Asianet News MalayalamAsianet News Malayalam

മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു, എഫ്‍ബിയിൽ ഫോട്ടോയുമിട്ടു, 12000 ബില്ല്, സി​ഗരറ്റ് വലിക്കാനെന്നും പറഞ്ഞ് മുങ്ങി

ഭക്ഷണത്തിൻ്റെയും ഡ്രിങ്ക്സിന്റെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഉടനെ തന്നെ ഇരുവരും സ്ഥലം വിട്ടതായിട്ടാണ് റെസ്റ്റോറന്റ് ആരോപിക്കുന്നത്.

couple leave restaurant without paying 12000 bill in uk
Author
First Published Aug 12, 2024, 10:24 PM IST | Last Updated Aug 12, 2024, 10:24 PM IST

12000 രൂപയ്ക്ക് ഭക്ഷണം കഴിച്ച് ഒരു രൂപാ പോലും ബില്ലടയ്ക്കാതെ ഹോട്ടലിൽ നിന്നും മുങ്ങി ദമ്പതികൾ. എന്നാൽ, രസം ഇതൊന്നുമല്ല. കഴിച്ച ഭക്ഷണത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവയ്ക്കാൻ ഇരുവരും മറന്നില്ല. 

ആ​ഗസ്ത് അഞ്ചിന് യുകെയിലെ ഡോർസെറ്റിലെ ലാസി ഫോക്സ് റെസ്റ്റോറന്റിൽ നിന്നാണത്രെ ഇരുവരും ലാവിഷായി ഭക്ഷണം കഴിച്ചത്. ബർഗറുകൾ, ഹാലൂമി, സ്വീറ്റ് പൊട്ടറ്റോ ഫ്രൈസ്, ബിസ്‌കോഫ് ചീസ് കേക്ക് എന്നിവയ്‌ക്കൊപ്പം ആറ് എസ്‌പ്രസ്‌സോ മാർട്ടിനിയും ഇരുവരും കഴിച്ചത്രെ. 

റെസ്റ്റോറന്റ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വീഡിയോയിൽ പറയുന്നത് ദമ്പതികൾ ഏകദേശം ഒരു മണിക്കൂറെടുത്താണ് തങ്ങളുടെ ഭക്ഷണം കഴിച്ചു തീർത്തത് എന്നാണ്. സി​ഗരറ്റിന് വേണ്ടി പുറത്ത് പോകുന്നു എന്നും പറഞ്ഞാണ് ഇരുവരും എഴുന്നേറ്റത്. എന്നാൽ, സി​ഗരറ്റിന്റെ പേരും പറഞ്ഞ് പോയ രണ്ടുപേരും പിന്നെ തിരികെ വന്നില്ല, ബില്ലും അടച്ചില്ല. 

ഭക്ഷണത്തിൻ്റെയും ഡ്രിങ്ക്സിന്റെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഉടനെ തന്നെ ഇരുവരും സ്ഥലം വിട്ടതായിട്ടാണ് റെസ്റ്റോറന്റ് ആരോപിക്കുന്നത്. ലേസി ഫോക്‌സിൻ്റെ കോ ഫൗണ്ടർ മൗറിസിയോ സ്‌പിനോള പറയുന്നത് സംഭവം ജീവനക്കാരെ ഞെട്ടിച്ചു എന്നാണ്. തന്റെ കമ്പനി സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന കമ്പനിയാണ്. ഇങ്ങനെ പണം തരാതെ മുങ്ങിയാൽ അത് ബാധിക്കുമെന്നും സ്പിനോള പറഞ്ഞു. 

സി​ഗരറ്റ് വലിക്കാൻ പോകുന്നു എന്ന് പറയുമ്പോൾ പേഴ്സോ, മൊബൈലോ വാങ്ങി വയ്ക്കാൻ സാധിക്കില്ലല്ലോ? തങ്ങളുടേത് ഒരു ചെറിയ സ്ഥാപനമാണ് ആളുകൾ ഇങ്ങനെ തുടങ്ങിയാലെന്ത് ചെയ്യും എന്നാണ് ഉടമകൾ ചോദിക്കുന്നത്. എന്തായാലും, ഡോർസെറ്റ് പോലീസ് പറയുന്നത് ദമ്പതികളെ കുറിച്ച് സൂചന കിട്ടിയിട്ടുണ്ട് എന്നാണ്.

Latest Videos
Follow Us:
Download App:
  • android
  • ios