Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ലോക്ക് ഡൗൺ : സമ്പന്നരിലൂടെ പരന്ന മറ്റൊരു മഹാമാരികൂടി ദരിദ്രന്റെ കൊങ്ങയ്ക്ക് പിടിക്കുമ്പോൾ

കൊറോണ ഒരല്പം മുന്തിയ വൈറസാണ്. വിമാനത്തിലേ പോകൂ. ഫൈവ് സ്റ്റാർ ഹോട്ടലിൽ മാത്രമേ താമസിക്കൂ. പണക്കാരിൽ നിന്ന് പാവപ്പെട്ടവരിലേക്കാണ് പകർച്ച.

COVID 19 lock down, when another epidemic spread by the rich suffocates the poor
Author
Delhi, First Published Mar 29, 2020, 10:11 AM IST

ഏതൊരു മഹാമാരിയുടെയും ഏറ്റവും വലിയ ബലിമൃഗങ്ങൾ സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിൽ ഉള്ളവരായിരിക്കും. ജീവനെടുക്കുന്ന പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ, അതിനെ പ്രതിരോധിക്കാൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഒക്കെ അന്നം മുട്ടി നിസ്സഹായരായി പകച്ചു നിന്നുപോകുന്നതും അവർ തന്നെയായിരിക്കും. വിരോധാഭാസം എന്തെന്നുവെച്ചാൽ, ഒടുവിൽ ആ മാരകരോഗങ്ങളുടെ സമൂഹവ്യാപനത്തിനും പഴി കേൾക്കേണ്ടി വരുന്നത് പലപ്പോഴും ഈ താഴേക്കിടയിലുള്ളവരുടെ വൃത്തിഹീനമായ ജീവിത പരിസരങ്ങൾ, അവരുടെ ദുശ്ശീലങ്ങൾ ഒക്കെ ആയിരിക്കും.

 

COVID 19 lock down, when another epidemic spread by the rich suffocates the poor

 

പലപ്പോഴും അപ്പർ മിഡിൽ ക്‌ളാസ്, സമ്പന്ന ജനത കരുതുന്നത് ദുരിതം വിതയ്ക്കുന്ന മഹാമാരികൾ വരുന്നത് നേരാംവണ്ണം ജീവിക്കാത്ത ദരിദ്രരുടെ തോളിലേറിയാണ് എന്നായിരിക്കും. നഗരങ്ങളിലെ ഫ്ലാറ്റുകളിൽ തികഞ്ഞ വൃത്തിയും വെടിപ്പും അവകാശപ്പെട്ടുകൊണ്ട് കഴിയുന്നവരോട് ചോദിച്ചുനോക്കിയാൽ അറിയാം അത്. " ഈ ചേരികളിൽ താമസിച്ച്, റെയിൽവേ ട്രാക്കിൽ തൂറി, മാലിന്യങ്ങൾ പൊതു നിരത്തിൽ വലിച്ചെറിഞ്ഞ്, കൊതുകുകടിയും കൊണ്ട് കിടക്കുന്നവരാണ് പകർച്ചവ്യാധികൾ വിളിച്ചു വരുത്തുന്നത് " എന്ന്. എന്നാൽ, ഇതുവരെയുള്ള പകർച്ച വ്യാധികളുടെ ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. പല മഹാമാരികളും സമൂഹത്തിലെ അഭിജാതരുടെ വീടുകളിൽ നിന്ന് അവരുടെ ജോലിക്കാരായ മധ്യവർഗ്ഗക്കാരുടെ വീടുകളിലേക്കും, അവിടെ നിന്ന് അടിയാളന്മാരുടെ ജീവിതത്തിലേക്കുമാണ് പടർന്നിട്ടുള്ളത്. 

എന്താണ് ചരിത്രം നൽകുന്ന പാഠം?

എഡി 165 മുതൽ 180 വരെ റോമാ സാമ്രാജ്യത്തെ ബാധിച്ച അന്റോനൈൻ പ്ളേഗ് ആയാലും, 1520 -ൽ വന്ന വസൂരി ആയാലും, പീതജ്വരമായാലും, റഷ്യൻ ഫ്ലൂ, ഏഷ്യൻ ഫ്ലൂ, കോളറ, 1817 -ലെ ഇന്ത്യൻ പ്ളേഗ് തുടങ്ങി ഒട്ടുമിക്ക മഹാമാരികളുടെയും റൂട്ട് മാപ്പ് വരച്ചു നോക്കിയാൽ ചെന്നുനിൽക്കുന്ന പേഷ്യന്റ് സീറോ അഥവാ ഒന്നാമത്തെ രോഗി, ഒരു സമ്പന്നവർഗ്ഗത്തിന്റെ പ്രതിനിധി, അല്ലെങ്കിൽ അവരുടെ അനുചരന്മാരായ മധ്യവർഗ്ഗത്തിലെ ഏതെങ്കിലും തുക്കിടി ആയ ഏതെങ്കിലുമൊരു യാത്രക്കാരനായിരിക്കും. 

 

COVID 19 lock down, when another epidemic spread by the rich suffocates the poor

 

അസുഖങ്ങളുടെ വാഹകർ സാധാരണ ഉലകം ചുറ്റും വാലിബരായ ലോകസഞ്ചാരികൾ, നാവികർ, വ്യാപാരികൾ, കപ്പിത്താന്മാർ, ബ്യൂറോക്രാറ്റുകള്‍, രാജാക്കന്മാർ, രാജാക്കന്മാരുടെ അനുയായികൾ, പടത്തലവന്മാർ, സൈനികർ അങ്ങനെ സമ്പന്ന വർഗ്ഗത്തിന്റെ പ്രതിനിധികളായ ആരെങ്കിലുമായിരിക്കും. അവരിൽ നിന്ന് ഈ സമ്പന്നവർഗ്ഗത്തിന്റെ കാര്യണ്യത്താൽ ജീവിതം കരുപ്പിടിപ്പിക്കുന്ന മധ്യവർഗ കാര്യസ്ഥന്മാരിലേക്ക്, അവരിൽ നിന്ന് ആ കാര്യസ്ഥഗൃഹങ്ങളിലെ അടിയാളന്മാരായ പാവപ്പെട്ട താഴെക്കിടയിലുള്ള ദരിദ്രനാരായണന്മാരിലേക്ക് ഈ മാരകരോഗങ്ങൾ വ്യാപിക്കും. 

കൊറോണാ വൈറസ് വന്നത് വിമാനത്തിലേറി 

ഇന്ന് ഏത് കൊറോണാ വൈറസിനെ തടുത്തുനിർത്താൻ വേണ്ടിയാണോ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ അഭൂതപൂർവമായ നിയന്ത്രണങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേല്പിക്കപ്പെടുന്നത്, എന്തിന്റെ പേരിലാണോ പാവപ്പെട്ട ജനങ്ങൾക്ക് തൊഴിലെടുത്ത് വയറുനിറയ്ക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നത്, ആ വൈറസും വന്നത് ഓരോ രാജ്യങ്ങളിലും നിന്ന് വിദേശങ്ങളിലേക്ക് വിമാനങ്ങളിലേറി യാത്രചെയ്യാനുള്ള സമ്പത്തും ഉപജീവനമാർഗവും ഒക്കെ ഉള്ളവരിലൂടെയാണ്. അവരിൽ വിദേശങ്ങളിൽ കുടിയേറി ജീവിതം കരുപ്പിടിപ്പിച്ചവരുണ്ട്, ആഗോള തലത്തിൽ സ്വീകാര്യതയുള്ള ഗായകരും കലാകാരന്മാരുമുണ്ട്, അന്താരാഷ്ട്ര മത്സരങ്ങൾക്ക് പോയ കായികതാരങ്ങളുണ്ട്, വലിയ വലിയ കമ്പനികളുടെ സിഇഒമാർ, മാനേജർമാർ, ഐടി പ്രൊഫഷണലുകൾ എന്നിവരുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് അവരുടെ പലരുടെയും താമസവും കോൺഫറൻസുകളും മറ്റും നടത്തപ്പെടുന്നത്. അവരിൽ ഗ്രീസ്, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ മാത്രം ഹണിമൂൺ ആഘോഷിക്കാൻ താത്പര്യപ്പെടുന്നവരുണ്ട് അവരിൽ. അവരിൽ പലരുമാണ് നമ്മുടെ നാട്ടിലേക്ക്, ഇവിടത്തെ സമൂഹത്തിനുള്ളിലേക്ക് ഈ വൈറസിനെ കൊണ്ടുവന്നത്. 

COVID 19 lock down, when another epidemic spread by the rich suffocates the poor

 

കൊറോണാ വൈറസിനെപ്പറ്റിയുള്ള ഒരു നിരീക്ഷണം ഇങ്ങനെ, "കൊറോണ ഒരല്പം മുന്തിയ വൈറസാണ്. വിമാനത്തിലേ പോകൂ. ഫൈവ് സ്റ്റാർ ഹോട്ടലിൽ മാത്രമേ താമസിക്കൂ. ഇത് ആഗോളവത്കരണത്തിന്റെയും നവ ഉദാരീകരണത്തിന്റെയും സാദ്ധ്യതകൾ വിനിയോഗിച്ച പലരിലൂടെയുമാണ് രാജ്യങ്ങളിൽ പടർന്നു പിടിച്ചത്. മേൽത്തട്ടിലുള്ളവരിൽ നിന്ന് ടാക്സി ഡ്രൈവർമാർ, മുന്തിയ ബാറുകളിലെ ബെയറർമാർ, സൂപ്പർ മാർക്കറ്റുകളിലെ കൌണ്ടർ സ്റ്റാഫ്, സലൂണിലെ ഹെയർ ഡ്രസ്സർമാർ, എയർപോർട്ടിലെ ഗ്രൗണ്ട് ക്രൂ, എയർ ഹോസ്റ്റസുമാർ തുടങ്ങിയ ഉപജീവനത്തിനായി അന്യനാടുകളിൽ ചെന്നുകിടക്കുന്നവരിലേക്ക്, അവരിൽ നിന്ന് താഴേക്കിടയിലുള്ളവരിലേക്ക് ഇത് പകർന്നു കിട്ടി." 

വലഞ്ഞുപോയത് പാവപ്പെട്ട തൊഴിലാളികൾ  

ഇന്നലെ ദില്ലിയിലെ ആനന്ദ് വിഹാറിലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിൽ തടിച്ചു കൂടിയ പതിനായിരങ്ങൾ വരുന്ന സാധാരണക്കാരായ കൂലിത്തൊഴിലാളികളല്ല എന്തായാലും, കൊറോണ വൈറസിന്റെ ആദ്യ വാഹകർ. എന്നാൽ മറ്റാരേക്കാളും അധികം ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടത് അവരുടേതാണ്. ഏറ്റവുമധികം തൊഴിൽ നിഷേധമുണ്ടായത് അവർക്കാണ്. പട്ടിണി കിടന്നു മടുത്തപ്പോൾ ഗതികേടുകൊണ്ട്, സൈക്കിളിലും, ബസ്സിന്റെ പുറത്തേറിയും, നടന്നുമൊക്കെ എങ്ങനെയും വീടുപറ്റാൻ പൊള്ളുന്ന നിരത്തിലേക്ക് ഇറങ്ങേണ്ടി വന്നത് അവർക്കാണ്.

 

COVID 19 lock down, when another epidemic spread by the rich suffocates the poor

 

അവർക്ക് വർക്ക് അറ്റ് ഹോം എന്നുവെച്ചാൽ എന്താണെന്നുപോലും അറിയില്ല. അവരുടെ നിത്യനിദാനതൊഴിലുകൾക്ക് അങ്ങനെയൊരു 'മോഡ്' ഇല്ല. ഒന്നുകിൽ തെരുവിലിറങ്ങി എല്ലുമുറിയെ ജോലി ചെയ്യുക, അതിനു വിലക്കുവന്നാൽ പട്ടിണി കിടക്കുക. അതാണ് അവരുടെ അവസ്ഥ. അതുകൊണ്ടുതന്നെ, കൊവിഡ് 19 വ്യാപനത്തിന് പിന്നാലെ രാജ്യം മുഴുവൻ ലോക്ക് ഡൗൺ സാഹചര്യം വന്നപ്പോൾ  മറ്റാരേക്കാളും പട്ടിണി കിടന്നതും അവരാണ്. ഇനി നാളെ ഈ രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് കടന്നാൽ, അതിന്റെ ദുരിതം ഏറ്റവും അധികം അനുഭവിക്കാൻ പോകുന്നതും ഏറ്റവുമധികം ജീവനാശം ഉണ്ടാകാൻ പോകുന്നതും, ഈ മഹാമാരിയുടെ നാള്‍വഴി കളെപ്പറ്റി ഒരു ധാരണയുമില്ലാത്ത ഈ പാവം മനുഷ്യർക്ക് തന്നെയാകും. 

Follow Us:
Download App:
  • android
  • ios