പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ, ഒരു കൂട്ടം ആളുകൾ കാട്ടാനയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിന് കാരണമായി. ഒരാൾ ആനയുടെ വാലിൽ പിടിച്ചു വലിക്കുകയും മറ്റുള്ളവർ കല്ലെറിയുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
പശ്ചിമ ബംഗാളിലെ മേദിനിപൂരിൽ നിന്നുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള വിമർശനത്തിന് വഴിതെളിച്ചു. തങ്ങളുടെ സന്തോഷത്തിന് വേണ്ടി ഒരു കൂട്ടം മനുഷ്യര്‍ ചേര്‍ന്ന് ഒരു കാട്ടാനയ്ക്ക് നേരെ കല്ലെറിയുന്നതും ഒരാൾ ആനയുടെ വാലില്‍ പിടിച്ച് വലിക്കുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഈ കാഴ്ചകളൊക്കെ കണ്ട് മറ്റുള്ളവര്‍ ചിരിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും വീഡിയോൽ കാണാം.
വീഡിയോ
റോഡരികിലെ വനത്തില്‍ റോഡിന് പുറം തിരിഞ്ഞ് ശാന്തനായി ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു ആനയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടെ നീല ഷർട്ട് ധരിച്ച ഒരു യുവാവ് പുറം തിരിഞ്ഞ് നില്‍ക്കുന്ന ആനയുടെ വാലില്‍ പിടിച്ച് വലിക്കുന്നതും കാണാം. ഇതോടെ പ്രകോപിതനായ ആന പെട്ടെന്ന് തിരിഞ്ഞ് നില്‍ക്കുന്നു. ഇതിനിടെ യുവാവ് ഓടി മാറുന്നു. യുവാവിനെ അക്രമിക്കാനായി ആന പിന്നിലേക്ക് വലിയുന്നുണ്ടെങ്കിലും ആന അക്രമണത്തിന് മുതിരുന്നില്ല. ഇതിനിടെ ക്യാമറ പിന്നിലേക്ക് തിരിക്കുമ്പോൾ നൂറുകണക്കിന് ആളുകൾ അവിടെ നിന്നും ആനയ്ക്ക് നേരെ കല്ലെറിയുന്നതും വലിയ ശബ്ദമുണ്ടാക്കുന്നതും കാണാം.
പ്രതികരണം
മേദിനിപൂർ ജില്ലയിലെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം ഭക്ഷണം തേടി ആനക്കൂട്ടം എത്തിയപ്പോളാണ് ഈ സംഭവം നടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ആൾക്കൂട്ടത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ഇവിടെ ആരാണ് ശരിക്കും മൃഗങ്ങളെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിച്ചത്. മറ്റ് ചിലര്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ എവിടെ, അവര്‍ ഉറങ്ങുകയാണോയെന്ന് ചോദിച്ച് കൊണ്ട് രംഗത്തെത്തി. വന്യജീവികൾ മനുഷ്യരില്‍ നിന്നും കുറച്ച് കൂടി നല്ല പ്രതികരണം പ്രതീക്ഷിക്കുന്നുവെന്ന് മറ്റ് ചിലരെഴുതി. 1972 ലെ വന്യജീവി സംരക്ഷണ നിയമം ഏതെങ്കിലും വന്യമൃഗത്തെ ഇത്തരത്തിൽ ശല്യപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമായി പറയുന്നു. അത്തരം കേസുകളിൽ കഠിനമായ ശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നിട്ടും ഇവിടെ എന്താണ് നടക്കുന്നതെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്.


