Asianet News MalayalamAsianet News Malayalam

തേങ്ങയടിച്ചു പൊളിക്കുന്നത് തലയില്‍, വ്യത്യസ്‍തമായ ആചാരവുമായി ഒരു ക്ഷേത്രം

അതും പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും കുട്ടികളും വരെ ഇതിന് മുതിരുന്നു എന്നത് അതിശയകരമാണ്. അനുഷ്ഠാന വേളയിൽ, വരിയായി ഭക്തർ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു. അമ്പലത്തിലെ പൂജാരിമാർ വലിയ നാളികേരം കൊണ്ടുവന്ന്‌ കാത്തിരിക്കുന്ന ഭക്തരുടെ തലയോട്ടിയിൽ അടിച്ച് പൊട്ടിക്കുന്നു. 

coconut breaking on devotees head ritual Tamil Nadu temple
Author
Tamil Nadu, First Published Dec 30, 2019, 3:11 PM IST

ഇന്ത്യ ഒരുപാട് വിചിത്രമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നാടാണ്. കാര്യസാധ്യത്തിനോ, ചരിത്രപരമായ ഒരു സംഭവത്തെ അനുസ്‌മരിക്കാനോ വേണ്ടിയാണ് ഇത്തരം ചടങ്ങുകൾ ആരാധനാലയങ്ങളിൽ കൂടുതലും നടക്കുന്നത്.  ഇപ്പോഴും ഇത്തരം അനവധി ആചാരങ്ങളെ മുറുകെ പിടിക്കുന്ന ഒരു സംസ്ഥാനമാണ് തമിഴ്‌നാട്. അവിടത്തെ ഒരു പ്രധാന ഉത്സവമാണ് ആടിപ്പെരുക്ക്. തമിഴ് മാസമായ ആടിയുടെ 18-ാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ജലം ലഭിക്കാനായി നടത്തുന്ന ഈ ഉത്സവത്തിൽ പക്ഷേ വളരെ പ്രത്യേകതയുള്ള ഒരു ആചാരം നടന്നുവരുന്നു. ഭക്തന്‍റെ തലയിൽ തേങ്ങ അടിച്ച് പൊട്ടിക്കുന്ന രീതിയാണ് അത്.

ഈ വേദനാജനകമായ ആചാരം കരൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് നടക്കുന്നത്. എല്ലാവർഷവും ആരും നിർബന്ധിക്കാതെ, സ്വന്തം ഇഷ്ടത്തിനാണ് ഇതിൽ പങ്കെടുക്കാനായി ഭക്തജനങ്ങൾ വരുന്നത്. അതും ഒന്നും രണ്ടുമല്ല, ആയിരങ്ങളാണ് എല്ലാ വർഷവും ഇങ്ങനെ തലയിൽ തേങ്ങ അടിക്കാനായി ഇവിടെ വരുന്നത്.

19 -ാം നൂറ്റാണ്ടിൽ ആരംഭിച്ചതായി കരുതപ്പെടുന്ന ഈ പുരാതന ആചാരത്തിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ഒരുകാലത്ത് ഭക്തർ ശിവനോട് സഹായത്തിനായി പ്രാർത്ഥിച്ചപ്പോൾ, ദേവൻ പ്രത്യക്ഷപ്പെട്ടില്ല. ഒടുവിൽ മൂന്ന് കണ്ണുകളുള്ള തേങ്ങ തലയിൽ അടിച്ച് പൊട്ടിച്ച് ദേവനെ പ്രസാദിപ്പിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ ഭക്തർ തലയിൽ തേങ്ങ അടിച്ച് പൊട്ടിക്കാൻ തുടങ്ങിയപ്പോൾ, ദയ തോന്നി ശിവൻ ഭക്തരുടെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം.

തലയിൽ തേങ്ങ അടിച്ച് പൊട്ടിക്കുമ്പോൾ നിങ്ങളുടെ ഭൂതകാലത്തെ പാപങ്ങൾ എല്ലാം തീരുമെന്നാണ് വിശ്വാസം. പാപം പോയാലും ഇല്ലെങ്കിലും, ചോര ഒരുപാട് പോകും. പലപ്പോഴും തലയോട്ടിക്ക് തന്നെ കാര്യമായ ക്ഷതവും സംഭവിക്കാം. ഗുരുതരമായ പരിക്കുകൾക്ക് വിധേയരായ അനവധി ഭക്തരെയാണ് ഓരോവർഷവും ഡോക്ടർമാർ ചികിത്സിക്കുന്നത്. ഈ ആചാരം മാരകവും ആരോഗ്യത്തിന് അപകടകരവുമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും, പിന്നെയും ആളുകൾ ഇതിന് ശ്രമിക്കുന്നത് ദുഃഖകരമായ കാര്യമാണ്.

അതും പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും കുട്ടികളും വരെ ഇതിന് മുതിരുന്നു എന്നത് അതിശയകരമാണ്. അനുഷ്ഠാന വേളയിൽ, വരിയായി ഭക്തർ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു. അമ്പലത്തിലെ പൂജാരിമാർ വലിയ നാളികേരം കൊണ്ടുവന്ന്‌ കാത്തിരിക്കുന്ന ഭക്തരുടെ തലയോട്ടിയിൽ അടിച്ച് പൊട്ടിക്കുന്നു. പലയിടത്തുനിന്നും വേദനകുതിർന്ന കരച്ചിലുകളും ആലറിവിളികളും കേൾക്കാം. ചോരയൊലിച്ചിറഞ്ഞുന്ന ഭക്തരുടെ തലയിൽ മഞ്ഞൾപ്പൊടിയോ വിഭൂതിയോ പുരട്ടാൻ ഒരുപാട് സഹായികൾ അവിടെയുണ്ട്. ദൈവകോപം പേടിച്ച് വൈദ്യസഹായം തേടാൻ പോലും മടിക്കുന്ന ഭക്തരുമുണ്ട് അക്കൂട്ടത്തിൽ.

ഇനി എങ്ങാൻ ഡോക്ടറുടെ അടുത്ത് പോയാലോ ചുരുങ്ങിയത്, ഒരു മൂന്നോ നാലോ തുന്നികെട്ടലുകൾ വേണ്ടിവരും. ചിലപ്പോൾ അതിലും ആഴത്തിലാണ് മുറിവെങ്കിൽ അടുത്ത വർഷം തേങ്ങയടിക്കാൻ ആള് ബാക്കികാണില്ലെന്നും വരാം. എന്നാൽ ഈ മുന്നറിയിപ്പുകൾക്കൊന്നും ഭക്തരെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ സാധിച്ചിട്ടില്ല.

“വർഷങ്ങളായി എന്‍റെ കുടുംബം ഇവിടെ വരുന്നു. ഇന്ന് ഞങ്ങൾ നാലുപേരും ആചാരത്തിനായി വന്നിട്ടുണ്ട്. നാളികേരങ്ങൾ നന്നായി അടിച്ച് തകർന്നാൽ, നല്ലത് വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” ഒരു ഭക്തൻ പറഞ്ഞു.

ഇത്രയും വിശേഷപ്പെട്ട ക്ഷേത്രത്തിനുള്ളിൽ  മറ്റൊരു വിസ്‍മയവുമുണ്ട്. ക്ഷേതത്തിനകത്ത് ഒരു പ്രത്യേക മ്യൂസിയമുണ്ട്. അവിടെ തേങ്ങയുടെ ആകൃതിയിലുള്ള നിരവധി കല്ലുകൾ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. വർഷങ്ങൾക്ക് മുൻപ് ക്ഷേത്രത്തിന് ചുറ്റും ഒരു കോമ്പൗണ്ട് മതിൽ പണിയാൻ പ്രദേശവാസികൾ ശ്രമിച്ചപ്പോൾ കണ്ടെത്തിയതാണ് ഈ കല്ലുകൾ.

Follow Us:
Download App:
  • android
  • ios