സുപ്രീംകോടതി ജഡ്ജിയുടെ പരാമർശത്തിൽ നിന്ന് ഉടലെടുത്ത 'കോക്രോച്ച് ജനത പാർട്ടി' എന്ന സമൂഹ മാധ്യമ പ്രസ്ഥാനം യുവജന പ്രതിഷേധത്തിന്‍റെ പുതിയ മുഖമാവുകയാണ്. അഭിജീത് ദിപ് കെ സ്ഥാപിച്ച ഈ കൂട്ടായ്മ, രാഷ്ട്രീയ പരിഹാസത്തിലൂടെ തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ദേശീയ ശ്രദ്ധ നേടുന്നു.

ചുരുക്കം ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ സമൂഹ മാധ്യമങ്ങളിൽ വൈറലായി 'കോക്രോച്ച് ജനത പാർട്ടി'. സുപ്രീംകോടതി (സിജെഐ) ജഡ്ജി സൂര്യകാന്ത്, ഇന്ത്യൻ യുവാക്കളെ പാറ്റകളെന്നും പരാന്നഭോജികളെന്നും വിളിച്ചെന്ന് ആരോപിച്ചാണ് സമൂഹ മാധ്യമങ്ങളിൽ പുതിയ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. എന്നാൽ, തന്‍റെ വാക്കുകൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് അവകാശപ്പെട്ടു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പുതിയ പ്രസ്ഥാനം സമൂഹ മാധ്യമങ്ങളിൽ ശക്തമായ ജനപിന്തുണയാണ് നേടിയെടുത്തത്.
'കോക്രോച്ച് ജനത പാർട്ടി'
സാമൂഹിക - രാഷ്ട്രീയ പരിഹാസത്തിന്‍റെ രൂപത്തിൽ ആരംഭിച്ച ഈ പ്രസ്ഥാനം പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിലെ യുവജന പ്രതിഷേധത്തിന്‍റെ വേദിയായി മാറി. 'കോക്രോച്ച് ജനത പാർട്ടി' അഥവാ സിജെപി. എന്ന പേരിൽ പ്രവർത്തിക്കുന്ന ഈ കൂട്ടായ്മ എക്സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാപക പ്രചാരം നേടിയത്. വെറും മൂന്ന് ദിവസം കൊണ്ട് ഒരു ലക്ഷത്തോളം ആളുകളാണ് പുതിയ പാർട്ടിയിൽ അംഗമായതെന്ന് 'കോക്രോച്ച് ജനത പാർട്ടി' അവകാശപ്പെട്ടു.
അഭിജീത് ദിപ്കെ
ആം ആദ്മി പാർട്ടിയുടെ സമൂഹ മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന അഭിജീത് ദിപ്കെ ആണ് ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. രാഷ്ട്രീയ വിമർശനങ്ങളും മീമുകളും ഉപയോഗിച്ചാണ് 'കോക്രോച്ച് ജനത പാർട്ടി' സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ, പരീക്ഷാ ക്രമക്കേടുകൾ, രാഷ്ട്രീയ അഴിമതി, ഭരണ സംവിധാനങ്ങളിലെ വിശ്വാസ നഷ്ടം എന്നീ വിഷയങ്ങളാണ് സിജെപി തങ്ങളുടെ സമൂഹ മാധ്യമ പോസ്റ്റുകളിലീടെ ഉന്നയിക്കുന്നത്.
അഞ്ചംഗ നയ പ്രഖ്യാപനം
“സെക്യുലർ, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ലേസി” എന്ന് സ്വയം വിശേഷിപ്പിച്ച് കൊണ്ടുള്ള പാർട്ടിയുടെ അവതരണം സമൂഹ മാധ്യമ ഉപയോക്താക്കളിൽ വ്യാപക ശ്രദ്ധ നേടി. പരിഹാസത്തിന്‍റെ ഭാഷയും മീമുകളും ഇവരുടെ രാഷ്ട്രീയ ആഭിമുഖ്യം വ്യാപിപ്പിക്കാൻ സഹായകമായി. പാർട്ടിയുടെ അഞ്ചംഗ നയ പ്രഖ്യാപനത്തിൽ സ്ത്രീകൾക്ക് കൂടുതൽ രാഷ്ട്രീയ പ്രതിനിധാനം, പാർട്ടികളിൽ നിന്ന് പാർട്ടികളിലേക്ക് ചാടുന്ന ജനപ്രതിനിധികൾക്ക് വിലക്ക്, വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഇടപെടൽ തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ തട്ടിപ്പുകൾക്കെതിരെയും യുവജന തൊഴിലില്ലായ്മയ്‌ക്കെതിരെയും പാർട്ടി ശക്തമായ നിലപാടാണ് ആവർത്തിക്കുന്നത്.
ദേശീയ ശ്രദ്ധയിലേക്ക്
തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും 'കോക്രോച്ച് ജനത പാർട്ടി'യുടെ മീമുകളെ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതോടെ പാർട്ടി ദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടി. രാഷ്ട്രീയ പരിഹാസമെന്ന നിലയിൽ തുടങ്ങിയ ഈ കൂട്ടായ്മ ഇന്ത്യയിലെ യഥാർത്ഥ രാഷ്ട്രീയ ശക്തിയായി വളരുമോയെന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ച. അതേസമയം ഇന്ത്യയിലെ ഡിജിറ്റൽ തലമുറ രാഷ്ട്രീയ അഭിപ്രായപ്രകടനത്തിന് കണ്ടെത്തിയ പുതിയ മാർഗങ്ങമാണ് 'കോക്രോച്ച് ജനത പാർട്ടി' എന്ന് വിദഗ്‍ദർ ചൂണ്ടിക്കാട്ടുന്നു. നേപ്പാളിലെ ജെൻസി വിപ്ലവത്തിന്‍റെ മറ്റൊരു മുഖമായി ഇന്ത്യയിലെ 'കോക്രോച്ച് ജനത പാർട്ടി' മാറുമോയെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിക്കുന്നു.അതേസമയം മൂന്ന് ദിവസത്തിനുള്ളിൽ ഒരു ലക്ഷം പേർ പാർട്ടിയിൽ അംഗങ്ങളായെന്നും സിജെപി അവകാശപ്പെടുന്നു.


