എന്നാൽ 1912 -ലെ ദുരന്തത്തിൽ മരണമടഞ്ഞ 1,523 വ്യക്തികളോട് ദമ്പതികൾ അനാദരവ് കാണിച്ചു എന്നതുൾപ്പടെയുള്ള വിമർശനം അവർക്ക് അന്ന് നേരിടേണ്ടി വന്നിരുന്നു.
കാണാതായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്ര ഒരു മഹാദുരന്തമായതിന്റെ ഞെട്ടലിലാണ് ലോകം. ജൂൺ 18 -നാണ് അഞ്ച് യാത്രികരടങ്ങിയ ആ സാഹസിക സംഘം കടലിൽ അപ്രത്യക്ഷമാകുന്നത്. അന്നു മുതൽ തുടങ്ങിയ തിരച്ചിലുകൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഇപ്പോൾ പുറത്തിവന്നിരിക്കുന്നത് ഒരിക്കലും കേൾക്കാൻ ഇടയാകരുതേയെന്ന് ലോകം മുഴുവൻ ആഗ്രഹിച്ച ഒരു വാർത്തയാണ്. അഞ്ച് യാത്രികരും മരണപ്പെട്ടതായുള്ള സ്ഥിരീകരണമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടൈറ്റാനിക്കുമായി ബന്ധപ്പെട്ട നിരവധി ചർച്ചകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. ഇതിനിടയിൽ ഒരു റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. തകർന്ന ടൈറ്റാനിക് കപ്പലിന് സമീപത്ത് വെച്ച് വിവാഹിതരാകാൻ തീരുമാനിച്ച ഒരു ദമ്പതികളുടെ കഥയാണ് ഇത്.
ന്യൂയോർക്ക് നിവാസികളായ ഡേവിഡ് ലീബോവിറ്റ്‌സും കിംബർലി മില്ലറും ആണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്തുവെച്ച് വിവാഹിതരായത്. 2001 -ലായിരുന്നു ഇവർ ഈ സാഹസിക വിവാഹം നടത്തിയത്. ഹോളിവുഡ് ചിത്രമായ ടൈറ്റാനിക്കിൽ ഉപയോഗിച്ചതിന് സമാനമായ ഒരു മുങ്ങിക്കപ്പലിനുള്ളിൽ തകർന്ന ടൈറ്റാനിക് അവശിഷ്ടങ്ങൾക്കരികിലെത്തി മുങ്ങിക്കപ്പലിനുള്ളിൽ തന്നെ ഇരുന്നുകൊണ്ടായിരുന്നു ഇവർ വിവാഹം കഴിച്ചത്.
എന്നാൽ 1912 -ലെ ദുരന്തത്തിൽ മരണമടഞ്ഞ 1,523 വ്യക്തികളോട് ദമ്പതികൾ അനാദരവ് കാണിച്ചു എന്നതുൾപ്പടെയുള്ള വിമർശനം അവർക്ക് അന്ന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ, അതൊന്നും കാര്യമാക്കാതെയാണ് ഇവർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ച് നിന്നത്. ബ്രിട്ടീഷ് ഓഷ്യൻ ലൈനർ ആയ ക്യു ഇ 2(Queen Elizabeth 2 -QE2) -വിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ റോൺ വാർവിക്കിനൊപ്പം ആണ് അന്ന് അവർ ആ സാഹസിക വിവാഹം യാഥാർഥ്യമാക്കിയത്. റഷ്യൻ ഗവേഷണ കപ്പലായ അക്കാദമിക് കെൽഡിഷിന്റെ ഓപ്പറേഷൻ റൂമിൽ നിന്നാണ് ക്രൂയിസ് ലൈനർ വിവാഹചടങ്ങുകൾ അന്ന് നിയന്ത്രിച്ചത്. ടൈറ്റാനിക്കിലേക്കുള്ള സന്ദർശനത്തിന് ഒരാൾക്ക് 36,000 ഡോളർ (29 ലക്ഷം രൂപ) അന്ന് ചെലവായിരുന്നു.
