'സ്റ്റാഫ് അംഗങ്ങൾ കാൻ്റീനിൽ നിന്ന് അവശേഷിക്കുന്ന ഭക്ഷണം എടുക്കുന്നത് സാധാരണമാണ്. അഭിഭാഷകരുടെ മീറ്റിംഗുകൾക്ക് ശേഷം ബാക്കി വന്ന സാൻഡ്‌വിച്ചുകൾ കാൻ്റീനിൽ ഉപേക്ഷിച്ചിരുന്നു. അതിൽ ഒരെണ്ണം മാത്രമാണ് ഞാൻ എടുത്തത്.'

കാന്റീനിൽ അവശേഷിച്ച സാൻഡ്‍വിച്ച് എടുത്തതിന് ശുചീകരണ തൊഴിലാളിയെ പിരിച്ചുവിടാൻ ഉത്തരവിട്ട് കമ്പനി. എന്നാൽ, അതേ കമ്പനിക്കെതിരെ ഇപ്പോൾ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സ്ത്രീ. ഇക്വഡോറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഗബ്രിയേല റോഡ്രിഗസ് രണ്ട് വർഷമായി ഡെവോൺഷെയർ സോളിസിറ്റേഴ്‌സിൻ്റെ ഓഫീസിലെ ശുചീകരണ തൊഴിലാളിയാണ്. കഴിഞ്ഞ ഡിസംബറിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ശേഷം കാന്റീനിൽ അവശേഷിച്ച ട്യൂണ സാൻഡ്‌വിച്ച് എ‌ടുത്തതിനാണ് കമ്പനി ​ഗബ്രിയേലയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.

ദ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ​ഗബ്രിയേല പറയുന്നത് ഇങ്ങനെ, സ്റ്റാഫ് അംഗങ്ങൾ കാൻ്റീനിൽ നിന്ന് അവശേഷിക്കുന്ന ഭക്ഷണം എടുക്കുന്നത് സാധാരണമാണ്. അഭിഭാഷകരുടെ മീറ്റിംഗുകൾക്ക് ശേഷം ബാക്കി വന്ന സാൻഡ്‌വിച്ചുകൾ കാൻ്റീനിൽ ഉപേക്ഷിച്ചിരുന്നു. അതിൽ ഒരെണ്ണം മാത്രമാണ് ഞാൻ എടുത്തത്. എന്നാൽ, അതിന്റെ പേരിൽ എന്നെ ജോലിയിൽ നിന്ന് പുറത്താക്കി. കമ്പനിയു‌‍ടെ നടപടിക്കെതിരെ ഇവർ നൽകിയ പരാതി കോടതി സ്വീകരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

​ഗബ്രിയേലയെ തിരികെ ജോലിയിൽ എടുക്കണം എന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് വോയ്‌സ് ഓഫ് വേൾഡ് യൂണിയൻ (യുവിഡബ്ല്യു) വാലൻ്റൈൻസ് ദിനത്തിൽ ഡെവൺഷെയേഴ്‌സ് സോളിസിറ്റേഴ്‌സ് ഓഫീസുകൾക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാർ 100 -ലധികം ട്യൂണ ക്യാനുകളും 300 സാൻഡ്‌വിച്ചുകളുമായി എത്തിയാണ് പ്രകടനം നടത്തിയത്. റോഡ്രിഗസിനുള്ള പിന്തുണയുടെ പ്രതീകമായി ഹൃദയാകൃതിയിലുള്ള ബലൂണുകളും അവർ പറത്തി. കുടിയേറ്റ തൊഴിലാളികളെ കമ്പനികൾ ചൂഷണം ചെയ്യുകയും വിവേചനം കാണിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് യുവിഡബ്ല്യു ജനറൽ സെക്രട്ടറി പെട്രോസ് ഏലിയ പറഞ്ഞു.