25 വർഷം യാതൊരു പ്രതിഫലവുമില്ലാതെ വീട്ടുജോലി ചെയ്‍തു എന്നതാണ് ഇത്രയും തുക നൽകാനുള്ള കാരണമായി കോടതി പറഞ്ഞത്. ഈ 25 വർഷവും മിനിമം വേതനം കണക്കാക്കിയാണ് ഈ തുക നൽകാൻ പറഞ്ഞിരിക്കുന്നത്.

ഒരു കുടുംബത്തിലെ എല്ലാ ജോലികളും മിക്കവാറും ചെയ്യുന്നത് സ്ത്രീകളാണ്. അത് ജോലിയുള്ളവരാണ് എങ്കിലും ജോലി ഇല്ലാത്തവരാണ് എങ്കിലും. കുടുംബത്തിലെ ജോലികൾ എല്ലാവരും ചേർന്നാണ് ചെയ്യേണ്ടത്, കുട്ടികളെ നോക്കുന്നതടക്കമുള്ള ഉത്തരവാദിത്തം ചേർന്ന് ചെയ്യണം എന്നതൊന്നും ഇന്നും നമ്മുടെ സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. സ്ത്രീകൾ രാവും പകലും വീട്ടിലെ ജോലി ചെയ്ത് കഷ്ടപ്പെട്ടാലും ആരും അതൊന്നും അം​ഗീകരിക്കാറോ അവർക്കുള്ള പ്രതിഫലം നൽകാറോ ഇല്ല. 

എന്നാൽ, ഇപ്പോൾ ഒരാളോട് അയാളുടെ മുൻഭാര്യയ്‍ക്ക് 1.75 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ പറഞ്ഞിരിക്കുകയാണ് കോടതി. 25 വർഷമാണ് ഇവാന മോറൽ എന്ന സ്ത്രീ വീട്ടിലെ മുഴുവൻ ജോലിയും ചെയ്ത് ജീവിച്ചത്. ഇപ്പോൾ വിവാഹമോചന സമയത്ത് കോടതിയാണ് ഇവാനയുടെ മുൻഭർത്താവിനോട് അവൾക്ക് 1.75 കോടി രൂപ നൽകാൻ പറഞ്ഞിരിക്കുന്നത്. 

25 വർഷം യാതൊരു പ്രതിഫലവുമില്ലാതെ വീട്ടുജോലി ചെയ്‍തു എന്നതാണ് ഇത്രയും തുക നൽകാനുള്ള കാരണമായി കോടതി പറഞ്ഞത്. ഈ 25 വർഷവും മിനിമം വേതനം കണക്കാക്കിയാണ് ഈ തുക നൽകാൻ പറഞ്ഞിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകളായി രണ്ട് കുട്ടികളുടെ അമ്മയായ ഇവാനയായിരുന്നു വീട്ടിലെ ജോലികളെല്ലാം തന്നെ ചെയ്തിരുന്നത്. വീട്ടിലിരുന്ന് കൊണ്ട് അവർ വീടും കുടുംബവും നോക്കി. 

ഭർത്താവ് തന്നോട് വീട്ടിലെ പണികളെല്ലാം സ്ഥിരമായി ചെയ്യാനും ഇടയ്ക്ക് അയാളുടെ ഉടമസ്ഥതയിലുള്ള ജിമ്മിലെ കാര്യങ്ങൾ നോക്കാനും പറഞ്ഞു എന്ന് ഇവാന പറഞ്ഞു. ഭർത്താവ് തന്നോട് വീട് നോക്കാനാണ് പറഞ്ഞിരുന്നത്. താനെപ്പോഴും വീടും നോക്കിയിരുന്നു. മറ്റൊന്നും തനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നും ഇവാന പറഞ്ഞു. അതിനാൽ തന്നെ വിവാഹമോചനം നേടവെ ഇവാനയുടെ കയ്യിൽ പണമൊന്നും തന്നെ ഉണ്ടായിരുന്നില്ല. 

ഏതായാലും ഈ തുകയോടൊപ്പം തന്നെ രണ്ട് പെൺമക്കൾക്ക് ചെലവിനുള്ള തുക കൂടി നൽകാൻ കോടതി ഇവാനയുടെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്.