ചൈനയിൽ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട സ്ത്രീയെ നാല് മണിക്കൂറിനുള്ളിൽ വിവാഹം കഴിച്ചയാൾക്ക് ഒരു മാസത്തിനകം ജീവിത സമ്പാദ്യം മുഴുവൻ നഷ്ടമായി. വിവാഹശേഷം വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഏകദേശം 2,40,000 യുവാൻ തട്ടിയെടുത്ത യുവതി അപ്രത്യക്ഷയായി.
വിവാഹ തട്ടിപ്പുകൾ ലോകത്തെല്ലായിടത്തും എല്ലാ കാലത്തും ഒരുപോലെ വാർത്തയാകാറുണ്ട്. അത്തരത്തിൽ ഒരു കഥയാണ് ചൈനയിൽ നിന്ന് പുറത്തു വരുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്‍റെ ജീവിത സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട ചൈനക്കാരന്‍റെ അനുഭവം. കണ്ട് മുട്ടിയ ആദ്യത്തെ നാല് മണിക്കൂറിനുള്ളിൽ വിവാഹം. പന്നാലെ സമ്പാദ്യമെല്ലാമെടുത്ത് യുവതിയുടെ ഒളിച്ചോട്ടം. ജീവിതത്തില്‍ അതിൽ കൂടുതലെന്ത് സംഭവിക്കാനാണ് ഉള്ളതെന്ന് നെറ്റിസെന്‍സും
വിചിത്ര വിവാഹം പിന്നാലെ...
തെക്കൻ ചൈനയിലാണ് സംഭവം നടക്കുന്നത്. 40 വയസ്സുള്ള ഒരാൾ കണ്ടുമുട്ടി വെറും നാല് മണിക്കൂറിനുള്ളിൽ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു. ആ സ്ത്രീ കാരണം തന്‍റെ ജീവിത സമ്പാദ്യമായ ഏകദേശം 2,40,000 യുവാൻ, അതായത് 30,50,00 രൂപ ഒരു മാസത്തിനുള്ളിൽ നഷ്ടപ്പെട്ടുവെന്നാണ് അദ്ദേഹം പിന്നീട് വെളിപ്പെടുത്തിയത്. ഹുനാൻ പ്രവിശ്യയിലെ ഹെങ്‌യാങ്ങിൽ നിന്നുള്ള ഹുവാങ് ഷോങ്‌ചെങ് എന്നയാളിനാണ് ഈ ദുരനുഭവമുണ്ടായതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൈൻഡ് ഡേറ്റ് വഴിനടന്ന വിവാഹത്തോടെയാണ് ഹുവാങിന് ഈ തട്ടിപ്പിന് ഇരയാകേണ്ടിവന്നത്.
ഡേറ്റിംഗ് പിന്നാലെ വിവാഹം
ബ്യൂട്ടി സലൂണിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയെ ഡേറ്റിങ്ങ് ആപ്പിലൂടെയാണ് ഹുവാങ് പരിചയപ്പെട്ടത്. ആദ്യ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അന്നു തന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ യുവതി ഹുവാങിനെ നിർബന്ധിച്ചു. ആഗസ്റ്റ് 21-ന് രാവിലെ കണ്ടുമുട്ടിയ അവർ, വൈകുന്നേരം 5 മണിയോടെ വിവാഹിതരായി.
എല്ലാം വളരെ വേഗത്തിലായിരുന്നു. താൻ മയക്കത്തിലായിരുന്നത് പോലെ തോന്നിയെന്നാണ് ഹുവാങ് സംഭവത്തെ കുറിച്ച് ഓർത്തെടുക്കുന്നത്. ദമ്പതികൾ ഒരുമിച്ച് പങ്കിട്ട ഒരേയൊരു സമയം, അവർ ആദ്യ രാത്രി ഹോട്ടലിൽ ചെലവഴിച്ചതാണ്. അതിനുശേഷം, സ്ത്രീ പണം ആവശ്യപ്പെടാൻ തുടങ്ങി. കൂടുതൽ സമ്പാദിക്കാനായി ഗുവാങ്‌ഡോങ് പ്രവിശ്യയിലേക്ക് താമസം മാറാൻ അവർ ഹുവാങ്ങിനെ നിർബന്ധിച്ചു. കൂടാതെ വിവിധ ആവശ്യങ്ങൾ പറഞ്ഞ് ആവർത്തിച്ച് പണം ചോദിച്ച് കൊണ്ടിരുന്നു.
ഹുവാങ് മാധ്യമങ്ങൾക്ക് കാണിച്ച ചാറ്റ് രേഖകൾ നിരവധി ബാങ്ക് കൈമാറ്റങ്ങൾ വെളിപ്പെടുത്തുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് ഹുവാങ്ങിന്‍റെ സമ്പാദ്യമെല്ലാം കവർന്നെടുക്കപ്പെട്ടിരുന്നു. എന്തായാലും ഈ സംഭവം ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. മാച്ച് മേക്കിംഗ് തട്ടിപ്പുകളെക്കുറിച്ചും മധ്യസ്ഥർ വഴി പെട്ടെന്ന് നടത്തുന്ന വിവാഹങ്ങളുമായി ബന്ധപ്പെട്ട അപകട സാധ്യതകളിലേക്കുമാണ് സംഭവം വിരൽ ചൂണ്ടുന്നത്.


