബ്രെയിൻ ട്യൂമർ കണ്ടെത്തി. തുടർന്ന്, അദ്ദേഹത്തിന് ഷാൻഡോങ് യൂണിവേഴ്‌സിറ്റിയിലെ ഖിലു ആശുപത്രിയിൽ 45 ദിവസം ചികിത്സയിൽ കഴിയേണ്ടിവന്നു.

ആശുപത്രിയിൽ കഴിയുന്ന സമയത്ത്, സ്വന്തം കുടുംബം നേരിട്ട ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. ചികിത്സയ്ക്കായി എത്തുന്ന പല രോഗികളുടെയും ബന്ധുക്കൾ ഹോട്ടൽ ചെലവ് വഹിക്കാനാകാതെ ആശുപത്രി ഇടനാഴികളിലും പുറത്തും തങ്ങിയിരിക്കേണ്ടിവരുന്ന അവസ്ഥ അദ്ദേഹം നേരിട്ട് കണ്ടു. ഈ കാഴ്ചകൾ തന്നെയാണ് അദ്ദേഹത്തെ പിന്നീട് ഇത്തരം ഒരു കാരുണ്യപ്രവൃത്തിയിലേക്ക് നയിച്ചത്.

2022-ൽ ഝെങ് ആശുപത്രിക്ക് സമീപം ഒരു ചെറിയ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അതിന് 'കരുണയുടെ വീട്' എന്ന് പേര് നൽകി സൗജന്യ താമസ കേന്ദ്രമാക്കി. ഒരേസമയം 15 പേർക്ക് വരെ താമസിക്കാനാകുന്ന വിധത്തിലാണ് വീടിന്റെ ക്രമീകരണം. വാടകയായി പ്രതിമാസം ഏകദേശം 1,000 യുവാൻ (12,000 രൂപ) അദ്ദേഹം തന്നെ നൽകും. താമസിക്കുന്നവർക്കായി ഭക്ഷണം സൗജന്യമായി ലഭ്യമാക്കും. രോഗിയുടെ ചികിത്സാ കാലയളവനുസരിച്ച് ഒരു ദിവസം മുതൽ ഒരു മാസം വരെ ഇവിടെ ബന്ധുക്കൾക്ക് കഴിയാം.

വീട് നൽകുന്നതിൽ മാത്രം അദ്ദേഹം തന്റെ സേവനം ഒതുക്കിയില്ല. ഓൺലൈൻ രജിസ്ട്രേഷൻ, രേഖകൾ, ആശുപത്രിയിലെ നടപടിക്രമങ്ങൾ എന്നിവയിൽ രോഗികളെയും പ്രത്യേകിച്ച് വൃദ്ധരെയും അദ്ദേഹം സഹായിക്കുന്നു. എല്ലാ വൈകുന്നേരവും ആശുപത്രിയുടെ വാതിൽക്കൽ ഒരു കാർഡ്ബോർഡ് ബോർഡ് വെച്ച് 'House of Compassion' എന്ന കുറിപ്പോടെ, സഹായം ആവശ്യമുള്ളവരെ വീട്ടിലേക്ക് ക്ഷണിക്കുന്നു. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ 300 -ലധികം കുടുംബങ്ങൾ അദ്ദേഹത്തിന്റെ 'കരുണയുടെ വീട്ടിൽ' അഭയം കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് സോഷ്യൽ മീഡിയയിൽ ഝെങിന്റെ പ്രവൃത്തി വലിയ പ്രശംസയാണ് നേടുന്നത്.