കമ്പനി മീറ്റിംഗിനിടെ മാമ്പഴം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ജീവനക്കാരിക്ക് ലണ്ടനിൽ നിന്നും മാമ്പഴം അയച്ചുനൽകി കമ്പനി ഡയറക്ടർ. മുദ്രിക കാവ്ഡിയ എന്ന യുവതി തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. ഡയറക്ടറുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

മ്പനി മീറ്റിംഗിനിടെ മാമ്പഴം മിസ് ചെയ്യുന്നുണ്ടെന്ന് ജീവനക്കാരി പറഞ്ഞപ്പോൾ, ലണ്ടനിൽ നിന്നും ഒരു പെട്ടി മാമ്പഴം അയച്ച് കൊടുത്ത കമ്പനി മുതലാളിക്ക് അഭിനന്ദനം. മാമ്പഴം കഴിക്കാൻ തോന്നുന്നെന്ന് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷം, കമ്പനി ഡയറക്ടർ തന്‍റെ വീട്ടിലേക്ക് മാമ്പഴം അയച്ചു നൽകിയെന്ന് ഒരു മുംബൈക്കാരി തന്‍റെ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. പിന്നാലെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ കമ്പനി ഡയറക്ടറുടെ നടപടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഇതുപോലുള്ള മുതലാളിമാരെ ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു യുവതിയുടെ കുറിപ്പ്.

മാമ്പഴം കഴിക്കാൻ കൊതി തോന്നുന്നു

ലണ്ടനിൽ നിന്നും പാഴ്സൽ ചെയ്ത് കിട്ടിയ മാമ്പഴത്തിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു മുദ്രിക കാവ്ഡിയ തന്‍റെ അനുഭവം എക്സിൽ കുറിച്ചത്. "കഴിഞ്ഞ ദിവസം ഒരു മീറ്റിംഗിൽ ഞാൻ എന്‍റെ ഡയറക്ടറോട് യാദൃശ്ചികമായി, ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ നല്ല മാമ്പഴം ലഭിക്കുന്നില്ലെന്നും എനിക്കും എന്‍റെ അച്ഛനും അവ എത്രമാത്രം നഷ്ടമാകുന്നുണ്ടെന്നും പറഞ്ഞു. ഡയറക്ടർ ലണ്ടനിലാണ്, മുംബൈയിൽ നിന്നുള്ളയാളാണ്, രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹം ആരുടെയോ കൈവശം രണ്ട് പെട്ടി മാമ്പഴം എന്‍റെ വീട്ടിലേക്ക് എത്തിച്ചു. അത്തരം നേതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ." മുദ്രിക തന്‍റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

Scroll to load tweet…

പ്രതികരിച്ച് നെറ്റിസൺസ്

മുദ്രികയുടെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ കമ്പനി ഡയറക്ടറുടെ പ്രവ‍ർത്തിക്ക് അഭിനന്ദനവുമായെത്തി. ഇത്തരം പ്രവർത്തികൾ ഉന്നത സ്ഥാനത്തുള്ളവരുടെ മാനുഷിക വശത്തെ കാണിക്കുന്നെന്ന് ചിലർ ചൂണ്ടിക്കാട്ടി. 'ആ ഡയറക്ടറെ ദൈവം അനുഗ്രഹിക്കട്ടെ. അത്തരം ഡയറക്ടർമാരെ എന്‍റെ ജീവിതത്തിലേക്കും അയക്കണേ' എന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. പലരും ഇതുപോലൊരു തൊഴിലുടമയെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യവതിയാണെന്ന് കുറിച്ചു. കമ്പനി ഉടകളുടെയും മാനേജർമാരുടെയും ഇത്തരം പ്രവ‍ർത്തികൾ ജീവനക്കാരിൽ വലിയൊരു ബന്ധം അവശേഷിപ്പിക്കുമെന്നും അത് ഗുണം ചെയ്യുന്നത് കമ്പനിയ്ക്ക് തന്നെയാണെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം ഇത്തരം സർപ്രേസുകൾ പ്രതീക്ഷിച്ച് ഇനി കമ്പനി മീറ്റിംഗുകളിൽ തങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളെ കുറിച്ച് ജീവനക്കാർ സംസാരിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പ്.