ഒരു രാജ്യത്തിന് നേരെ, അവിടത്തെ പൗരന്മാർക്ക് നേരെ ദുരന്തങ്ങളുടെ ആക്രമണമുണ്ടാകുമ്പോൾ അവിടത്തെ രാഷ്ട്രനേതാക്കൾ അതിനെ സമീപിക്കുന്ന രീതി വ്യത്യസ്‍തമാണ്. ചിലർ അതിനെ നിസ്വാർത്ഥമായ ജനസേവനത്തിന് പ്രയോജനപ്പെടുത്തും. മറ്റുചിലരാകട്ടെ ആ ദുരന്തത്തിലും കാണുക, അവനവന്റെ വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള അവസരമാണ്. അത്തരത്തിൽ ഒരു അവസരവാദസമീപനത്തെപ്പറ്റിയുള്ള റിപ്പോർട്ടുകളാണ് ഹംഗറിയിൽ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൊറോണ ഉടുമ്പടക്കം പിടികൂടിയപ്പോൾ ഹംഗറിയിൽ ക്വാറന്റൈനിൽ ആയത് അവിടത്തെ ജനാധിപത്യമാണ്. 

തിങ്കളാഴ്ച ഹംഗേറിയൻ പാർലമെന്റ് ഒരു നിയമം പാസ്സാക്കി. അത് രാജ്യത്തിൻറെ പ്രീമിയർ ആയ വിക്ടർ ഓർബന് പരിധിവിട്ടുള്ള സവിശേഷാധികാരങ്ങൾ അനിശ്ചിതകാലത്തേക്ക് നൽകിക്കൊണ്ടുള്ള ഒന്നാണ്. അങ്ങനെ ഒരു നിയമമില്ലാതെ രാജ്യത്തെ പ്രവേശിച്ച കൊറോണാവൈറസിനെ ഉച്ചാടനം ചെയ്യാനാവില്ലെന്നാണ് ഓർബൻ പറയുന്നത്. 'ആന്റി കൊറോണാവൈറസ് ഡിഫൻസ് ലോ' എന്നറിയപ്പെടുന്ന ഈ നിയമത്തെ രാജ്യത്തും വിദേശത്തും കഴിയുന്ന ഹംഗേറിയൻ പൗരന്മാരിൽ നല്ലൊരു ഭാഗം വിമർശിച്ചുകഴിഞ്ഞു. അത് അനാവശ്യമായി, അളവറ്റ അധികാരം ഓർബന് നൽകുന്ന ഒന്നാണെന്നും, വൈറസിനെ തുരത്തുക എന്നതിലുപരി ഹംഗറിയുടെ രാഷ്ട്രീയഇടനാഴികളിൽ ഓർബന്റെ സ്ഥാനം എന്നെന്നേക്കുമായി അരക്കിട്ടുറപ്പിക്കുക എന്നതാണ് പ്രസ്തുത ബില്ലിന്റെ ഒരേയൊരുദ്ദേശ്യം എന്നും പ്രതിയോഗികൾ ആക്ഷേപിക്കുന്നു. 

 

മാർച്ച് 11 -നു തന്നെ കൊറോണയുടെ പേരും പറഞ്ഞ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു ഓർബൻ. അതിനു പുറമെയാണ് ഈ പുതിയ നിയമം കൊണ്ടുവരുന്നത്. അതോടെ എല്ലാം പൂർണ്ണമായി. ഹംഗറിയിൽ ഇനി ജനാധിപത്യത്തിന്റെ കണികാ പോലും കാണാൻ കിട്ടില്ല. ഈ നിയമം വരുന്നതോടെ അടിയന്തരാവസ്ഥ എത്ര കാലം വേണോ അത്രയും കാലം നീട്ടാൻ ഇനി പാർലമെന്റിന്റെയോ എംപിമാരുടെയോ ഒന്നും സമ്മതത്തിന്റെ ആവശ്യമില്ല. അടിയന്തരാവസ്ഥക്കാലം തീരും വരെ പുതിയ തെരഞ്ഞെടുപ്പുകളും പാടില്ല. 

കൊറോണാ വൈറസിനെപ്പറ്റിയോ അതിനെതിരെ ഗവൺമെന്റ്നടത്തുന്ന പോരാട്ടങ്ങളെപ്പറ്റിയോ ഒക്കെ അഭ്യൂഹങ്ങൾ പറഞ്ഞു പരത്തുന്നവർക്ക് അഞ്ചുകൊല്ലത്തെ ജയിൽവാസം നൽകാൻ ഈ നിയമം അനുശാസിക്കുന്നു. അതോടെ അപകടത്തിലാകുന്നത് മാധ്യമ സ്വാതന്ത്ര്യമാണ്.  ഹംഗേറിയൻ പാർലമെന്റിൽ ഓർബന്റെ ഫിഡെസ് പാർട്ടിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് 'കൊറോണയ്ക്കെതിരായ പോരാട്ടം ബലപ്പെടുത്തുന്നതിനുവേണ്ടി' കൊണ്ടുവന്ന ഈ നിയമം പാർലമെന്റ് 53 നെതിരെ 137 വോട്ടിനു നിഷ്പ്രയാസം പാസ്സാക്കി. 

"അടിയന്തരാവസ്ഥ പിൻവലിക്കുന്ന ദിവസം പാർലമെന്റിന് അതിന്റെ അവകാശങ്ങളും പൂർവസ്ഥിതിയിൽ തിരിച്ചു നൽകപ്പെടും. " അധികാരകേന്ദ്രീകരണത്തെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവെച്ച പ്രതിയപക്ഷത്തോട് ഓർബൻ നിയമം പാസ്സാക്കിയ ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ഏറെ കർക്കശ സ്വാഭാവിയായ, ഒട്ടു സ്വേച്ഛാധിപത്യത്വര തന്നെയുള്ള നേതാവ് എന്നാണ് ഓർബൻ പാർട്ടിക്കുള്ളിൽ പോലും അറിയപ്പെടുന്നത്. തൻറെ ഭരണത്തിൻ കീഴിൽ കഴിഞ്ഞ ഒരു ദശാബ്ദമായി തുടരുന്ന രാജ്യത്തിൻറെ രാഷ്ട്രീയ, നീതിന്യായ, ഭരണഘടനാ സാഹചര്യങ്ങൾ പാടെ മാറ്റിമറിക്കാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്. ഹംഗറി യൂറോപ്യൻ യൂണിയനിൽ അംഗമാണെങ്കിലും മറ്റംഗങ്ങളുമായി നിരന്തരം വഴക്കുകൾ പതിവാണ്. 

എന്നാൽ, പ്രതിപക്ഷം അകാരണമായി വേവലാതിപ്പെടുകയാണ് എന്നും, ഈ പുതിയ നിയമ സംവിധാനങ്ങൾ കൊണ്ടുവന്നത് കൊവിഡ് 19 -നെ കാര്യക്ഷമമായി എതിരിടാൻ വേണ്ടി മാത്രമാണ് എന്നും, മഹാമാരിയുടെ ഭീഷണി അകന്നാൽ താമസിയാതെ തന്നെ പാർലമെന്റിന്  പൂർവാധികം ശക്തിയോടെ അധികാരങ്ങൾ തിരികെ നൽകുമെന്നും ഓർബൻ പറയുന്നുണ്ട്. മാത്രവുമല്ല, തന്റെ ബില്ലിനെ എതിർക്കുക വഴി പ്രതിപക്ഷം വൈറസിന്റെ പക്ഷത്താണ് നിൽക്കുന്നത് എന്ന് തെളിയിക്കുകയാണ് ചെയ്തത് എന്നും ഓർബൻ ആരോപിച്ചു. പ്രതിപക്ഷത്തിന് യാതൊരു വിധത്തിലും അംഗീകരിക്കാൻ പറ്റാത്ത നിർദേശങ്ങൾ ഉൾക്കൊള്ളുന്നൊരു ബില്ല് കൊണ്ടുവന്ന് അവർ അതിനെ എതിർക്കുന്ന സാഹചര്യം ഉണ്ടാക്കുകയും, അതിനു ശേഷം ആ എതിർപ്പിനെ രാജ്യത്തിന്റെ ക്ഷേമത്തിനെതിരായ നിലപാടായി വായിച്ചെടുക്കുകയും ചെയ്യുന്ന ഗൂഢതന്ത്രമായിരുന്നു ഓർബൻ പ്രയോഗിച്ചത്. കൂട്ടിന് ദേശീയതാവാദവും ഉണ്ട്. 

ഹംഗറിയിലേക്ക് മറ്റുരാജ്യങ്ങളിൽ നിന്ന് അഭയാർത്ഥികൾ വരുന്നതിനെ ശക്തമായി എതിർത്ത് പോന്നിട്ടുള്ള ഓർബൻ പറയുന്നത്, രാജ്യത്തേക്ക് അപകടകാരികളായ വൈറസുകൾ കൊണ്ടുവരുന്നത് ഇങ്ങനെ വരുന്ന കുടിയേറ്റക്കാരാണ് എന്നാണ്. ആകെ ഒരു കോടി മാത്രമാണ് ഹംഗറിയുടെ ജനസംഖ്യ. അതിൽ 447 കേസുകളിലായി ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 15 മരണങ്ങളാണ്. ആദ്യത്തെ രണ്ടു പോസിറ്റീവ് കേസുകൾ ഇറാനിൽ നിന്ന് വന്ന വിദ്യാർത്ഥികളായിരുന്നു എന്നതാണ് ഓർബന്റെ ആരോപണത്തിന് കാരണം. എന്തായാലും, കൊറോണാ വൈറസിന്റെ കൂട്ടുപിടിച്ച്, ജനങ്ങളുടെ അരക്ഷിതാവസ്ഥയെ മുതലെടുത്ത് പുതിയ നിയമനിർമ്മാണം വഴി അനിശ്ചിതകാലത്തേക്ക് അധികാരം തന്നിൽ കേന്ദ്രീകരിക്കുക വഴി ഓർബൻ ചെയ്തത് ഹംഗറിയുടെ ജനാധിപത്യത്തെ മരണക്കിടക്കയിൽ ആകുകയാണ് എന്ന് വിമർശകർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.