Asianet News Malayalam

കൊവിഡ് രണ്ടാം തരംഗവും ഇന്ത്യയും:  ചോദ്യങ്ങളും ഉത്തരങ്ങളും

കൊവിഡ് രണ്ടാം തരംഗവും ഇന്ത്യയും:  ചോദ്യങ്ങളും ഉത്തരങ്ങളും-അഖിലേഷ് മിശ്ര എഴുതുന്നു
 

Covid Second wave and India The Questions and Answers
Author
New Delhi, First Published May 17, 2021, 6:00 PM IST
  • Facebook
  • Twitter
  • Whatsapp

സ്വന്തം നാട്ടുകാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു മുമ്പേ എന്തിനാണ് ഇന്ത്യ മറ്റു രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്തത് എന്നതാണ് മറ്റൊരു ചോദ്യം. 2021 മെയ് 11 -ഓടെ 66.3698 മില്യന്‍ ഡോസ് വാക്‌സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതേ സമയം അതിന്റെ മൂന്നിരട്ടി വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തു കഴിഞ്ഞു. അസംസ്‌കൃത വസ്തുക്കള്‍ നല്‍കിയതടക്കമുള്ള രാജ്യങ്ങളുമായി വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് കരാര്‍ പ്രകാരമുള്ള ബാദ്ധ്യതകള്‍ നിലവിലുണ്ട്. കൂടാതെ, ആവശ്യമുള്ള സമയത്ത്  അഖില മാനവരാശിക്കും സഹായകമായി നില്‍ക്കുകയാണ് ഇന്ത്യയുടെ മഹിതപാരമ്പര്യം. അമേരിക്കന്‍ ഫ്രഞ്ച് പ്രസിഡന്റുമാര്‍ ഈയടുത്ത് വ്യക്തമാക്കിയതുപോലെ, ലോകം കേണുകൊണ്ടിരുന്ന കഴിഞ്ഞ വര്‍ഷം, ഇന്ത്യ മരുന്നുകളും മറ്റ് സേവനങ്ങളും നല്‍കി ലോകത്തെ സഹായിക്കുകയായിരുന്നു. ഇന്ത്യക്ക് അത്തരമൊരു സഹായം വേണ്ട സമയത്ത് ലോക രാജ്യങ്ങള്‍ ആ നന്‍മയ്ക്കുള്ള പ്രത്യുപകാരം ചെയ്യുന്നുമുണ്ട്. 

 

 

കൊവിഡ് -19 രണ്ടാം തരംഗം രാജ്യത്താകെ കത്തിപ്പടരുന്നതിനിടയില്‍, മഹാമാരിയുടെ പുതിയ വരവിനെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു ദുഷ്‌കരമായ സാഹചര്യത്തില്‍, പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍, കിട്ടാവുന്ന എല്ലാ വിഭവങ്ങളും ഉപയോഗിക്കുകയാണോ അതോ മാറിനില്‍ക്കുകയാണോ ചെയ്തത്?  നമുക്ക് പരിശോധിക്കാം. 

 

..................................

2020 ഒക്‌ടോബറിനും ഡിസംബറിനുമിടയില്‍ ഏതാണ്ടെല്ലാ രാജ്യങ്ങളും രണ്ടാം തരംഗത്തെ അഭിമുഖീകരിച്ചപ്പോള്‍, ഇന്ത്യ രണ്ടാം തരംഗത്തില്‍നിന്നും രക്ഷപ്പെട്ടു എന്ന തോന്നലാണുണ്ടായത്.

 

ഇന്ത്യ രണ്ടാം തരംഗം മുന്‍കൂട്ടിക്കാണുന്നതില്‍ പരാജയപ്പെട്ടോ? 

2021 ജനുവരിക്കും 2021 മാര്‍ച്ച് 10 -നുമിടയില്‍ ഇന്ത്യയിലെ പുതിയ രോഗികളുടെ പ്രതിദിന എണ്ണം ശരാശരി 20,000-ല്‍ കുറവായിരുന്നു. ഗണ്യമായൊരു കാലത്ത് അത് പതിനായിരമായി താഴുകയും ചെയ്തു. ഈ വസ്തുതകളാണ് മുകളില്‍ ചോദിച്ച ചോദ്യത്തിനാധാരം. 2020 ഒക്‌ടോബറിനും ഡിസംബറിനുമിടയില്‍ ഏതാണ്ടെല്ലാ രാജ്യങ്ങളും രണ്ടാം തരംഗത്തെ അഭിമുഖീകരിച്ചപ്പോള്‍, ഇന്ത്യ രണ്ടാം തരംഗത്തില്‍നിന്നും രക്ഷപ്പെട്ടു എന്ന തോന്നലാണുണ്ടായത്. അതിനാലാണ്, ഇപ്പോള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന പല 'ദേശീയ' വിദഗ്ധരും ഈ വര്‍ഷമാദ്യം, ഇന്ത്യയില്‍ രണ്ടാം തരംഗം ഉണ്ടാവാനിടയില്ലെന്നും മാസ്‌കുകള്‍ നിര്‍ബന്ധമാക്കി, സ്‌കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ബാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുത്തണമെന്നും പറഞ്ഞ് അനവധി ലേഖനങ്ങള്‍ എഴുതിയത്. ഇനി അന്തര്‍ദേശീയ തലത്തില്‍ നോക്കാം. 2021 ഫെബ്രുവരി 15-നാണ് ബിബിസി 'ഇന്ത്യയില്‍ മഹാമാരിക്ക് അന്ത്യം കുറിക്കുകയാണോ' എന്ന തലക്കെട്ടിലുളള ലേഖനം പ്രസിദ്ധീകരിച്ചത്. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങിയ പല രാജ്യാന്തര പ്രസിദ്ധീകരണങ്ങളും സമാനമായ രീതിയില്‍ ഇന്ത്യ രണ്ടാം കൊവിഡ് തരംഗത്തില്‍നിന്ന് രക്ഷപ്പെട്ടതായി തോന്നുന്നതായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. 

എന്നാല്‍, ഇന്ത്യാ ഗവര്‍മെന്റ് ഇതില്‍ തൃപ്തരായി അടങ്ങിയിരിക്കുകയായിരുന്നില്ല. ജാഗ്രത തുടരാനും ടെസ്റ്റ് നിരക്കുകള്‍ പരമാവധി ആക്കാനും ആരോഗ്യ സംവിധാനം ശക്തിപ്പെടുത്താനും ഏതു തരത്തിലുള്ള അത്യാഹിതവും നേരിടാന്‍ തയ്യാറാവാനും നിര്‍ദേശം നല്‍കി, രോഗവ്യാപന നിരക്ക് ഏറ്റവും കുറവായിരുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് 17 തവണയാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. പ്രതിദിന കേസുകള്‍ 20,000-ല്‍ നില്‍ക്കവേയാണ്, നിരന്തര ജാഗ്രത തുടരണമെന്നും സാമൂഹ്യ അകലവും മാസ്‌ക് ഉപയോഗവും കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് പുനര്‍പരിശീലനം നല്‍കണമെന്നും തളര്‍ച്ച ബാധിച്ചുവെങ്കില്‍ അഡ്മിനിസ്‌ട്രേഷന്‍ രംഗം വീണ്ടും സജീവമാക്കണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ വിശദമായ യോഗം വിളിച്ചുചേര്‍ത്തത്. ഏപ്രിലിലും പ്രധാനമന്ത്രി അത്തരം നിരവധി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. 

എന്നിട്ടെന്ത് സംഭവിച്ചു? രണ്ടാം തരംഗം ഉല്‍ഭവമെടുത്ത കേരളം, മഹാരാഷ്ട്ര, ദില്ലി, ചത്തിസ്ഗഡ്, പഞ്ചാബ്, കര്‍ണാടക എന്നിയുള്‍പ്പടെ പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചു. ആ സമയത്ത് തന്നെ ഒരുമിച്ചുനിന്ന് വേണ്ട കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍, രണ്ടാം തരംഗത്തെ നമുക്ക് നിയന്ത്രിക്കാനാവുമായിരുന്നു. 

 

.............................

മാര്‍ച്ച് അവസാനത്തോടെ രോഗികളുടെ എണ്ണം നാടകീയമായി വര്‍ദ്ധിച്ച മഹാരാഷ്ട്രയിലോ ദില്ലിയിലോ ചത്തിസ്ഗഢിലോ തെരഞ്ഞെടുപ്പേ ഉണ്ടായിരുന്നില്ല.

 

മഹാമാരിക്കിടയില്‍ എന്തിന് തെരഞ്ഞെടുപ്പ് നടത്തി? 

നിയമ നിര്‍മാണ സഭകള്‍ ആറു മാസത്തിലൊരിക്കല്‍ കൂടേണ്ടതിനാല്‍, തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത് ഭരണഘടനാപരമായ അനിവാര്യതയാണ്. തെരഞ്ഞെടുപ്പ് നടന്ന കേരളം, പശ്്ചിമ ബംഗാള്‍, തമിഴ്‌നാട്, ആസാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ മഹാമാരി കണക്കിലെടുത്ത് ആറുമാസം നിയമസഭകള്‍ മരവിപ്പിക്കുകയും കേന്ദ്ര ഭരണത്തിന്‍ കീഴിലാക്കുകയും ചെയ്താല്‍, അത് ജനാധിപത്യ വിരുദ്ധമാണ്. ലോകമാകെ, മഹാമാരിക്കാലത്ത് തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. 2020- നവംബറില്‍ ഇന്ത്യയില്‍ തന്നെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ബിഹാര്‍ തെരഞ്ഞെടുപ്പ് നടന്നിരുന്നു. 

കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഒഴിവാക്കാമായിരുന്നില്ലേ എന്നതാണ് ഇവിടെ യഥാര്‍ത്ഥ വിഷയം. ബിഹാര്‍ തെരഞ്ഞെടുപ്പിനു മുമ്പേ, ഫിസിക്കല്‍ റാലികള്‍ ഒഴിവാക്കി വെര്‍ച്വല്‍ പ്രചാരണം നടത്തണമെന്ന് ബി ജെ പി തന്നെ തെരഞ്ഞെടുപ്പ് കമീഷനു മുന്നില്‍ നിര്‍ദേശം വെച്ചിരുന്നു. എന്നാല്‍, മറ്റെല്ലാ രാഷ്ട്രീയ കക്ഷികളും ഇതിനെ എതിര്‍ത്തു. ബി.ജെ.പി സുസംഘടിതവും വെര്‍ച്വല്‍ ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്നതിനാല്‍ ഇക്കാര്യത്തില്‍ അസമത്വം ഉണ്ടാവും എന്നായിരുന്നു അവരുടെ ന്യായം. സമവായം സാദ്ധ്യമാവാത്തതിനാല്‍ ഒരു തീരുമാനം എടുക്കുന്നതിനു പകരം നിലവിലെ രീതി തന്നെ തുടരാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിക്കുകയായിരുന്നു. 

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് കൊവിഡ് ആദ്യ തരംഗം ഉച്ചസ്ഥായിയിലായിരുന്നു. പ്രതിദിന ശരാശരി കേസുകള്‍ 90,000 
എത്തിയിരുന്നു. എന്നാല്‍, ബി.ജെ.പി ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഫിസിക്കല്‍ റാലികള്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചു. ശരാശരി കേസുകള്‍ പതിനായിരത്തില്‍ നില്‍ക്കുന്ന ഫെബ്രുവരിയിലാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നത്.  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് റാലികള്‍ നടത്തി. കേരളത്തിലും തമിഴ്‌നാട്ടിലും രാഹുല്‍ ഗാന്ധിയുടെ മുന്‍കൈയില്‍ വമ്പിച്ച റോഡ് ഷോകള്‍ നടന്നു. ആസാമില്‍ പ്രിയങ്കാഗാന്ധി വ്യാപകമായി പ്രചാരണം നടത്തി. ബംഗാളില്‍ മമതാ ബാനര്‍ജി മെഗാ റാലികള്‍ നടത്തി. ബി.ജെ.പിയും അവര്‍ മല്‍സരിക്കുന്ന ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തി. 

എന്നാല്‍, മാര്‍ച്ച് അവസാനത്തോടെ രോഗികളുടെ എണ്ണം നാടകീയമായി വര്‍ദ്ധിച്ച മഹാരാഷ്ട്രയിലോ ദില്ലിയിലോ ചത്തിസ്ഗഢിലോ തെരഞ്ഞെടുപ്പേ ഉണ്ടായിരുന്നില്ല.  അതിനാല്‍, തെരഞ്ഞെടുപ്പ് റാലികളാണ് രണ്ടാം തരംഗ വ്യാപനത്തിലെ പ്രതികളെന്ന വാദം കണക്കുകള്‍ കൊണ്ട് സാധൂകരിക്കാനാവില്ല. 

.............................

കൊവിഡ് നിരക്കുകള്‍ താഴ്ന്നു കിടന്ന ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് നിശ്ചയിച്ച തീയതികളില്‍ കുംഭമേളയ്ക്ക്  ഉപാധികളോടെ അനുമതി നല്‍കിയത്. പ്രവേശനത്തിന് കര്‍ശന ചട്ടങ്ങള്‍, കൊവിഡ് പരിശോധനകള്‍, ക്വാറന്റീന്‍, മറ്റ് മെഡിക്കല്‍ പ്രോട്ടോക്കോളുകള്‍ എന്നിവ പാലിച്ചിരുന്നു.


കുംഭ മേളയെക്കുറിച്ച് എന്താണ് പറയാനുള്ളത്? 

ഇന്ത്യയിലെ വിശുദ്ധമായ മതസമ്മേളനമാണ് കുംഭമേള. സന്യാസികളാണ്, സര്‍ക്കാറല്ല ഇതിന്റെ തീയതിയും സമയവും നിശ്ചയിക്കുന്നത്. കൊവിഡ് നിരക്കുകള്‍ താഴ്ന്നു കിടന്ന ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് നിശ്ചയിച്ച തീയതികളില്‍ കുംഭമേളയ്ക്ക്  ഉപാധികളോടെ അനുമതി നല്‍കിയത്. പ്രവേശനത്തിന് കര്‍ശന ചട്ടങ്ങള്‍, കൊവിഡ് പരിശോധനകള്‍, ക്വാറന്റീന്‍, മറ്റ് മെഡിക്കല്‍ പ്രോട്ടോക്കോളുകള്‍ എന്നിവ പാലിച്ചിരുന്നു.

കുംഭ മേള ആരംഭിച്ച ഏപ്രില്‍ ഒന്നാം തീയതി 72,000 കേസുകളായിരുന്നു ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ 76 ശതമാനവും മഹാരാഷ്ട്ര, ചത്തിസ്ഗഢ്, കേരള, കര്‍ണാടക, ദില്ലി, പഞ്ചാബ് എന്നീ ആറു സംസ്ഥാനങ്ങളില്‍നിന്നായിരുന്നു. ഈ സംസഥാനങ്ങള്‍ക്കൊന്നും കുംഭമേളയുമായി ഒരു ബന്ധവുമില്ല. ഉത്തരാഖണ്ഡില്‍ ഏപ്രില്‍ ഒന്നിന് 293 കേസുകളാണ് ഉണ്ടായിരുന്നത്. ഏപ്രില്‍ എട്ടിന് 1100 േകസുകള്‍. എന്നിരുന്നാലും, മഹാമാരി കത്തിക്കയറുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്യാസിവര്യന്‍മാരോട് നിശ്്ചിത തീയതിക്കു മുമ്പേ മേള അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും അവരത് ചെയ്യുകയും ചെയ്തു.

 

...............................

 2021 മെയ് 11 -ഓടെ 66.3698 മില്യന്‍ ഡോസ് വാക്‌സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതേ സമയം അതിന്റെ മൂന്നിരട്ടി വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തു കഴിഞ്ഞു.


ഇന്ത്യയുടെ വാക്‌സിനേഷന്‍ നയം ശരിയാണോ? 

കൊവാക്‌സിന്‍, കൊവി ഷീല്‍ഡ് എന്നീ പ്രദേശിക നിര്‍മിതമായ രണ്ട് വാക്‌സിനുകള്‍ക്കാണ് ഇന്ത്യ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയത്. ഇതില്‍ കൊവാക്‌സിന്‍ പൂര്‍ണ്ണമായും തദ്ദേശീയമാണ്. പ്രധാനമന്ത്രിയുടെ അനുമതിയോടെയുള്ള പ്രത്യേക പരിപാടി പ്രകാരം, ഐ സി എം ആറും ഭാരത് ബയോടെക്കും ചേര്‍ന്നാണ് റെക്കോര്‍ഡ് സമയത്തില്‍ വാക്‌സിന്‍ വികസിപ്പിച്ച് വിതരണം ചെയ്തത്. എന്നാല്‍, 2021 ജനുവരി 16-ന് ഇന്ത്യ വാക്‌സിനേഷന്‍ പരിപാടി ആരംഭിച്ചതിനിടെ,  കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തമുള്ള നേതാക്കളും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാന ഭരണാധികാരികളും കൊവാക്‌സിനെതിരെ അങ്ങേയറ്റം മലീമസമായ പ്രചാരണം നടത്തി. 

കൊവിഡ് ആക്രമണത്തിന് എളുപ്പം വിധേയരാവാന്‍ സാദ്ധ്യതയുള്ളവരില്‍ മരണനിരക്ക് കുറക്കുക, പോരാട്ടം മുന്നോട്ട് കൊണ്ടുപോവുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങളും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങളും കണക്കിലെടുത്താണ് വാക്‌സിനേഷന്‍ പരിപാടിക്ക് അന്തിമ രൂപം നല്‍കിയത്. ജനുവരി 16-ന് ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ ആരംഭിച്ചു. ഫെബ്രുവരി രണ്ടിന് മുന്‍നിര പോരാളികളുടെയും. മാര്‍ച്ച് ഒന്ന് മുതല്‍ 60 വയസ്സിനു മുകളിലുള്ളര്‍ക്കും 45 വയസ്സിനു മുകളിലുള്ള അനുബന്ധ രോഗികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിച്ചു. ഏപ്രില്‍ ഒന്നിന് 45 വയസ്സിനു മുകളിലുള്ളവരും മെയ് ഒന്ന് മുതല്‍ 18 വയസ്സിനു മുകളിലുള്ളവരും ഇതിനുള്ള അര്‍ഹത നേടി. ലോകത്ത് ഏറ്റവും വേഗമേറിയ വിധം,  182 മില്യന്‍ ആളുകള്‍ക്ക് ഇന്ത്യ ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ വഴി 45 വയസ്സിനു മുകളിലുള്ളവര്‍ക്കും 18-44 പ്രായപരിധിക്കാര്‍ക്കും സൗജന്യമായാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. 

അമേരിക്ക, യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലെ ഗവ. ഏജന്‍സികള്‍ അനുമതി നല്‍കിയ വാക്‌സിനുകള്‍ക്കും റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും ഇതോടൊപ്പം അനുമതി നല്‍കുകയും അവയില്‍ പലതും ഇന്ത്യയിലെത്താറാവുകയും ചെയ്തിട്ടുണ്ട്.  2021 ഡിസംബര്‍ അവസാനത്തോടെ 2.16 ബില്യണ്‍ ഡോസ് വാക്‌സിനുകള്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 

സ്വന്തം നാട്ടുകാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു മുമ്പേ എന്തിനാണ് ഇന്ത്യ മറ്റു രാജ്യങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്തത് എന്നതാണ് മറ്റൊരു ചോദ്യം. 2021 മെയ് 11 -ഓടെ 66.3698 മില്യന്‍ ഡോസ് വാക്‌സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതേ സമയം അതിന്റെ മൂന്നിരട്ടി വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തു കഴിഞ്ഞു.

അസംസ്‌കൃത വസ്തുക്കള്‍ നല്‍കിയതടക്കമുള്ള രാജ്യങ്ങളുമായി വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് കരാര്‍ പ്രകാരമുള്ള ബാദ്ധ്യതകള്‍ നിലവിലുണ്ട്. കൂടാതെ, ആവശ്യമുള്ള സമയത്ത്  അഖില മാനവരാശിക്കും സഹായകമായി നില്‍ക്കുകയാണ് ഇന്ത്യയുടെ മഹിതപാരമ്പര്യം. അമേരിക്കന്‍ ഫ്രഞ്ച് പ്രസിഡന്റുമാര്‍ ഈയടുത്ത് വ്യക്തമാക്കിയതുപോലെ, ലോകം കേണുകൊണ്ടിരുന്ന കഴിഞ്ഞ വര്‍ഷം, ഇന്ത്യ മരുന്നുകളും മറ്റ് സേവനങ്ങളും നല്‍കി ലോകത്തെ സഹായിക്കുകയായിരുന്നു. ഇന്ത്യക്ക് അത്തരമൊരു സഹായം വേണ്ട സമയത്ത് ലോക രാജ്യങ്ങള്‍ ആ നന്‍മയ്ക്കുള്ള പ്രത്യുപകാരം ചെയ്യുന്നുമുണ്ട്. 

 

......................................

നേരത്തെ അനുമതി ലഭിച്ച ഒരു പദ്ധതിയാണ് സെന്‍ട്രല്‍ വിസ്റ്റ. അതിന്റെ നിര്‍മാണം നിര്‍ത്തിവെക്കുന്നതു വഴി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതില്‍ ഒരു കാര്യവുമില്ല. 

 

എന്തിനാണ് മഹാമാരിക്കാലത്ത് സെന്‍ട്രല്‍ വിസ്റ്റ പണിയുന്നത്? 

അമേരിക്കയില്‍നിന്നാരംഭിച്ച് ലോകത്തെ ഞെട്ടിച്ച 1930-കളിലെ സാമ്പത്തിക മാന്ദ്യ സമയത്ത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെല്‍റ്റ് നേരിട്ട ചോദ്യം, മറ്റിടങ്ങളിലേക്ക്  പണം എത്തിക്കേണ്ട സമയത്ത് എന്തിനാണ്  വാഷിംഗ്ടണ്‍ ഡിസിയുടെ പൂര്‍ണ്ണ പുനരുദ്ധാരണം ഉള്‍പ്പടെ, പുതിയ അടിസ്ഥാന സൗകര്യ വികസനത്തിനായി വന്‍ നിക്ഷേപം നടത്തിയത് എന്നതായിരുന്നു. ഭരണനിര്‍വഹണത്തെക്കുറിച്ചുള്ള ക്ലാസിക്കല്‍ പ്രഭാഷണമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വിദഗ്ധ, അര്‍ദ്ധ വിദഗ്ധ തൊഴിലാളികള്‍ക്ക് തൊഴില്‍, ഉല്‍പ്പാദന രംഗത്തും മുഖ്യ വ്യവസായ മേഖലയിലും ആവശ്യകതകള്‍ സൃഷ്ടിക്കല്‍,  അനുബന്ധ സേവന, ആതിഥ്യസേവന രംഗങ്ങളില്‍ കുതിപ്പ് -എന്നിങ്ങനെ സമ്പദ്‌വ്യവസ്ഥയുടെ പുനരുദ്ധാരണത്തിനുള്ള നവചൈതന്യം സൃഷ്ടിക്കാനുള്ള മുഖ്യമാര്‍ഗമാണ് അടിസ്ഥാന സൗകര്യ വികസനം. തൊഴിലുണ്ടാക്കുക, നഗര ഭൂപ്രകൃതി പുനരുജ്ജീവിപ്പിക്കുക, അനുബന്ധ മേഖലയ്ക്ക് പ്രോല്‍സാഹനം നല്‍കുക, തങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന ഏക മേഖലയെ ലോക്ക്ഡൗണിന്റെ പ്രത്യാഘാതങ്ങളില്‍നിന്നും കരകയറ്റുംവിധം അടിസ്ഥാന വര്‍ഗങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്നിങ്ങനെയുള്ള ഉല്‍പ്പാദനപരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒരു വര്‍ഷത്ത ലോക്ക് ഡൗണിനും സാമ്പത്തിക മാന്ദ്യത്തിനും ശേഷം, കേന്ദ്രസര്‍ക്കാര്‍ മുതല്‍മുടക്കുന്നത്.

നേരത്തെ അനുമതി ലഭിച്ച ഒരു പദ്ധതിയാണ് സെന്‍ട്രല്‍ വിസ്റ്റ. അതിന്റെ നിര്‍മാണം നിര്‍ത്തിവെക്കുന്നതു വഴി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതില്‍ ഒരു കാര്യവുമില്ല. 

 

....................................

2020 മാര്‍ച്ച് 25-ന് ഇന്ത്യയിലാകെ 10,180 ഐസോലേഷന്‍ ബെഡുകളാണ് ഉണ്ടായിരുന്നത്. ഇന്നിത് 16 ലക്ഷമായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതേ സമയത്ത് ഐസിയു ബെഡുകള്‍ 2,168 -ല്‍നിന്നും 92,000-ലേക്കാണ് വര്‍ദ്ധിച്ചത്.


ആരോഗ്യ രംഗത്തെ അടിസ്ഥാനസൗകര്യ അപര്യാപ്തത പരിഹരിച്ചോ? 

2020 മാര്‍ച്ച് 25-ന് ഇന്ത്യയിലാകെ 10,180 ഐസോലേഷന്‍ ബെഡുകളാണ് ഉണ്ടായിരുന്നത്. ഇന്നിത് 16 ലക്ഷമായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതേ സമയത്ത് ഐസിയു ബെഡുകള്‍ 2,168 -ല്‍നിന്നും 92,000-ലേക്കാണ് വര്‍ദ്ധിച്ചത്. ഇപ്പോഴത്തെ അവസ്ഥയ്ക്കു മുമ്പ് ഇന്ത്യയുടെ പ്രതിദിന ശരാശരി ഓക്‌സിജന്‍  ആവശ്യം 700 MT ആയിരുന്നു. ഇതാണ് കുറച്ചു നാള്‍ക്കകം  9,000 MT ആയി വര്‍ദ്ധിച്ചത്. 1,200 ശതമാനത്തിന്റെ വര്‍ദ്ധന. ഇത്രയും ഓക്‌സിജന്‍ നിര്‍മിക്കുക എന്നത് ഭീകരമായ വെല്ലുവിളിയാണ്. അവ നിറയ്ക്കാനുള്ള സിലിണ്ടറുകള്‍, എത്തിക്കാനുള്ള ഗതാഗത സംവിധാനം, ആവശ്യക്കാരിലേക്ക് എത്തിക്കാനുള്ള വിതരണ ശൃംഖല എന്നിവ ഉണ്ടാക്കുന്നത് അതിലും വലിയ വെല്ലുവിളി. അങ്ങേയറ്റം വേദനാഭരിതമായ ദിവസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ മോശം അവസ്ഥ ഇപ്പോള്‍ ഏതാണ്ട് മറികടന്നു കഴിഞ്ഞു. 

Remdesivir പോലുള്ള ഔഷധങ്ങളുടെ ഉല്‍പ്പാദനമാവട്ടെ പ്രതിമാസം നാല് മില്യനില്‍നിന്നും 10 മില്യനായി വര്‍ദ്ധിപ്പിച്ചു. ആള്‍ബലം വര്‍ദ്ധിപ്പിക്കുന്നതിനായി, വിദഗ്ധ നിര്‍ദേശ പ്രകാരം പൂര്‍ണ്ണ സുരക്ഷ പ്രോട്ടോകോളോടെ, മെഡിക്കല്‍ ഇന്‍േറണുകളെ ഇന്‍േറണ്‍ഷിപ്പ് പ്രതിഫലം നല്‍കി സര്‍ക്കാര്‍ നിയോഗിച്ചു. വിവിധ നഗരങ്ങളില്‍  പ്രത്യേക അടിയന്തിര മെഡിക്കല്‍ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും മരുന്ന വിതരണം ഫലപ്രദമാക്കുന്നതിനും സൈന്യത്തെ ഉപയോഗിക്കുന്നതിന് പ്രധാനമന്ത്രി തന്നെ നേരിട്ട് മേല്‍നോട്ടം വഹിച്ചു. 

വലിയ ആശുപത്രികളില്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ചു. ഇതേസമയത്തുതന്നെ നേരത്തെ അനുമതി നല്‍കിയ 162 എണ്ണത്തിനു പുറമേ, 551 പുതിയ ഓക്‌സിജന്‍ ജനറേറ്റിംഗ് യൂനിറ്റുകള്‍ക്ക് നിര്‍മാണ അനുമതി നല്‍കി.  500 മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് ഡിആര്‍ഡിഒയും പി എം കെയര്‍ ഫണ്ട് ഉപയോഗിക്കുന്നു. അങ്ങനെ 1200 -ലേറെ പുതിയ പ്ലാന്റുകളാണ് വരാനിരിക്കുന്നത്. വൈകാതെ എല്ലാ ജില്ലകളിലും ഓക്‌സിജന്‍ ജനറേറ്റിംഗ് യൂനിറ്റ് എന്നതാണ് ഉറപ്പുവരുത്തുന്നത്. ഒന്നരലക്ഷം പുത്തന്‍ വെന്റിലേറ്ററുകളും ഡിആര്‍ഡിഒ വികസിപ്പിച്ച SpO2 സെന്‍സിംഗ് അടിസ്ഥാന ഓക്‌സിജന്‍ നിയന്ത്രണ സംവിധാനവും സ്ഥാപിക്കുന്നതിനും പി എം കെയര്‍ ഫണ്ട് ഉപയോഗിക്കുന്നു.

800 മില്യന്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഭക്ഷണവും റേഷനും എത്തിക്കുന്നത് മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഡിആര്‍ഡിഒ വികസിപ്പിച്ച പുതിയ കൊവിഡ് മരുന്നായ 2-deoxy-D-glucose (2-DG) -ന് അനുമതി ലഭിച്ചുകഴിഞ്ഞു. പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കുന്നതില്‍ ഇതേറെ ഫലപ്രദമാണ്.

ഇനിയെന്ത്? 

കൊവിഡ് -19 മഹാമാരിയുടെ രണ്ടാം വരവിനെ ഇന്ത്യ നേരിടുന്നത് പൂര്‍ണ്ണ സമര്‍പ്പണത്തോടെയും ഉറച്ച തീരുമാനത്തോടെയുമാണ്. പ്രതിവാര കേസുകളുടെ എണ്ണത്തില്‍ ആഴ്ചകള്‍ക്കു ശേഷം ഇപ്പോള്‍ കുറവ് ഉണ്ടായിട്ടുണ്ട്.  പുതിയ ആരോഗ്യ സംവിധാനങ്ങളും രോഗം അടിച്ചമര്‍ത്താനുള്ള ശക്തമായ പ്രോട്ടോക്കോളുകളും ഉത്തര്‍പ്രദേശ്, കര്‍ണാടക േപാലുള്ള സംസ്ഥാനങ്ങൡ നിലവില്‍ വന്നിട്ടുണ്ട്. സമീപ ഭാവിയില്‍തന്നെ കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ പിടിച്ചുകെട്ടാനാവും എന്നാണ് പ്രതീക്ഷ. മെഡിക്കല്‍ പ്രൊഫഷണലുകളും മുന്‍നിര യോദ്ധാക്കളുമാണ് കൊവിഡിനെതിരായ ഈ പോരാട്ടത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നായകര്‍. അവരുടെ സമര്‍പ്പണവും സേവനവും തീര്‍ച്ചയായും ഫലങ്ങള്‍ കൊയ്യുക തന്നെ ചെയ്യും. 

(The writer is CEO, Bluekraft Digital Foundation, a New Delhi based Public Policy Think Tank, and was earlier Director (content) MyGov.)

 

Follow Us:
Download App:
  • android
  • ios