ഞായറാഴ്ച രാവിലെയാണ് വീട്ടുകാർ ടോയ്‌ലറ്റിനുള്ളിൽ മുതലയെ കണ്ടെത്തിയത്. വീട്ടുകാർ ഭയന്ന് നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ആയിരുന്നു.
ആക്രമണകാരികളായ ജീവികളിൽ മുൻപന്തിയിൽ തന്നെയുള്ള ജീവിയാണ് മുതല. മുതലയുടെ ആക്രമണത്തിൽ പരിക്കേറ്റവരും ജീവൻ നഷ്ടപ്പെട്ടവരുമായ നിരവധി ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളത്. സാധാരണയായി വിദേശരാജ്യങ്ങളിൽ ആണ് മുതലകളുടെ ആക്രമണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു വീടിനുള്ളിലെ ടോയ്‌ലറ്റിൽ നിന്നും കണ്ടെത്തിയത് 7 അടി വലിപ്പമുള്ള ഭീമാകാരൻ മുതലയെയാണ്. ടോയ്ലറ്റ് തുറന്ന വീട്ടുകാരാണ് മുതലയെ ആദ്യം കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ വീട്ടുകാർ ഭയപ്പെട്ടുവെങ്കിലും മുതല പുറത്തു ചാടുന്നതിനു മുൻപ് തന്നെ ടോയ്‌ലറ്റ് പുറത്തുനിന്ന് പൂട്ടാൻ സാധിച്ചത് വലിയ അപകടം ഒഴിവാക്കി.
ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ നഗ്ല പാസി ഗ്രാമത്തിലെ ഒരു വീടിൻറെ ടോയ്‌ലറ്റിൽ നിന്നുമാണ് മുതലയെ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഗ്രാമത്തിൻറെ വിവിധ ഭാഗങ്ങളിൽ ഈ മുതലയെ കണ്ടെത്തിയിരുന്നെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. ടോയ്‌ലറ്റിൽ മുതലയെ കണ്ടതിനെ തുടർന്ന് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മുതലയെ പിടികൂടി കാടിനുള്ളിൽ തുറന്നുവിട്ടു. രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മുതലയെ പരിക്കുകൾ ഒന്നും കൂടാതെ പിടികൂടി അതിൻറെ ആവാസവ്യവസ്ഥയിൽ തുറന്നുവിടാൻ കഴിഞ്ഞത്.
ഞായറാഴ്ച രാവിലെയാണ് വീട്ടുകാർ ടോയ്‌ലറ്റിനുള്ളിൽ മുതലയെ കണ്ടെത്തിയത്. വീട്ടുകാർ ഭയന്ന് നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ആയിരുന്നു. പ്രത്യേകം തയ്യാറാക്കിയ കെണിയിൽ കയറ്റിയാണ് മുതലയെ ടോയ്ലറ്റിനുള്ളിൽ നിന്നും പുറത്തെടുത്തത്. സമീപത്തെ കുളത്തിൽ നിന്നും ആകാം മുതല കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചത് എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കാടിനുള്ളിലെ ജലാശയത്തിലാണ് പിടികൂടിയ മുതലയെ തുറന്നു വിട്ടിരിക്കുന്നത് എന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജസ്രാനയിലെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രകുമാർ ശാശ്വത് പറഞ്ഞു.
