ഭർത്താവിൻ്റെ അച്ഛൻ്റെ മരണാനന്തര ചടങ്ങിൽ വെച്ച്, 19 വർഷമായി താൻ വിവാഹം കഴിച്ച ഭർത്താവിന് മറ്റൊരു ഭാര്യയും കുട്ടിയുമുണ്ടെന്ന സത്യം ഒരു സ്ത്രീ തിരിച്ചറിയുന്നു. 16 വർഷമായി തുടരുന്ന ഈ രഹസ്യബന്ധം പുറത്തുവന്നതിനെ തുടർന്ന് ഭർത്താവിന് കോടതി ശിക്ഷച്ചു. 

ര്‍ത്താവിന്‍റെ 16 വര്‍ഷത്തെ പ്രണയം ഭാര്യ കണ്ടെത്തിയത് ഭര്‍ത്താവിന്‍റെ അച്ഛന്‍റെ മരണത്തോടെ. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലാണ് ഈ അസാധാരണ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് സൗത്ത് ചൈന മോർണിംഗ് പോസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവിന്‍റെ അച്ഛന്‍റെ മരണാനന്തര ചടങ്ങിനെത്തിയ യുവതി, താന്‍ കുടുംബാംഗമാണെന്ന് മറ്റുള്ളവരോട് പറയുകയും മൃതദേഹത്തിന് അരികില്‍ നിന്ന് വിതുമ്പുകയും ചെയ്തു. ഇതോടെയാണ് ഭാര്യ, ഭര്‍ത്താവിന്‍റെ കാമുകിയെ തിരിച്ചറിഞ്ഞതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

19 വർഷത്തെ ദമ്പത്യം, 16 വര്‍ഷത്തെ പ്രണയം

ഷാന്‍ഡോങ് പ്രവിശ്യയിലെ വാങും ഷാങും തമ്മിലുള്ള വിവാഹം 19 വർഷങ്ങൾക്ക് മുമ്പാണ് കഴിഞ്ഞത്. 2022 ജൂണിൽ വാങ്ങിന്‍റെ അച്ഛന്‍ മരിച്ചു. മരണാനന്തര ചടങ്ങുകൾക്കിടെ ദുഃഖ സൂചകമായ വസ്ത്രം ധരിച്ച് ഒരു സ്ത്രീ ശവമഞ്ചത്തിന്‍റെ അടുത്തിരുന്ന് കരയുന്നത് ഷാങ്ങ് ശ്രദ്ധിച്ചു. വെന്‍ എന്നായിരുന്നു ഈ സ്ത്രീയുടെ പേര്. ഇവര്‍ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുക്കളോട് താന്‍ വാങ്ങിന്‍റെ ഭാര്യയാണെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെട്ടത്. ഒരു കുടുംബാഗത്തെ പോലെ അവര്‍ മൃതദേഹത്തിന് അരികിലിരുന്ന് കരയുന്നത് കണ്ടെന്ന് ഹെനാന്‍ ടിവിയെ ഉദ്ധരിച്ച് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെളിപ്പെട്ട പ്രണയം

പിന്നാലെ ഷാങ്, തന്‍റെ ഭര്‍ത്താവിനെ ചോദ്യം ചെയ്യാനാരംഭിച്ചു. ഷാങിന്‍റെ ചോദ്യം ചെയ്യലില്‍ വാങിന് സത്യം പറയാതിരിക്കാനായില്ല. പിന്നാലെ പ്രശ്നം കോടതിയിലെത്തി. കോടതിയുടെ ചോദ്യം ചെയ്യലിനിടെയാണ് തങ്ങളുടെ വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോൾ തന്നെ വാങ്ങും വെന്നും പ്രണയത്തിലായിരുന്നെന്ന് ഷാങ് തിരിച്ചറിയുന്നത്. ഷാങ്ങിന്‍റെയും വാങ്ങിന്‍റെയും വിവാഹ ദിവസമാണ് വാങ് വെന്നിനെ ആദ്യം കണ്ടതെന്നും ഇയാൾ കോടതിയില്‍ സമ്മതിച്ചു. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. തനിക്ക് ദീർഘദൂര ട്രക്കിംഗ് ജോലിയാണെന്നായിരുന്നു വാങ്, ഷാങ്ങിനെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍, വീട്ടിലില്ലാത്ത സമയങ്ങളിൽ ഇയാൾ വെന്നിനൊപ്പം മറ്റൊരു നഗരത്തില്‍ കുട്ടിയോടൊപ്പം താമസിക്കുകയായിരുന്നു.

അയൽക്കാരുടെ സാക്ഷ്യം

വാങും വെനും നിയമപരമായി വിവാഹിതരായിട്ടില്ലെങ്കിലും, അവർ പരസ്പരം ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചിരുന്നതെന്ന് ഇരുവരുടെയും അയല്‍ക്കാരും കോടതിയെ ബോധിപ്പിച്ചു. വെന്നിന് ഒരിക്കൽ ആശുപത്രി അഡ്മിറ്റ് ചെയ്യേണ്ടിവന്നപ്പോൾ ഭര്‍ത്താവാണെന്നാണ് വാങ് ആശുപത്രിയില്‍ പറ‌ഞ്ഞിരുന്നത്. നിയമപരമായ ഭാര്യയുള്ളപ്പോൾ. നിയമപരമല്ലാത്ത ഒരു കുടുംബ ബന്ധം സ്ഥാപിച്ചതിന് കോടതി വാങിനെ ഒരു വര്‍ഷത്തെ തടവിന് വിധിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വാങ് വിധിക്കെതിരെ അപ്പീൽ പോയെങ്കിലും അത് നിരസിക്കപ്പെട്ടു.