അതേസമയം വീഡിയോ പകർത്തുന്ന മറ്റൊരാൾ ചോദിക്കുന്നത്, 'ഈ റസ്റ്റോറന്റിൽ കാലുകൾ കാണിക്കുന്ന ആളുകളെ മാത്രമേ കയറ്റുകയുള്ളോ' എന്നാണ്.

ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികൾക്ക് ദില്ലിയിലെ റെസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണം. വീഡിയോ വൈറലായതോടെ റെസ്റ്റോറന്റിന് നേരെ വലിയ വിമർശനമാണ് ഉയരുന്നത്. ദില്ലിയിൽ പ്രവർത്തിക്കുന്ന ഒരു റെസ്റ്റോബാറിനെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. ഓഗസ്റ്റ് 3 -നാണ് പിതം പുരയിലെ തുബാറ്റ ബാർ ആൻഡ് റെസ്റ്റോറന്റിൽ സംഭവം നടന്നത്.

വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍, പുരുഷന്‍ ടീ-ഷര്‍ട്ടും പാന്റുമാണ് ധരിച്ചിരിക്കുന്നത് എന്ന് കാണാം. ഒപ്പമുള്ള സ്ത്രീ സല്‍വാര്‍-കുര്‍ത്തയാണ് ധരിച്ചിരിക്കുന്നത്. 'പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിച്ചവരെയും ദേഹം കാണുന്ന തരത്തിൽ വസ്ത്രം ധരിച്ചവരെയും അകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും നാട്ടിലെ വസ്ത്രധാരണം മാത്രമാണ് തങ്ങളെ അകത്തേക്ക് പ്രവേശിപ്പിക്കാതെ തടയാൻ കാരണമായത്' എന്നാണ് ദമ്പതികള്‍ ആരോപിക്കുന്നത്.

'ഈ വസ്ത്രം മോശമാണോ' എന്ന് വീഡിയോയിൽ കാണുന്ന പുരുഷൻ റെസ്റ്റോറന്റിലെ ജീവനക്കാരോട് ചോദിക്കുന്നത് കാണാം. 'റെസ്റ്റോറന്റ് തങ്ങളെ അകത്ത് കയറാൻ അനുവദിച്ചില്ല. എന്നാൽ, ഷോർട്സ് ധരിച്ചവരെ അകത്തേക്ക് കയറ്റി വിടുന്നുണ്ട്' എന്നും ഇയാൾ പിന്നാലെ പറയുന്നുണ്ട്.

അതേസമയം വീഡിയോ പകർത്തുന്ന മറ്റൊരാൾ ചോദിക്കുന്നത്, 'ഈ റസ്റ്റോറന്റിൽ കാലുകൾ കാണിക്കുന്ന ആളുകളെ മാത്രമേ കയറ്റുകയുള്ളോ' എന്നാണ്. 'നമ്മുടെ ബഹുമാനപ്പെട്ട രാഷ്ട്രപതിയും ഡൽഹി മുഖ്യമന്ത്രിയും സ്ത്രീകളാണ്. അവർ ഇവിടെ വന്നാൽ സാരി ധരിച്ചതിന്റെ പേരിൽ അവരെ അകത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുമോ' എന്നും അയാൾ ചോദിക്കുന്നുണ്ട്.

Scroll to load tweet…

റെസ്റ്റോറന്റ് സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. അവരുടെ ഡ്രസ്സ് പോളിസിയുടെ ഭാ​ഗമായിട്ടാണ് ദമ്പതികളെ തടഞ്ഞത് എന്നാണ് കരുതുന്നത്. എന്നാൽ, വീഡിയോ വൈറലായതോടെ ഡൽഹി കാബിനറ്റ് മന്ത്രി കപിൽ മിശ്ര സംഭവത്തെ കുറിച്ച് എക്സിൽ കുറിച്ചിട്ടുണ്ട്. 'പിതാംപുരയിലുള്ള ഈ റെസ്റ്റോറന്റിന്റെ നടത്തിപ്പുകാർ ഇനി വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തിൽ അവിടെ യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്തില്ലെന്നും ഇന്ത്യൻ വസ്ത്രത്തിൽ എത്തുന്നവരെയും സ്വാഗതം ചെയ്യുമെന്നും സമ്മതിച്ചിട്ടുണ്ട്' എന്നാണ് പോസ്റ്റിൽ പറയുന്നത്.