ജനുവരിയിൽ ചൈനയിൽ കൊറോണാ വൈറസ് പടർന്നു പിടിച്ചതായുള്ള ആദ്യറിപ്പോർട്ടുകൾ വന്ന സമയത്ത്, അത് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയാൻ അവിടത്തെ ഗവൺമെന്റ് സ്വീകരിച്ചത് അഭൂതപൂർവമായ കർശന നടപടികളാണ്. ആ നടപടികളെപ്പറ്റി കേട്ട മറ്റുരാജ്യങ്ങളിലുള്ളവർ മൂക്കത്ത് വിരൽ വെച്ചു. "ഇതൊക്കെ ഇവിടെത്തന്നെയേ നടപ്പിലാക്കാൻ പറ്റൂ" എന്ന് ചിലർ. "അത്രയ്ക്കൊന്നും സ്ട്രിക്റ്റ് ആകേണ്ട കാര്യമില്ല" എന്ന് മറ്റുചിലർ. "എന്തൊക്കെ പറഞ്ഞാലും ഇങ്ങനൊന്നും ജനാധിപത്യ രാജ്യങ്ങളിൽ ചെയ്യാൻ സാധിക്കില്ല" എന്ന് വേറെയും ചിലർ. 

എന്തൊക്കെയായിരുന്നു കർശനമായ ആ നിയന്ത്രണങ്ങൾ? ഒന്ന്, വുഹാൻ അടങ്ങുന്ന ഹുബൈ പ്രവിശ്യയിൽ പാർക്കുന്ന 5.6 കോടി ജനങ്ങൾക്ക് 'ഹോം ക്വാറന്റൈൻ' ഏർപ്പെടുത്തുക. എന്നുവെച്ചാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്കേർപ്പെടുത്തുക. രണ്ട്, കൊവിഡ് 19 രോഗികളെ ചികിത്സിക്കാൻ വേണ്ടി മാത്രം പുതിയ ആശുപത്രികൾ വെറും 10 ദിവസം കൊണ്ട് കെട്ടിപ്പൊക്കുക. ഇങ്ങനെ പല വിപ്ലവാത്മകവും, എന്നാൽ അതീവ കർശനവുമായ പല നടപടികളും ചൈനീസ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായി. അതുകൊണ്ടെന്തായി, അവിടത്തെ കേസുകൾ പ്രതിദിനം കുറഞ്ഞുകുറഞ്ഞു വന്നു. ദിവസം 15,000 പുതിയ കേസുകൾ ഉണ്ടായിരുന്നിടത്ത് അത് ഏതാനും ഡസൻ ആയി കുറഞ്ഞു. ഒടുവിൽ അവസാനത്തെ കൊവിഡ് 19 രോഗിയെയും പൂർണ്ണമായി അസുഖം ഭേദപ്പെട്ട് വീട്ടിലേക്ക് പറഞ്ഞയച്ച് ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രിവിട്ടിറങ്ങുന്നതിന്റെ വീഡിയോ നമ്മൾ കണ്ടു.

എന്നാൽ മറ്റുള്ള രാജ്യങ്ങളിലെ സ്ഥിതി അതാണോ? അല്ല, അവിടങ്ങളിൽ ഒക്കെ പ്രതിദിനം പുതിയ കേസുകളുടെയും മരണങ്ങളുടെയും കാര്യത്തിൽ കാര്യമായ വർധനവാണ് ഉണ്ടാകുന്നത്. രണ്ടാഴ്ച കൊണ്ട് 13 ഇരട്ടിയായാണ് വര്‍ധിച്ചിട്ടുള്ളത്. അമേരിക്കയിൽ കൊറോണയുടെ പേരിൽ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. എവിടെച്ചെന്നവസാനിക്കും കാര്യങ്ങളെന്ന് ഇറാനും, ഇറ്റലിക്കും, അമേരിക്കയ്ക്കും ഇംഗ്ലണ്ടിനുമൊന്നും നല്ല നിശ്ചയമില്ല. ലോകാരോഗ്യ സംഘടനയാണെങ്കിൽ കൊവിഡ് 19 -നെ ഒരു മഹാമാരി അഥവാ പാൻഡെമിക് ആയി പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഘട്ടത്തിൽ ഉയരുന്ന ചോദ്യമിതാണ്. കൊറോണാ വൈറസിനെ എതിരിട്ടു തോൽപ്പിക്കുന്നതിൽ ചൈനയിൽ നിന്ന് എന്തൊക്കെ പാഠങ്ങളാണ് മറ്റുള്ള ജനാധിപത്യരാജ്യങ്ങൾക്ക് ഉൾക്കൊള്ളാനുള്ളത്?

 

ചൈനയുടെ രാഷ്‌ട്രപതി മാർച്ച് 10 -ന് അസുഖബാധിതമായിരുന്ന പ്രദേശങ്ങളിലേക്ക് സന്ദർശനത്തിനിറങ്ങിയിരുന്നു. അത് അവിടങ്ങളിലെ സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട് എന്നതിന്റെ പ്രഥമലക്ഷണമാണ്. ഷീ ജിൻപിങ് എന്ന ശക്തനായ ഭരണാധികാരിയുടെ നേതൃത്വത്തിൽ  ചൈനീസ് ഗവൺമെന്റ് അവരുടെ പൗരന്മാരുടെ ജീവിതത്തിൽ നേരിട്ട് ഇടപെടുന്നതുപോലെ, അത്രകണ്ട് ശക്തമായി ഫലപ്രദമായി ഇടപെടാൻ ലോകത്തെ മറ്റൊരു രാജ്യത്തെയും, അതിനി രാജഭരണമുള്ള രാജ്യങ്ങളായാലും, സ്വേച്ഛാധിപത്യത്തിൽ ഉള്ളവ ആയാലും, ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന റിപ്പബ്ലിക്കുകൾ ആയാലും, ഗവൺമെന്റുകൾക്ക് സാധിക്കില്ല. ചില രാജ്യങ്ങൾ ചൈന കൈക്കൊണ്ട മുൻകരുതലുകൾ ജനങ്ങൾക്കായി കൈക്കൊള്ളണം എന്ന് കരുതിയിരുന്നു എങ്കിലും, പ്രവർത്തികമാക്കുന്ന ഘട്ടത്തിൽ വന്നപ്പോഴാണ് തങ്ങളുടെ ജനങ്ങൾക്കുമേൽ ചൈനയെപ്പോലെ നിയന്ത്രണമോ സ്വാധീനമോ അധികാരമോ തങ്ങൾക്ക് ഇല്ല എന്നുള്ള സത്യം അവർ തിരിച്ചറിയുന്നത്. ചൈനയിലേതുപോലെ സർക്കാർ പ്രതിനിധികൾ വന്നു പറയുന്നത് കണ്ണടച്ച് വിശ്വസിച്ച്, അക്ഷരം പ്രതി അനുസരിക്കുന്ന ഒരു ജനത മറ്റൊരു രാജ്യത്തും കണ്ടെന്നുവരില്ല. ഇത്ര വലിയ ഒരു മഹാമാരിയുടെ കടുത്ത അക്രമണമുണ്ടായിട്ടും അതിൽ നിന്ന് കരകയറാൻ അവരെ പ്രാപ്തരാക്കിയത് മറ്റുള്ള സാഹചര്യങ്ങളിൽ തികച്ചും അസ്വാഭാവികം എന്ന് തോന്നിക്കാവുന്ന ഈ അനുസരണയാണ്.

 

എന്നാൽ, ഇത്തരത്തിലുള്ള മുൻകരുതലുകൾ ചില രാജ്യങ്ങൾക്ക് പ്രാവർത്തികമാക്കാൻ സാധിച്ചിട്ടുണ്ട്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇറ്റലിയിൽ ഏറ്റവും കടുത്ത ലോക്ക് ഡൌൺ ആണ് നടപ്പിൽ വരുത്തിയിരിക്കുന്നത്. ആറു കോടിയോളം വരുന്ന ജനങ്ങളെ ഇറ്റലി ഹോം ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഗ്രോസറി ഷോപ്പുകളും, മെഡിക്കൽ ഷോപ്പുകളും ഒഴിച്ച് മറ്റെല്ലാം അടഞ്ഞു കിടക്കുകയാണ്. ജനങ്ങൾ സംഘടിക്കുന്നതിന് വിലക്കുണ്ട്. വീടുകളിൽ തന്നെ കഴിയാനാണ് നിർദേശം. യാത്രക്ക് പുറപ്പെടുന്ന ഓരോ വ്യക്തിയും എന്തിനാണ് എന്ന് സൂചിപ്പിക്കുന്ന രേഖ കയ്യിൽ കരുതാൻ ബാധ്യസ്ഥരാണ്. സ്‌കൂളുകളും കോളേജുകളും ഒക്കെ അടച്ചിട്ടിരിക്കുകയാണ്. ഇറ്റലിയിൽ നിന്ന് വന്ന ഒരു ട്വീറ്റ് ഇങ്ങനെ, "കൊറോണാ വൈറസ് കെട്ടിപ്പിടിക്കാനും, ഉമ്മവെക്കാനും, സ്നേഹിതർക്കൊപ്പം ഡിന്നർ കഴിക്കാനും, സായാഹ്നങ്ങളിൽ സിനിമയ്ക്ക് പോകാനും ഒക്കെയുള്ള നമ്മുടെ അവകാശമാണ് നമ്മളിൽ നിന്ന് തട്ടിപ്പറിച്ചിരിക്കുന്നത്. അതിനോടുള്ള യുദ്ധത്തിന്റെ ഒടുക്കം വിജയം നമ്മുടെതാകും. കയ്പുനിറഞ്ഞ അനുഭവങ്ങൾക്കൊടുവിൽ വരുന്ന ആ വിജയത്തിന് മാധുര്യമേറെയാകും. എല്ലാം പെട്ടെന്ന് തന്നെ ഉണ്ടാകും. പ്രതീക്ഷ തുടരുക. "

ചൈന നൽകുന്ന പാഠം

കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിൽ ചൈന നേടിയ വിജയം, അത് ഉരുക്കുമുഷ്ടിയോടെ പ്രവർത്തിക്കുന്ന ഒരു ഗവൺമെന്റാണ് എന്നതുകൊണ്ട് മാത്രമുണ്ടായ ഒരു നേട്ടമല്ല. ഏറെക്കുറെ അതേ നിയന്ത്രണങ്ങൾ ജനാധിപത്യ രാജ്യങ്ങളിലും സാധ്യമാണ്. ജനങ്ങളെ വീണ്ടും വിധം പറഞ്ഞു ബോധവൽക്കരിക്കുകയും, ലഭ്യമായ ഔദ്യോഗിക സംവിധാനങ്ങൾ ഫലപ്രദമായ രീതിയിൽ, തികഞ്ഞ ഏകോപന സ്വഭാവത്തോടെ ചിട്ടയായി വിനിയോഗിക്കുകയും ചെയ്‌താൽ മതി. എല്ലാം തന്നെ കാര്യങ്ങൾ ചെയ്യുന്നതിലുള്ള വേഗത്തെയാണ് ആശ്രയിച്ചിരുന്നത്. രോഗം ബാധിച്ചയാളെ എത്രയും വേഗം കണ്ടെത്തണം. ഐസൊലേറ്റ് ചെയ്യണം. എന്നിട്ട് അയാളുമായി നേരിട്ട് സമ്പർക്കം വന്നിട്ടുണ്ടാകാൻ ഇടയുള്ളവരെ എത്രയും വേഗം കണ്ടെത്തണം. അവരെ ക്വാറന്റൈനിൽ സൂക്ഷിച്ച്, ലക്ഷണം കാണിക്കുന്ന മുറയ്ക്ക് ടെസ്റ്റ് ചെയ്ത്, സ്ഥിരീകരിക്കുന്ന മുറയ്ക്ക് ഐസൊലേഷനിലേക്ക് നീക്കി അങ്ങനെ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. ആരെങ്കിലും മരിച്ചാൽ, അവരുടെ മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പാലിച്ചു മാത്രം കൈകാര്യം ചെയ്യണം. കൊവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വരവ് കൃത്യമായി നിരീക്ഷിച്ച് അവരെയും എത്രയും വേഗം ടെസ്റ്റ് ചെയ്യണം.

 

വേണ്ടത്ര ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റിങ്, ഐസൊലേഷൻ, ഹോം ക്വാറന്റൈൻ, ചികിത്സ, മൃതദേഹങ്ങൾ മറവു ചെയ്യൽ, ഇമ്മിഗ്രേഷൻ നിയന്ത്രണം, യാത്രാ നിയന്ത്രണം തുടങ്ങിയ എല്ലാ മുൻകരുതലുകളും പാലിക്കാൻ സാധിച്ചു എന്നിടത്താണ് ചൈനയുടെ വിജയം. ഇത് ഏത് രാജ്യത്തും നടക്കും. കാരണം, ലളിതമാണ്. ചൈനയിൽ ജനങ്ങൾ സർക്കാരിനെയും വൈറസിനെയും ഒരുപോലെ ഭയക്കുന്നു. ഒരുപക്ഷേ, വൈറസിനേക്കാൾ അധികം സർക്കാരിനെ ഭയക്കുന്നു. അതുകൊണ്ട് സർക്കാർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്നു. മറ്റുള്ള രാജ്യങ്ങളിൽ ജനങ്ങൾക്ക് സർക്കാരിനെ ഭയമില്ല എന്നുതന്നെ കരുതിയാലും, അവർക്ക് മരണഭയമുണ്ട്. അതുകൊണ്ടുതന്നെ കൊവിഡ് 19 -നെയും അവർക്ക് നല്ല പേടിയുണ്ട്. അത് പ്രയോജനപ്പെടുത്തിക്കൊണ്ട് എന്ത് യുക്തിസഹമായ നിയന്ത്രണങ്ങൾ പറഞ്ഞാലും അവർ അനുസരിക്കും. അതിനു ചൈന ആയിക്കൊള്ളണമെന്നില്ല. എവിടെയും അനുസരിക്കും. ചൈനയിലേതുപോലെ ഏകോപിപ്പിക്കപ്പെട്ട ഫലപ്രദമായ നിർദേശങ്ങൾ യഥാസമയത്ത് ജനങ്ങൾക്ക് കിട്ടണം എന്നുമാത്രം. ഇപ്പറഞ്ഞതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ദക്ഷിണ കൊറിയ. അവർ വൈറസിനെ ഏറെക്കുറെ അതിജീവിച്ചത് കർശനമായ ലോക്ക് ഡൌൺ നടപടികളിലൂടെയാണ്. അതിന് അവർ മൊബൈൽ, ഇന്റർനെറ്റ് സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്തി. ലോക്ക് ഡൌൺ നിലനിൽക്കെയും ജനജീവിതം സ്തംഭിച്ചു പോകാതിരിക്കാൻ പരമാവധി മുൻകരുതലുകൾ എടുത്തു. അഞ്ചുകോടി ജനങ്ങൾ അധിവസിക്കുന്ന കൊറിയ ലോക്ക് ഡൌൺ ചെയ്തിരിക്കുന്നത് 30,000 പേരെ മാത്രമാണ്. വൈറസിനെ എതിരിടുന്നതിനൊപ്പം, രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകർന്നുപോകാതിരിക്കാനുള്ള മുൻകരുതലുകൾ കൂടി സ്വീകരിച്ചുകൊണ്ടാണ് കൊറിയയുടെ നീക്കം.

അമേരിക്ക ഇപ്പോൾ അന്താരാഷ്ട്ര യാത്രക്ക് വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പലയിടത്തുനിന്നുള്ള വിസകളും കാൻസൽ ചെയ്തുതുടങ്ങി. എന്നാലും അമേരിക്കയിലെ കൊവിഡ് 19 പ്രതിരോധങ്ങൾക്ക് വേണ്ടത്ര ഏകോപന സ്വഭാവമുണ്ടെന്നു പറയുക വയ്യ. പ്രസിഡന്റ് ട്രംപിന് തന്നെ ഇക്കാര്യത്തിൽ വേണ്ടത്ര ദീർഘദർശിത്വമില്ല എന്ന തരത്തിലുള്ള വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

 

ആരോഗ്യരംഗത്തെ സംവിധാനങ്ങൾ തികഞ്ഞ കാര്യക്ഷമതയോടെ, ഏകോപന സ്വഭാവത്തോടെ, ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചെങ്കിൽ മാത്രമേ കൊവിഡ് 19 എന്ന ഈ മഹാമാരിയെ എത്രയും പെട്ടെന്ന് നിയന്ത്രണാധീനമാക്കാൻ സാധിക്കുകയുള്ളൂ. എത്രയും പെട്ടെന്ന് അതിനു സാധിച്ചില്ലെങ്കിൽ, അത് രാജ്യത്തെ സാമ്പത്തികരംഗത്തുണ്ടാക്കാൻ പോകുന്ന ആഘാതങ്ങൾ വളരെ വലുതായിരിക്കും, ഒരുപക്ഷേ, കരകയറാൻ വർഷങ്ങൾ വേണ്ടിവന്നേക്കാവുന്നത്ര വലുത്. അങ്ങനെ ഒരു സാഹചര്യമുണ്ടാവുന്നത് തടയാൻ, പാഠങ്ങൾ പഠിക്കേണ്ടത് ഇനി ചൈനയിൽ നിന്നാണെങ്കിലും പഠിക്കുകയും എത്രയും വേഗത്തിൽ നടപ്പിലാക്കുകയും വേണം. എങ്കിൽ മാത്രമേ 'ഗോ കൊറോണാ' എന്ന് സധൈര്യം പറയാൻ നമുക്കോരോരുത്തർക്കും സാധ്യമാവുകയുള്ളൂ..!