'കാറ്റലിൻ- എലീന' ദമ്പതികൾക്ക് പ്രായം ഇരുപത്തഞ്ചോ ഇരുപത്താറോ കാണും പരമാവധി. കാറ്റലിന്റെ ദേഹം മുഴുവൻ ടാറ്റൂ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഈ ദമ്പതികൾക്ക് ഏറെ ഫോളോവേഴ്സുണ്ട്.   കാറ്റലിന്റെ അമ്മയുടെ വീട്ടിലാണ് താമസം. അവർക്ക് ജർമനിയിൽ നിന്നും ആഫ്രിക്കയിലേക്ക് തങ്ങളുടെ 'ടാൻഡം സൈക്കിളി'ൽ പര്യടനം നടത്തണം. മാനസികാരോഗ്യത്തെപ്പറ്റി അവബോധം പൊതുജനങ്ങൾക്കിടെ ഉണ്ടാക്കുകയാണ് ഈ പര്യടനത്തിന്റെ ലക്‌ഷ്യം.  9000  പൗണ്ടാണ് പര്യടനത്തിന് ഇവർ ചെലവ് പ്രതീക്ഷിക്കുന്നത്. ഏകദേശം എട്ടുലക്ഷം ഇന്ത്യൻ രൂപ.

തങ്ങളുടെ സ്വപ്നസഞ്ചാരം സാക്ഷാത്കരിക്കാനുള്ള പണമുണ്ടാക്കാൻ അവരിരുവരും ചേർന്ന് 'GoFundMe' എന്ന സൈറ്റിൽ ഒരു ഫണ്ട് റൈസർ  റിക്വസ്റ്റ് കൊടുത്തിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ സഹൃദയരായ നാട്ടുകാർ തങ്ങളുടെ ഈ സദുദ്യമത്തിന് ധനസഹായമേകും എന്നാണ് അവരുടെ അടിയുറച്ച വിശ്വാസം. 

ജോലി ചെയ്യുക എന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു ഓപ്‌ഷൻ അല്ലായിരുന്നു തുടക്കം മുതൽക്കുതന്നെ.  ഇപ്പോൾ രണ്ടു ജോലികൾ ചെയ്തുകൊണ്ട് അവരെ പോറ്റുന്നത്  കാറ്റലിന്റെ അമ്മയാണ്. 

എന്നാൽ പ്രതീക്ഷയ്ക്കു വിരുദ്ധമായി ഈ ആവശ്യം കേട്ട ഇന്റർനെറ്റിലെ ഒരുവിധം എല്ലാവരും അവരോട് ചോദിക്കുന്നത് ഒരേ ചോദ്യമാണ്, " ഇങ്ങനെ ഇരക്കാൻ നിൽക്കാതെ, പോയി വല്ല തൊഴിലും ചെയ്ത ജീവിച്ചൂടെടോ..? " 

അതിനും അവർക്ക് മറുപടിയുണ്ട്. കാര്യമായ വിദ്യാഭ്യാസമൊന്നും ഇല്ലാത്തതുകൊണ്ട് ഒരുവിധം തൊഴിലൊന്നും എടുക്കാൻ പറ്റില്ല. ഇനി രണ്ടു പേരും മെനക്കെട്ട് ജോലിയൊക്കെ ചെയ്‌ത്‌ അവനവന്റെ കാര്യങ്ങൾ വൃത്തിക്ക് നോക്കി എന്നുതന്നെ വെക്കുക.  അതൊന്നും മറ്റുള്ളവരുടെ ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ ഉണ്ടാക്കുന്നതിന്റെയത്ര മഹത്വമുള്ള കാര്യമല്ല. അതുകൊണ്ട് എങ്ങനെയും ഫണ്ട് തരപ്പെടുത്തി തങ്ങളുടെ'ഡ്രീം റൈഡി'ന് എത്രയും പെട്ടെന്നുതന്നെ ഇറങ്ങിപ്പുറപ്പെടാനാണ് ഇവരുടെ പ്ലാൻ. 

മോഡലിംഗിനെപ്പറ്റി ഇവർ ചിന്തിച്ചിരുന്നു. എന്നാൽ ഉപഭോക്തൃ സംസ്കാരത്തിന്റെ പതാകാവാഹകരാകാൻ താല്പര്യമില്ലാഞ്ഞതിനാൽ അതിനു തുനിഞ്ഞിറങ്ങിയില്ല. ഒരു സാധാരണ ഉപജീവന മാർഗം സ്വീകരിക്കുന്നത് അത്ര മികച്ച ഒരു തീരുമാനമാവില്ല എന്ന് അവർ കരുതുന്നു. അവർ ഇതിനകം തന്നെ ചില രാജ്യങ്ങളിലൊക്കെ സന്ദർശനം നടത്തി തിരിച്ചുവന്നു കഴിഞ്ഞു. ഈ യാത്രകളാണ് തങ്ങളുടെ നിയോഗത്തിലേക്ക് അവരെ അടുപ്പിച്ചതത്രെ.  

ഇൻസ്റ്റാഗ്രാമിൽ അവരുടെ ഒരു പോസ്റ്റ് കണ്ട ഒരാൾ അവരോട് ചോദിച്ചത് ഇങ്ങനെയാണ്, " നിങ്ങളുടെ അമ്മയെന്നു പറയുന്ന ആ സാധു സ്ത്രീ, രണ്ടു സ്ഥലത്ത് ജോലി ചെയ്ത നിങ്ങൾക്ക് ഉലകം ചുറ്റാനുള്ള കാശു കൊണ്ടുതരുന്നു എന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നില്ലേ? തമാശയല്ല..! കാര്യമായി ചോദിക്കുകയാണ്.. ഉളുപ്പുണ്ടോ നിങ്ങൾക്ക്..? " 

" കുറച്ചുകാലം എല്ലുമുറിയെ പണിചെയ്ത് കുറെ കാശൊക്കെ ഉണ്ടാക്കിയിട്ട് സൈക്കിളിൽ ഉലകം ചുറ്റുന്നതിനെപ്പറ്റി എന്ത് പറയുന്നു..? " എന്ന് മറ്റൊരാൾ ചോദിച്ചു. 

ഇതുവരെ അവർക്ക് തങ്ങളുടെ സ്വപ്നസഞ്ചാരത്തിനായി ഇന്റർനെറ്റിൽ നിന്നും കിട്ടിയത് 180  പൗണ്ട് മാത്രമാണ്. 

" ഇപ്പോൾ അമ്മയാണ് ഞങ്ങളെ സഹായിക്കുന്നത്. ഞങ്ങൾ അങ്ങോട്ട് കാശൊന്നും ഇതുവരെ ചോദിച്ചിട്ടല്ല അവർ തരുന്നത്. ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചു കാണാൻ അവർക്കും ആഗ്രഹമുണ്ട്.." 

സാമൂഹ്യമാധ്യമങ്ങളിലെ വിമർശനത്തെ അവർ അവഗണിക്കുന്നേയുള്ളൂ. " പണം.. പണം.. ആളുകൾ എന്തിനാണാവോ ഈ പണത്തെ ഇത്ര വലിയ വിഷയമായി കാണുന്നത്. ദേഹത്തുള്ള ടാറ്റൂ.. പിന്നെ എന്റെ കാമുകിയുടെ ഈ സൗന്ദര്യം, ഇൻസ്റ്റാഗ്രാമിൽ ഞങ്ങൾക്കുള്ള ഫോളോവേഴ്സ്.. ഇതൊക്കെ ഞങ്ങൾക്ക് പുതിയ പുതിയ വാതായനങ്ങളാണ് തുറന്നു തന്നിരിക്കുന്നത്.. ഞങ്ങൾക്ക് വേണമെങ്കിൽ ഇൻസ്റ്റാഗ്രാമിലെ  മറ്റു പലരെയും പോലെ ലാവിഷായി പണം ചെലവിട്ട് അതിന്റെ ചിത്രങ്ങൾ പങ്കുവെക്കാം. പക്ഷേ, അങ്ങനെ ചെയ്യാൻ ഞങ്ങളുടെ സംസ്കാരം ഞങ്ങളെ അനുവദിക്കുന്നില്ല..."  ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു.