നിവൃത്തിയില്ലാതെ അവള്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. കോടതി, ഇക്കഴിഞ്ഞ ദിവസം അവള്‍ക്ക് നല്ലൊരു തുക നഷ്ടപരിഹാരമായി വിധിച്ചു. 

സഹപ്രവര്‍ത്തകന്റെ വക ഒരൊറ്റ ആലിംഗനം. അതേ അവള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. വേദന കൊണ്ട് പുളഞ്ഞാണ് അവള്‍ വീട്ടിലേക്ക് പോയത്. മാറിടമാകെ വേദന കൊണ്ട് പുളയുകയായിരുന്നു. അതു കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ അവള്‍ അക്ഷരാര്‍ത്ഥത്തില്‍ കിടപ്പായി. ചൂടുള്ള എണ്ണ നെഞ്ചില്‍ വെച്ച് നോക്കിയിട്ടും വേദന പോയില്ല. തുടര്‍ന്ന് അവള്‍ ആശുപത്രിയില്‍ പോയി. എക്‌സ് റേ പരിശോധനയില്‍ കണ്ടെത്തിയത്, അവളുടെ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞിരിക്കുന്നു എന്ന കാര്യമാണ്. പിന്നെ ചികില്‍സ. അതിനുള്ള ചെലവുകള്‍. കുറേ നാള്‍ അവധി എടുക്കേണ്ടി വന്നതോടെ വരുമാനവും മുട്ടി. നിവൃത്തിയില്ലാതെ അവള്‍ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചു. കോടതി, ഇക്കഴിഞ്ഞ ദിവസം അവള്‍ക്ക് നല്ലൊരു തുക നഷ്ടപരിഹാരമായി വിധിച്ചു. 

കഴിഞ്ഞ വര്‍ഷം മെയ് മാസം ചൈനയിലാണ് സംഭവം നടന്നത്. ഹുനാന്‍ പ്രവിശ്യയിലെ യൂയാംഗ് നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്കാണ് ഒരൊറ്റ ആലിംഗനത്തില്‍ മൂന്ന് വാരിയെല്ലുകള്‍ ഒടിഞ്ഞത്. 

ഓഫീസില്‍ നിന്നു പുറത്തുവരുന്ന വഴി ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് അവളുടെ വാരിയെല്ല് ഒടിയാനിടയായ ആലിംഗനം നടന്നത്. ഒരു പുരുഷ സഹപ്രവര്‍ത്തകനായിരുന്നു വില്ലന്‍. അയാള്‍ അടുത്തു വന്ന് അവളെ മുറുക്കെ കെട്ടിപ്പിടിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഒരൊന്നൊന്നര കെട്ടിപ്പിടിത്തം. അതു കഴിഞ്ഞപ്പോള്‍ അവള്‍ക്ക് ശ്വാസം കഴിക്കാനായില്ല. ശരീരമാകെ തളര്‍ന്നു. മാറിടത്തിലും നെഞ്ചിന്റെ ഭാഗത്തും കടുത്ത വേദന. എങ്ങനെയൊക്കെയോ ഓഫീസില്‍നിന്നിറങ്ങി അവള്‍ വീട്ടിലെത്തി. ആശുപത്രി ചെലവ് ഭയന്ന് തിളയ്ക്കുന്ന എണ്ണ കൊണ്ട് സ്വയം ചികില്‍സിക്കാന്‍ ശ്രമിച്ചു. എന്നിട്ടും വേദനയ്ക്ക് ഒരു കുറവുമുണ്ടായില്ല. അങ്ങനെയാണ് അവള്‍ ആശുപത്രിയിലേക്ക് പോയത്. 

അവിടെ ചെന്ന് എക്‌സ് റേ എടുത്തപ്പോള്‍ വാരിയെല്ലുകള്‍ ഒടിഞ്ഞിരിക്കുന്നു!

വലതു ഭാഗത്തെ രണ്ട് വാരിയെല്ലും ഇടതുഭാഗത്തെ ഒരെല്ലും ഒടിഞ്ഞെന്ന് കണ്ടെത്തി. ഡോക്ടര്‍മാര്‍ ചികില്‍സ തുടങ്ങി. അതിനു തന്നെ നല്ല പണം ആവശ്യമായി വന്നു. ഒരാഴ്ച ആശുപത്രിയി കിടന്നപ്പോള്‍ വേദന കുറഞ്ഞു. അതു കഴിഞ്ഞ് വീട്ടില്‍ കുറച്ചു ദിവസങ്ങള്‍. ശമ്പളമില്ലാത്ത ലീവ് എടുത്തതിനാല്‍ അവള്‍ സാമ്പത്തികമായി ആകെ ബുദ്ധിമുട്ടി. അങ്ങനെയാണ് തന്നെ കെട്ടിപ്പിടിച്ച സഹപ്രവര്‍ത്തകനെ തേടി അവള്‍ പോയത്. തന്റെ അവസ്ഥ അയാളോട് പറഞ്ഞ്, സാമ്പത്തികമായി സഹായിക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടു. അയാള്‍ സമ്മതിച്ചില്ല. എല്ലു പൊട്ടിയത് തന്റെ ആലിംഗനം കാരണമാണ് എന്നതിന് തെളിവില്ല എന്നായിരുന്നു അയാളുടെ ന്യായം. 

അതോടെയാണ്, യുന്‍ക്‌സിയിലെ കോടതിയില്‍ അവള്‍ കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയത്. തുടര്‍ന്ന് കോടതി സംഭവം വിശദമായി പരിശോധിച്ചു. ആശുപത്രിയില്‍ പോവുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ അവള്‍ മറ്റൊരു കാര്യത്തിലും ഇടപെട്ടില്ല എന്ന് കോടതി വിധിച്ചു. അവളുടെ എല്ലു പൊട്ടിയതിന് കാരണം ആലിംഗനമാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന്, അവള്‍ക്ക് നഷ്ടപരിഹാരം കോടതി അയാളോട് ആവശ്യപ്പെട്ടു. പതിനായിരം യുവാന്‍ (1.16 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്.