Asianet News MalayalamAsianet News Malayalam

അവശ്യസാധനങ്ങള്‍ വാങ്ങിവെക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശം; കാരണമറിയാതെ ജനം

എന്തു കാരണത്താലാണ് ഈ നിര്‍ദേശമെന്ന് ഉത്തരവില്‍ വ്യക്തമല്ല.  എങ്കിലും, ചൈനയിലാകെ ജനങ്ങള്‍ പരിഭ്രാന്തരായി കടകളില്‍ തിരക്കുകൂട്ടുകയാണെന്നാണ് വാര്‍ത്തകള്‍. 

Chinese urged to stock up essential supplies
Author
Beijing, First Published Nov 3, 2021, 2:53 PM IST

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് എല്ലാവരും അവശ്യസാധനങ്ങള്‍ വാങ്ങിച്ചുവെക്കണമെന്ന് ചൈനീസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചൈനീസ് ധനകാര്യ മന്ത്രാലയമാണ് ജനങ്ങള്‍ക്കായി ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്. എന്നാല്‍, എന്തു കാരണത്താലാണ് ഈ നിര്‍ദേശമെന്ന് ഉത്തരവില്‍ വ്യക്തമല്ല.  എങ്കിലും, ചൈനയിലാകെ ജനങ്ങള്‍ പരിഭ്രാന്തരായി കടകളില്‍ തിരക്കുകൂട്ടുകയാണെന്നാണ് വാര്‍ത്തകള്‍. 

അസാധാരണമായ ഈ മുന്നറിയിപ്പിന് രണ്ട് കാരണങ്ങളാണ് പ്രധാനമായും പറയുന്നത്. കൊവിഡ് വ്യാപനം പെരുകുന്ന സാഹചര്യത്തില്‍ കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പോവുകയാണ് എന്നതാണ് ഒരു കാരണമായി പറയുന്നത്. കനത്ത മഴ കാരണം വിളനഷ്ടമുണ്ടായതിനാല്‍ പച്ചക്കറികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ക്കും ക്ഷാമം നേരിടാന്‍ പോവുകയാണ് എന്നതാണ് മറ്റൊരു കാരണം പറയുന്നത്. ഇക്കാര്യത്തില്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തത വരുത്തിയിട്ടില്ല. 

ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനും വിലക്കയറ്റം തടയുന്നതിനും പ്രത്യേക നടപടികള്‍ കൈക്കൊള്ളണമെന്ന് ധനകാര്യ മന്ത്രാലയം  പ്രാദേശിക അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആശങ്കാകുലരായി സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടേണ്ട കാര്യമില്ലെന്ന് സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, ജനങ്ങള്‍ പരിഭ്രാന്തരായി കടകളില്‍ തിരക്കു കൂട്ടുന്നതായി ചൈനീസ് സോഷ്യല്‍ മീഡിയയില്‍ പലരും സൂചിപ്പിക്കുന്നുണ്ട്.  പ്രായമുള്ളവരില്‍ പലരും കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുകൂട്ടുന്നതായി ചൈനീസ് സോഷ്യല്‍ മീഡിയയായ വെയിബോയില്‍ ഒരാള്‍ എഴുതുന്നു. 

എന്നാല്‍, ഇതൊരു സാധാരണ നടപടി ക്രമം മാത്രമാണെന്നും ആളുകള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഇക്കണോമിക് ഡെയിലി വായനക്കാരോട് നിര്‍ദേശിക്കുന്നുണ്ട്. കൊവിഡ് ലോക്ക് ഡൗണ്‍ നേരിടുന്നതിന് എല്ലാവരും തയ്യാറായിരിക്കണം എന്നാണ് മന്ത്രാലയം ഉദ്ദേശിച്ചതെന്നും പത്രം വിശദീകരിക്കുന്നു. 

സാധാരണയായി ശൈത്യകാലത്താണ് ചൈനയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കയറ്റം അനുഭവപ്പെടാറുള്ളത്. എന്നാല്‍, ഇത്തവണ കനത്ത മഴയും പ്രകൃതി ക്ഷോഭവും കാരണം നേരത്തെ തന്നെ വിലക്കയറ്റം ആരംഭിച്ചതായി പറയുന്നു. 

Follow Us:
Download App:
  • android
  • ios