കൊവിഡ് 19 ഒരു അമേരിക്കൻ സൈനികഗൂഢാലോചനയാണ് എന്ന പ്രചാരണം ഏറ്റുപിടിച്ച് ട്വീറ്റ് ചെയ്തുകൊണ്ട് ഒരു മുതിർന്ന ചൈനീസ് അധികാരി രംഗത്തുവന്നിരിക്കുന്നു. നോവൽ കൊറോണാ വൈറസിനെ വുഹാൻ നഗരത്തിലേക്ക് കൊണ്ടുവന്നിറക്കിയത് അമേരിക്കൻ സൈന്യമാണ് എന്ന മട്ടിലുള്ള പ്രചാരണത്തിനാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കാറ്റുപിടിച്ചുകൊണ്ടിരിക്കുന്നത്. അത് വുഹാനിൽ അല്ല ഉത്ഭവിച്ചത് എന്നതാണ് പ്രചരണത്തിലെ പ്രധാന വാദം. 

അമേരിക്കയിലെ സെന്റേഴ്സ് ഓഫ് ഡിസീസസ് കൺട്രോൾ തലവനായ റോബർട്ട് റെഡ്‌ഫീൽഡിന്റെ ഒരു വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് മൂന്നു ലക്ഷത്തിൽപരം വരുന്ന തന്റെ ഫോളോവേഴ്സിനെ അഭിസംബോധന ചെയ്തിരിക്കുന്നത് സാവോ ലിജിയാൻ എന്ന മുതിർന്ന ചൈനീസ് ഒഫീഷ്യൽ ആണ്. മാർച്ച് 11 -ന് റെഡ്‌ഫീൽഡ് അമേരിക്കൻ കോൺഗ്രസ് കമ്മിറ്റിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ ആണത്. 

 

'സാവോ ലിജിയാൻ'
 

ആ വീഡിയോയിൽ അമേരിക്കയിലെ ചില ഫ്ലൂ മരണങ്ങൾ കൂടി കൊവിഡ് 19 ന്റെ കണക്കിൽ ചേർക്കപ്പെട്ടിട്ടുണ്ട് എന്ന് റെഡ്‌ഫീൽഡ് പറയുന്നുണ്ട്. ഈ മരിച്ച രോഗികൾ ഏത് കാലയളവിലാണ് മരണപ്പെട്ടത് എന്ന് റെഡ്‌ഫീൽഡ് പറയുന്നില്ല. എന്നാൽ, ലിജിയാൻ ഇതേ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് പറയുന്നത്, ഈ വീഡിയോ തന്നെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലല്ല നോവൽ കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന്റെ തെളിവാണ് എന്നാണ്. എന്നാൽ, തന്റെ വാദത്തെ ന്യായീകരിക്കാൻ വേണ്ടി ആ ആരോപണത്തിൽ അപ്പുറം ഒരു തെളിവും ലിജിയാൻ  ഹാജരാക്കിയിട്ടില്ല. 

"സിഡിസിയുടെ കള്ളം പിടിക്കപ്പെട്ടിരിക്കുന്നു. ആദ്യത്തെ രോഗി എന്നാണ് അമേരിക്കയിൽ തിരിച്ചറിയപ്പെട്ടത്?  എത്ര പേർക്കാണ് അമേരിക്കയിൽ അസുഖമുണ്ടായത്. ഏതൊക്കെ ആശുപത്രികളിലാണ് ചികിത്സ നടത്തിയത്? അമേരിക്കൻ സൈന്യമാണോ ഈ പകർച്ചവ്യാധി വുഹാനിലേക്ക് എത്തിച്ചത്? ഒന്നും ഒളിച്ചുവെക്കാതെ തെളിച്ചു പറയണം. നിങ്ങളുടെ ഡാറ്റ പബ്ലിക് ആക്കണം.  ഇക്കാര്യത്തിൽ ഞങ്ങൾക്കൊരു വിശദീകരണം തരാനുള്ള ബാധ്യത അമേരിക്കയ്ക്കുണ്ട്. " ലിജിയാൻ തന്റെ ട്വീറ്റിൽ പറഞ്ഞു. 2019 -ൽ വുഹാനിൽ നടന്ന ലോക സൈനിക ഗെയിംസിൽ പങ്കെടുക്കാൻ വേണ്ടി നൂറുകണക്കിന് അമേരിക്ക സൈനികർ വുഹാനിൽ വന്നുപോയിട്ടുണ്ട്. അമേരിക്കൻ സൈന്യത്തിന്റെ ആ സന്ദർശനത്തെ ചുറ്റിപ്പറ്റിയാണ് ലിജിയൻറെ ആരോപണം.

 

 

ഇതേതുടർന്ന് ലിജിയാന്റെ സഹപ്രവർത്തകനായ ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഗെങ്ങ് ഷുവാങ് പറഞ്ഞത് കൊവിഡ് 19 എവിടെ , എങ്ങനെ ഉത്ഭവിച്ചു എന്നതിനെപ്പറ്റി സമൂഹത്തിൽ പല അഭിപ്രായങ്ങളുമുണ്ട് എന്നായിരുന്നു. " കൊവിഡ് 19 ന്റെ ഉത്ഭവത്തെപ്പറ്റിയുള്ള ചൈനയുടെ സംശയങ്ങൾ ശാസ്ത്രീയാടിസ്ഥാനത്തിലുള്ളതാണ്. അതിനെ അതർഹിക്കുന്ന ഗൗരവത്തോടെ ശാസ്ത്രീയമായിത്തന്നെ കാണണം. " എന്നും ഗെങ്ങ് പറഞ്ഞു. എന്നാൽ, ലിജിയാന്റെ ട്വീറ്റ് ചൈനീസ് ഗവൺമെന്റിന്റെ ഔദ്യോഗികനിലപാടാണോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ് ഗെങ്ങ് ചെയ്തത്.