ഭർത്താവ് എതിരാളിയുടെ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന കാരണത്താൽ ഷാങ്ഹായ് കമ്പനി ഒരു ജീവനക്കാരിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ടു. എന്നാൽ, കോടതിയെ സമീപിച്ച യുവതിക്ക് അനുകൂലമായി വിധി വരുകയും, കമ്പനി 83 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തു. കമ്പനിയുടെ വാദങ്ങൾ തള്ളിയ കോടതി, മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തി.

Add Asianetnews as a Preferred SourcegooglePreferred

ർത്താവ് എതിരാളിയുടെ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന കാരണത്താൽ ജീവനക്കാരിയെ നിയമ വിരുദ്ധമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഷാങ്ഹായ് കമ്പനിക്ക് കോടതി കനത്ത പിഴ ചുമത്തി. 6,90,000 യുവാൻ (ഏകദേശം 83 ലക്ഷം ഇന്ത്യൻ രൂപ) യുവതിക്ക് നഷ്ടപരിഹാരമായി നൽകാൻ ഷാങ്ഹായ് എക്സുഹുയി ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതിയാണ് ഉത്തരവിട്ടത്.

കമ്പനിക്ക് പ്രതികൂലമെന്ന്

ലീയു എന്ന് പേരുള്ള യുവതി 2006 മുതലാണ് പ്രോപ്പർട്ടി മാനേജ്‌മെന്‍റ് രംഗത്ത് പ്രവർത്തിക്കുന്ന ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ, 2023 അവസാനത്തോടെ, ലീയുവിന്‍റെ ഭർത്താവ് എതിരാളിയുടെ കമ്പനിയിൽ ജനറൽ മാനേജറായി സേവനമനുഷ്ഠിക്കുന്നത് തങ്ങളുടെ സ്ഥാപനത്തിന് "പ്രതികൂലമായ പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുന്നുവെന്ന് കാണിച്ച് കമ്പനി ലീയുവിനെ പിരിച്ചു വിട്ടു. തന്‍റെ പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2024 ഫെബ്രുവരിയിൽ ലീയു ലേബർ ആർബിട്രേഷൻ കമ്മിറ്റിയെ സമീപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ, ശമ്പള ഇനത്തിലുള്ള നഷ്ടപരിഹാരവും അവധി ദിവസങ്ങളിലെ ശമ്പളവും ഉൾപ്പെടെയുള്ള തുക നൽകാൻ കമ്മിറ്റി ഉത്തരവിട്ടു.

കേടതി കേറി കമ്പനിയും

എന്നാൽ, ഈ ഉത്തരവ് അംഗീകരിക്കാൻ കമ്പനി തയ്യാറായില്ല. ഓപ്പറേഷൻസ് മാനേജർ എന്ന നിലയിൽ ലീയുവിന് കമ്പനിയുടെ അതീവ രഹസ്യങ്ങൾ അറിയാമെന്നും, അത് ഭർത്താവിന്‍റെ കമ്പനിക്ക് ചോർത്തി നൽകാൻ സാധ്യതയുണ്ടെന്നും ആരോപിച്ച് അവർ വീണ്ടും കോടതിയെ സമീപിച്ചു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം ലീയു നിഷേധിച്ചു. താൻ ഒരു സപ്പോർട്ടിങ് റോൾ മാത്രമാണ് ചെയ്തിരുന്നതെന്നും ഭർത്താവ് ആ കമ്പനിയിൽ ഔദ്യോഗികമായി ജോലി ചെയ്യുന്നില്ലെന്നും അവർ കോടതിയിൽ വ്യക്തമാക്കി.

നഷ്ടപരിഹാരം വിധിച്ച് കോടതി

കേസ് പരിഗണിച്ച കോടതി കമ്പനിയുടെ വാദങ്ങൾ തള്ളി. ലീയുവിന്‍റെ സ്ഥാനം ഉപയോഗപ്പെടുത്തി ഭർത്താവ് കമ്പനിയുടെ താൽപ്പര്യങ്ങളെ ഹനിച്ചുവെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ നൽകാൻ കമ്പനിക്ക് കഴിഞ്ഞില്ല. ചൈനീസ് തൊഴിൽ നിയമപ്രകാരം, 'നോൺ-കമ്പീറ്റ്' (non-compete) വ്യവസ്ഥകൾ മുതിർന്ന ഉദ്യോഗസ്ഥർക്കോ സാങ്കേതിക വിദഗ്ധർക്കോ മാത്രമേ ബാധകമാകൂ. ലീയു അത്തരമൊരു പദവിയിലല്ലായിരുന്നെന്നും അത്തരം കരാറുകളിലൊന്നും അവർ ഒപ്പിട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ഒരേ മേഖലയിലെ വ്യത്യസ്ത കമ്പനികളിൽ ദമ്പതികൾ ജോലി ചെയ്യുന്നത് സ്വാഭാവികമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചു. പിന്നാലെ കോടതി കമ്പനിയോട് 6,90,000 യുവാൻ ലീയുവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. കമ്പനിയുടെ സുരക്ഷാ ആശങ്കകളെ ഒരു വിഭാഗം അനുകൂലിച്ചപ്പോൾ, വ്യക്തമായ തെളിവുകളില്ലാതെ ഒരാളെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.