സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍. അവിശ്വസനീയമായ രക്ഷപ്പെടല്‍

26 കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന സ്‌കൂള്‍ ബസ് തട്ടിക്കൊണ്ടുപോയി യാത്രക്കാരെ മുഴുവന്‍ ജീവനോടെ കുഴിച്ചിട്ട സംഭവത്തിലെ മുഖ്യപ്രതിക്ക് 40 വര്‍ഷങ്ങള്‍ക്കു ശേഷം പരോള്‍. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ തട്ടിക്കൊണ്ടുപോവല്‍ കേസിലെ മുഖ്യപ്രതി ഫ്രെഡറിക് വുഡ്‌സിനാണ് കോടതി പരോള്‍ അനുവദിച്ചത്. നാലു പതിറ്റാണ്ടായി ജയിലില്‍ കഴിയുന്ന ഇയാളുടെ പരോള്‍ അപേക്ഷ നേരത്തെ 17 തവണ നിരസിക്കപ്പെട്ടിരുന്നു. ഇയാളുടെ കൂട്ടുപ്രതികളെ കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് വിട്ടയക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരകളായ രണ്ടുപേരുടെ സമ്മതം കിട്ടിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇയാള്‍ക്ക് പരോള്‍ കിട്ടിയത്. 

ഫ്രെഡറിക് വുഡ്‌സ്

1976-ല്‍ ലോകത്തെ നടുക്കിയ സംഭവത്തിലെ മുഖ്യപ്രതിയാണ് ഫ്രെഡറിക് വുഡ്‌സ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും 125 മൈല്‍ അകലെ ചൗചില്ലയിലെ ഒരു സ്‌കൂള്‍ ബസാണ് 1976 ജുലൈ 15-ന് ഇയാളും രണ്ട് കൂട്ടാളികളും കൂടി തട്ടിയെടുത്തത്. ഡ്രൈവറും 26 കുട്ടികളുമാണ് ഇതിലുണ്ടായിരുന്നത്. ഇവരെ വുഡ്‌സിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള, കാലിഫോര്‍ണിയക്കടുത്ത് ലിവര്‍മോറിലുള്ള ഒരു ക്വാറിയിലേക്ക് കൊണ്ട് പോയി. വമ്പന്‍ കുഴികുഴിച്ച് മണ്ണിനടിയില്‍ സ്ഥാപിച്ചിരുന്ന പഴഞ്ചന്‍ വാനില്‍ ഇവരെ അടച്ച് മണ്ണിട്ട് മൂടുകയായിരുന്നു. 50 ലക്ഷം ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോയി ഈ കടുംകൈ ചെയ്തത്. 16 മണിക്കൂറുകള്‍ മണ്ണിനടിയില്‍ കഴിഞ്ഞുവെങ്കിലും, ഡ്രൈവറുടെ നേതൃത്വത്തില്‍ 26 കുട്ടികളും അതിസാഹസികമായി രക്ഷപ്പെട്ട് പുറത്തേക്ക് വന്നതാണ് ഈ സംഭവം മാറ്റിമറിച്ചത്. ഇതിനെ തുടര്‍ന്നാണ് ക്വാറി ഉടമയുടെ മകനായ വുഡ്‌സ്, സുഹൃത്തുക്കളായ ജെയിംസ്, റിച്ചാര്‍ഡ് ഷോണ്‍ഫീല്‍ഡ് സഹോദരങ്ങള്‍ എന്നിവര്‍ അറസ്റ്റിലായത്. പരോള്‍ സാദ്ധ്യതയുള്ള ജീവപര്യന്തം തടവിനാണ് ഇവരെ ശിക്ഷിച്ചതെങ്കിലും നീണ്ട നാലു പതിറ്റാണ്ടുകളാണ് വുഡ്‌സ് കാലിഫോര്‍ണിയയിലെ ജയിലില്‍ കഴിയേണ്ടിവന്നത്. മറ്റുള്ള രണ്ട് പ്രതികള്‍ അല്‍പ്പകാലം മുമ്പ് മോചിതനായിരുന്നു. 

ആ കാലത്ത് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. ഈ സംഭവം പ്രമേയമായി നിരവധി ടെലിവിഷന്‍ സീരീസുകളും സിനിമയും ഇക്കാലയളവില്‍ പുറത്തുവന്നിട്ടുണ്ട്. പുസ്തകവും പുറത്തിറങ്ങിയിട്ടുണ്ട്. 

സമ്പന്നനായിരുന്നു വുഡ്‌സ്. കൂട്ടുപ്രതികളാവട്ടെ ദരിദ്രരും. ഇപ്പോള്‍ 70 വയസ്സുള്ള വുഡ്‌സിന് അന്ന് 24 വയസ്സായിരുന്നു. പെട്ടെന്ന് പണം സമ്പാദിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. 50 ലക്ഷം ഡോളര്‍ അന്ന് ഭീമമായ തുക ആയിരുന്നുവെങ്കിലും ഇത്രയും കുട്ടികളുടെ ജീവന്‍ പ്രധാനമായതിനാല്‍ മോചന തുക കിട്ടുമെന്നായിരുന്നു ഇവരുടെ വിശ്വാസം. അങ്ങനെയാണ്, ഡെയറിലാന്റ് എലമെന്ററി സ്‌കൂളിലെ സ്‌കൂള്‍ ബസ് തട്ടിയെടുക്കുന്നതിലേക്ക് ഇവര്‍ എത്തിയത്. 

വേനലവധിക്കാലമായതിനാല്‍ സമീപപ്രദേശത്തെ നീന്തല്‍കുളത്തില്‍ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്നു അഞ്ചിനും 11-നും ഇടയില്‍ പ്രായമുള്ള 26 കുട്ടികള്‍. ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി, ഡ്രൈവറെ തോക്കേന്തി ഭീഷണിപ്പെടുത്തിയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. ബസ് ഒളിപ്പിച്ചശേഷം, കുട്ടികളെയും ഡ്രൈവറെയും മറ്റൊരു വാനില്‍ കയറ്റി അധികൃതരെ വിവരമറിയിച്ചു. മോചനത്തുക നല്‍കിയാല്‍ കുട്ടികളെ മോചിപ്പിക്കുമെന്നായിരുന്നു ഇവരുടെ മുന്നറിയിപ്പ്. എന്നാല്‍, കുട്ടികളുടെ മാതാപിതാക്കളും മാധ്യമങ്ങളുമെല്ലാം ഫോണില്‍ വിളിച്ചുകൊണ്ടിരുന്നതിനാല്‍ പൊലീസ് സ്‌റ്റേഷനിലെ ഫോണ്‍ ദീര്‍ഘനേരം എന്‍ ഗേജ്ഡ് ആയതിനാല്‍, ഇവര്‍ക്ക് ഭീഷണി കോളുകള്‍ തുടരാന്‍ കഴിഞ്ഞില്ല. സംഗതി നടക്കില്ലെന്ന് മനസ്സിലാക്കി പിന്നീട് ബന്ദികളെ നേരെ ലിവര്‍മോറിലുള്ള ക്വാറിയിലേക്ക് കൊണ്ടുപോയി. ഇവിടെ മണ്ണിനടിയില്‍ കുഴിച്ചിട്ട പഴയ വാനിലേക്ക് കയറേണിയില്‍ ബന്ദികളെ ഇറക്കി. അവിടെ അത്യാവശ്യ ഭക്ഷണ സാധനങ്ങളും കുറച്ച് മെത്തകളും ഒരുക്കിയിരുന്നു. അധികൃതരെ ഭീഷണിപ്പെടുത്തി മോചനത്തുക തട്ടിയശേഷം കുട്ടികളെ മോചിപ്പിക്കാമെന്നായിരുന്നു ഇവരുടെ പദ്ധതി. 

എന്നാല്‍, വിശ്രമമില്ലാതെ ദിവസങ്ങള്‍ നീണ്ടുനിന്ന തട്ടിക്കൊണ്ടുപോല്‍ ശ്രമങ്ങള്‍ക്കിടെ തളര്‍ന്നുപോയ വുഡ്‌സും കൂട്ടരും യാദൃശ്ചികമായി ഉറങ്ങിപ്പോവുകയും ഈ തക്കം ഉപയോഗിച്ച് ഡ്രൈവറും കുട്ടികളും അതിസാഹസികമായി മുകളിലേക്ക് എത്തി രക്ഷപ്പെടുകയുമായിരുന്നു. ഒട്ടും എളുപ്പമായിരുന്നില്ല ഇത്. മണ്ണു മാത്രമല്ല, പഴയ ഇരുമ്പു സാധനങ്ങളും മറ്റും ബസിനു മുകളില്‍ വെച്ചിട്ടുണ്ടായിരുന്നു. അവയെല്ലാം തള്ളിനീക്കുക എളുപ്പമായിരുന്നില്ല. എങ്കിലും എല്ലാ കുട്ടികളും ഒത്തുശ്രമിച്ചപ്പോള്‍ രക്ഷപ്പെടല്‍ യാഥാര്‍ത്ഥ്യമായി. ഇവര്‍ രക്ഷപ്പെട്ടതോടെ ഇളിഭ്യരായ വുഡ്‌സും കൂട്ടരും പിന്നീട് ഒളിവില്‍ പോയി. എങ്കിലും, അന്വേഷണം വുഡ്‌സിലേക്കും കൂട്ടരിലേക്കും എത്തി. പൊലീസ് ആദ്യം വുഡ്‌സിനെ അറസ്റ്റ് ചെയ്തു. അടുത്ത ദിവസങ്ങളിലായി കൂട്ടുപ്രതികളെയും. പിന്നീടാണ് ഇവര്‍ക്ക് ജീവപര്യന്ത്യം തടവിനു ശിക്ഷിച്ചത്. 

താന്‍ സംഭവത്തില്‍ പശ്ചാത്തപിക്കുന്നതായി വുഡ്‌സ് കോടതിയില്‍ പറഞ്ഞു. അന്നില്ലാത്ത കുറ്റബോധം ഇപ്പോഴുണ്ടെന്നും താന്‍ മാനസാന്തരപ്പെട്ടതായും ഇയാള്‍ കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് പരോള്‍ അനുവദിക്കാന്‍ കോടതി തയ്യാറായത്. ചില നിയമപ്രശ്‌നങ്ങള്‍ കൂടി കഴിഞ്ഞാല്‍, വുഡ്‌സിന് പരോളില്‍ പോവാനാവും. ഇയാളുടെ കൂട്ടുപ്രതികള്‍ കഴിഞ്ഞ വര്‍ഷങ്ങളിലാണ് ജയില്‍ മോചിതരായത്.