Asianet News MalayalamAsianet News Malayalam

പേര് 'ഒസാമ ബിൻ ലാദൻ', കടിച്ചുകീറി കൊന്നുകളഞ്ഞത് എൺപതിലധികം പേരെ, ഒടുവിൽ...

ഒന്നിന് പുറകെ ഒന്നായി ആളുകൾ കൊല്ലപ്പെടാൻ തുടങ്ങിയതോടെ 2005 -ൽ, ഗ്രാമവാസികൾ ആ മൃഗത്തെ പിടികൂടാൻ അധികൃതരോട് ആവശ്യപ്പെട്ടു. 

crocodile named after osama bin laden terrorised African village
Author
Africa, First Published Jun 15, 2021, 4:28 PM IST

ഒസാമ ബിൻ ലാദനെന്ന പേരുകേട്ടാൽ മതി ഉഗാണ്ടയിലെ മുതിർന്നവരും കുട്ടികളുമടക്കം എല്ലാവരും ഭയന്ന് വിറക്കാൻ. കാരണം തന്റെ 75 വർഷത്തെ ജീവിതത്തിനുള്ളിൽ അത് കൊന്നുതിന്നത് എൺപതിലേറെപ്പേരെയാണ്. ഈ നരഭോജി ഒരു മുതലയാണ്. 1991 -നും 2005 -നും ഇടയിലായിരുന്നു അവന്‍റെ ആക്രമം. അവിടത്തെ ഗ്രാമമായ ലുഗാംഗയിലെ ജനങ്ങള്‍ ഇവനെ കൊണ്ട് പൊറുതി മുട്ടി. ആഫ്രിക്കയിലെ ഏറ്റവും വലുതും, ലോകത്തിലെ രണ്ടാമത്തെ വലിതുമായ തടാകമായ വിക്ടോറിയ തടാകത്തിലായിരുന്നു അതിന്റെ താമസം.  

16 അടി നീളമുള്ള ഈ നൈൽ മുതല നദിക്കരയിൽ വെള്ളം ശേഖരിക്കാനെത്തുന്ന കുട്ടികളെ പതുങ്ങി ഇരുന്ന് പിടികൂടുമായിരുന്നു. വെള്ളത്തിൽ നീന്താൻ ഇറങ്ങുന്നവരെയും അത് വെറുതെ വിട്ടിരുന്നില്ല. അതും പോരാതെ, മൽസ്യബന്ധന ബോട്ടുകളിൽ ചാടിക്കയറി ആളുകളെ കടിച്ചു കീറിയിരുന്നു അത്. അതിന്റെ ആക്രമണത്തിന് വിധേയരായ ഇരകളുടെ വസ്ത്രങ്ങൾ മാത്രം ഒടുവിൽ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടന്നു. ജനങ്ങൾ ഭീതിയിടെയാണ് ആ തടാകത്തിനരികിലൂടെ യാത്ര ചെയ്തിരുന്നത്. മൽസ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ നിരവധിയുണ്ടായിരുന്ന അവിടെ ജീവൻ പണയം വച്ചാണ് അവർ ബോട്ടുകളിൽ സഞ്ചരിച്ചിരുന്നത്. വെള്ളത്തിലെങ്ങാൻ ഒരു അനക്കം കേട്ടാൽ അവരുടെ ഉള്ള് കാളും. അതിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ വളരെ വിരളമാണ്. ഒരിക്കൽ ആ ജീവിയുമായി മുഖാമുഖം പോരാടിയ വ്യക്തിയാണ് പോൾ കൈവല്യാംഗ. ഭാഗ്യവശാൽ, അതിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സിഡ്‌നി മോർണിംഗ് ഹെറാൾഡിനോട് അദ്ദേഹം അതിനെ കുറിച്ച് പറയുകയുണ്ടായി. ഒരു ബോട്ടിൽ അദ്ദേഹവും സഹോദരൻ പീറ്ററും യാത്ര ചെയ്യുകയായിരുന്നു. പീറ്റർ ബോട്ടിൽ ഇരുന്ന് മീൻ പിടിക്കുമ്പോൾ മുതല അതിലേയ്ക്ക് കുതിച്ചുകയറുകയും അവന്റെ കാലിൽ പിടി മുറുക്കുകയും ചെയ്തു. തുടർന്ന് മുതല അതിന്റെ കൂറ്റൻ താടിയെല്ലുകളാൽ പീറ്ററിനെ കടിച്ച് വലിച്ച് വെള്ളത്തിലേയ്ക്ക് കൊണ്ടുപോയി. പോൾ അവനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം പീറ്ററിന്റെ തലയും, കൈയും മാത്രമാണ് അവർക്ക് കണ്ടെത്താൻ സാധിച്ചത്.

ഒന്നിന് പുറകെ ഒന്നായി ആളുകൾ കൊല്ലപ്പെടാൻ തുടങ്ങിയതോടെ 2005 -ൽ, ഗ്രാമവാസികൾ ആ മൃഗത്തെ പിടികൂടാൻ അധികൃതരോട് ആവശ്യപ്പെട്ടു. അമ്പതോളം പ്രാദേശിക അധികൃതരും, വന്യജീവി ഉദ്യോഗസ്ഥരും ചേർന്ന് ഏഴ് പകലും ഏഴ് രാത്രിയും നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് അതിനെ പിടികൂടിയത്. ഇപ്പോൾ ഉഗാണ്ട ക്രോക്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് മുതലയുള്ളത്. മുതലയുടെ തൊലി ഉപയോഗിച്ച് ഹാൻഡ്‌ബാഗുകൾ നിർമ്മിച്ച് ഇറ്റലി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയക്കുന്ന കമ്പനിയാണ് അത്. ഒസാമയെ ഇപ്പോൾ അവർ പ്രജനനത്തിനായി ഉപയോഗിക്കുന്നു.

ഓരോ ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് കമ്പനിയുടെ ഫാം സന്ദർശിക്കാനെത്തുന്നത്. അതിൽ ബിൻ ലാദനെ കാണാൻ വരുന്നവരാണ് കൂടുതലും. ഒരിക്കൽ തന്റെ മുന്നിലെത്തിയ നിരപരാധികളെ ദയവില്ലാതെ കടിച്ച് കീറിയിരുന്ന അത് ഇന്ന് കൂട്ടിൽ ഒരു പ്രദർശന വസ്തുവായി ആളുകൾക്ക് മുന്നിൽ അനങ്ങാതെ കിടന്ന് കൊടുക്കുന്നു. എന്തിരുന്നാലും അവനെ അങ്ങനെ അടച്ചിടുന്നതിന് നേരെ വന്യജീവി പ്രചാരകരുടെ പ്രതിഷേധമുണ്ട്. 

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios