അവർ ജോലിയിൽ തിരിച്ചെത്തിയപ്പോൾ, അവൾ അയാളിൽ നിന്ന് ലഭിച്ച സന്ദേശങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ഇമെയിൽ എഴുതി. ജോലി സമയങ്ങളിൽ ജോലിയുമായി ബന്ധപ്പെട്ടുള്ള വഴി മാത്രമേ തന്നോട് ബന്ധപ്പെടാവൂ എന്ന് അവൾ ആവശ്യപ്പെട്ടു. 

സ്ത്രീകൾ(women)ക്ക് നേരെയുള്ള അതിക്രമം പലതരത്തിലുമാണ് നടക്കുന്നത്. വാക്കിലൂടെയും നോക്കിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും എല്ലാം ഇത്തരം അതിക്രമങ്ങൾ നടക്കുന്നുണ്ട്. പലരും അതിനോട് പ്രതികരിക്കുന്നത് പല രീതിയിലാണ്. ഇവിടെ സഹപ്രവർത്തകൻ ന​ഗ്നചിത്രം(nude photo) അയച്ചതിനോട് വേറിട്ട വഴിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് യുവതി. ഇത് റെഡ്ഡിറ്റിൽ വൈറലായി. നിരവധി പേരാണ് ഇതോടെ യുവതിയെ പിന്തുണച്ച് രം​ഗത്തെത്തിയത്. വിദേശത്താണ് സംഭവം. 

സെന്റ് പാട്രിക്സ് ഡേ വാരാന്ത്യത്തിൽ വിവാഹിതനായ സഹപ്രവർത്തകനിൽ നിന്ന് 'അനുചിതമായ' ടെക്‌സ്‌റ്റുകൾ ലഭിച്ചതായിട്ടാണ് യുവതി വെളിപ്പെടുത്തിയത്. ജോലി സമയത്ത്, ജോലിസ്ഥലത്തെ ഇമെയിൽ വിലാസത്തിൽ ഇയാൾക്ക് തന്നെ അതേ ചിത്രങ്ങളും ടെക്സ്റ്റുകളും തിരിച്ചയച്ചു കൊടുത്താണ് യുവതി ഇയാളോട് തനിക്ക് പറയാനുള്ള കാര്യം വ്യക്തമാക്കിയത്.

യുവതി റെഡ്ഡിറ്റിൽ കുറിച്ചത് ഇങ്ങനെ, "സൗഹൃദമാണെന്ന് ഞാൻ കരുതിയിരുന്ന എന്റെ സഹപ്രവർത്തകരിലൊരാൾ (അവൻ വിവാഹിതനാണ്) സെന്റ് പാട്രിക്സ് ഡേ വാരാന്ത്യത്തിൽ പുലർച്ചെ മൂന്ന് മണിക്ക് എനിക്ക് അനുചിതമായ ചില സന്ദേശങ്ങൾ അയച്ചു. അയാളുടെ അടുത്തേക്ക് ചെല്ലാനും ഒരുമിച്ചുള്ള സമയം ആസ്വദിക്കാനും എന്നോട് പറഞ്ഞു. മാത്രമല്ല, അയാൾക്ക് കുറച്ചേറെ നാളായി എന്നോട് താൽപര്യമുണ്ട് എന്നും എനിക്ക് തിരിച്ചും ആ താൽപര്യമുണ്ട് എന്ന് കരുതുന്നതായും അയാൾ സന്ദേശത്തിൽ പറയുന്നു. (എനിക്ക് അങ്ങനെ ഒരു താൽപര്യമില്ല. ഞാൻ ലെസ്ബിയനാണ്- ജോലിസ്ഥലത്തല്ല)". കൂടാതെ തനിക്ക് അയാൾ ഒരു ന​ഗ്നസെൽഫി അയച്ചു എന്നും ഭാ​ഗ്യവശാൽ അതിൽ അവന്റെ സ്വകാര്യഭാ​ഗങ്ങൾക്ക് തൊട്ടുമുമ്പ് വരെയാണ് സെൽഫിയുള്ളത് എന്നും യുവതി പറയുന്നു.

മെസേജ് വരുമ്പോൾ താൻ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു. ആ മെസേജ് കണ്ടപ്പോൾ ഞെട്ടിപ്പോയി. സാധാരണ ജോലിസമയത്തല്ലാതെ ഓഫീസിൽ നിന്നുള്ള ആരുടെയെങ്കിലും സന്ദേശങ്ങളോ ഒന്നും നോക്കില്ല എന്ന് തീരുമാനിച്ച ആളാണ് ഞാൻ. ജോലിസ്ഥലത്തെ എന്തെങ്കിലും കാര്യത്തിന് ഞാൻ എന്റെ സ്വകാര്യ ഫോൺ ഉപയോ​ഗിക്കാറുമില്ല. സാധാരണ അങ്ങനെ വരുന്ന കോളോ മെസേജോ താൻ ശ്രദ്ധിക്കാറില്ല. ഈ മെസേജും താനാദ്യം അവ​ഗണിക്കുക തന്നെ ആയിരുന്നു. എന്നാൽ, പിന്നീട് ഇയാൾ വീണ്ടും തനിക്ക് സന്ദേശമയച്ചു. താൻ വല്ലാതെ മദ്യപിച്ചു എന്നും അതിനാലാണ് അങ്ങനെ സംഭവിച്ചത്, സോറി എന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ, അതിനുശേഷം അയാൾ തനിക്ക് ഇപ്പോഴും അങ്ങനെ ഒരു താൽപര്യം തന്നോട് ഉണ്ട് എന്ന് കൂടി മെസേജയച്ചു. അതോടെയാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത് എന്നും അവൾ പറയുന്നു. 

അവർ ജോലിയിൽ തിരിച്ചെത്തിയപ്പോൾ, അവൾ അയാളിൽ നിന്ന് ലഭിച്ച സന്ദേശങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ഇമെയിൽ എഴുതി. ജോലി സമയങ്ങളിൽ ജോലിയുമായി ബന്ധപ്പെട്ടുള്ള വഴി മാത്രമേ തന്നോട് ബന്ധപ്പെടാവൂ എന്ന് അവൾ ആവശ്യപ്പെട്ടു. "കൂടാതെ, നിങ്ങളുടെ സന്ദേശങ്ങളിലെ ഉള്ളടക്കം അസ്വീകാര്യവും അനുചിതവുമാണെന്ന് ഞാൻ കണ്ടെത്തി. ദയവായി ജോലിയുമായി ബന്ധപ്പെട്ട് മാത്രം എന്നെ ബന്ധപ്പെടുക" എന്നും അവൾ മെയിലിൽ കുറിച്ചു.‌‌ 

അയാൾ അതോടെ ദേഷ്യപ്പെട്ടു എന്നും വർക്ക് ഈമെയിലിൽ അയാളുടെ തന്നെ സന്ദേശങ്ങളും ചിത്രവും അയച്ചതിനെ വിമർശിച്ചു എന്നും അവൾ കുറിച്ചു. ഏതായാലും റെഡ്ഡിറ്റിൽ നിരവധി പേർ യുവതിക്ക് പിന്തുണയുമായി എത്തി. എച്ച് ആറിന്റെ അടുത്ത് പോകൂ എന്നും പരാതിപ്പെടൂ എന്നും നിരവധി പേർ കുറിച്ചു. ഏതായാലും ഇത്തരം അനാവശ്യമായ ഇടപെടലുകളോട് സീറോ ടോളറന്‍സ് തന്നെ മതി എന്നാണ് ഇക്കാര്യം തെളിയിക്കുന്നത്.