അവളുടെ ചുറുചുറുക്കും ആത്മവിശ്വാസവും പലരേയും ആകര്‍ഷിച്ചു. അവള്‍ക്ക് സമ്മര്‍ ജോലികള്‍ വാഗ്ദ്ധാനം ചെയ്തവരും അവളുടെ ഭാവി വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞവരും ഉണ്ട്.
ചൈനയില്‍ നിന്നുള്ളൊരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിക്കൊണ്ടിരിക്കുന്നത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ചൈനയിലെ കഠിനമായ കോളേജ് പ്രവേശന പരീക്ഷയായ ഗാവോകാവോ പരീക്ഷ എഴുതാനായി എത്തിയതാണ് ലിയു എന്ന പെൺകുട്ടി. തെക്കൻ ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ഗുയിലിനിലുള്ള ഗ്വാങ്‌യാങ് കൗണ്ടി നമ്പർ 2 സീനിയർ ഹൈസ്‌കൂളിന് പുറത്ത് നിന്നുള്ളതാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോ.
ഒരു മുളവടിയുടെ രണ്ട് സൈഡിലുമായി തന്‍റെ ബാഗുകള്‍ തൂക്കി അതും ചുമന്നുകൊണ്ടാണ് ലിയു നടക്കുന്നത്. അവളുടെ നടപ്പിലെ ആത്മവിശ്വാസവും അനായാസമായ ചലനങ്ങളുമാണ് മിക്കവരേയും അവളുടെ ഫാനാക്കി മാറ്റിയത്.
ആ കെട്ടുകളില്‍ പുതപ്പുകളും അത്യാവശ്യം വേണ്ടുന്ന സാധനങ്ങളുമായിരുന്നു എന്ന് ലിയു പിന്നീട് പറഞ്ഞു. തനിക്കൊപ്പം തന്‍റെ അമ്മയും ഉണ്ടായിരുന്നു. അമ്മ സ്യൂട്ട്കേസുമായി പിറകില്‍ നടന്നു വരുന്നുണ്ടായിരുന്നു. ഫ്രെയിമില്‍ അമ്മയെ കാണുന്നില്ല എന്നേയുള്ളൂ എന്നും ലിയു പറഞ്ഞു.
ലിയു വരുന്നത് ഒരു ഗ്രാമത്തില്‍ നിന്നാണ് എന്ന് അവളുടെ പ്രധാന അധ്യാപികയായ ചെൻ പറയുന്നു. വളരെ മിടുക്കിയായ വിദ്യാര്‍ത്ഥിനിയാണ് അവള്‍. എന്ത് ഏല്പിച്ചാലും അതെല്ലാം അവള്‍ വളരെ പെട്ടെന്ന് തന്നെ നന്നായി ചെയ്ത് തീര്‍ക്കുമെന്നും നല്ല കഴിവുള്ള വിദ്യാര്‍ത്ഥിനിയാണ് എന്നും ചെന്‍ പറയുന്നു.
അതേസമയം, നിരവധിപ്പേരാണ് വീഡിയോ കണ്ടതോടെ പ്രതികരണവുമായി എത്തിയത്. അവളുടെ ചുറുചുറുക്കും ആത്മവിശ്വാസവും പലരേയും ആകര്‍ഷിച്ചു. അവള്‍ക്ക് സമ്മര്‍ ജോലികള്‍ വാഗ്ദ്ധാനം ചെയ്തവരും അവളുടെ ഭാവി വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞവരും ഉണ്ട്.
എന്നാൽ, ഇതിനെല്ലാം നന്ദി പറഞ്ഞുകൊണ്ട് ലിയു ഈ സഹായങ്ങളെല്ലാം നിരാകരിച്ചു. തന്റെ അച്ഛനും സഹോദരനും വീട്ടിലില്ല, ജോലിസ്ഥലത്താണ്. അമ്മയ്ക്ക് എപ്പോഴും താൻ കൂടെയുണ്ടാവണം. അതിനാൽ അടുത്ത് എന്തെങ്കിലും ജോലി ചെയ്യണം എന്നാണ് അവൾ പറഞ്ഞത്. അവൾ ചെറിയൊരു നൂഡിൽസ് കച്ചവടവും സമ്മർ ജോലിയായി ചെയ്യുന്നുണ്ട്. പഠിച്ച് ഒരു അധ്യാപികയാവുക എന്നതാണ് അവളുടെ സ്വപ്നം.


