അയൽക്കാരും കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഏണി വച്ച് ജനാലയ്ക്കരികിലെത്തി അത് തുറന്നെങ്കിലും കനത്ത പുക കാരണം അവർ ചുമക്കുകയും ശ്വസിക്കാൻ സാധിക്കാതെ വരികയും ആയിരുന്നു.

ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ക്രിസ്മസ് ആഘോഷങ്ങൾക്കായി കാത്തിരുന്ന അരിസോണയിലെ ഒരു കുടുംബത്തിന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ദുരന്തമാണ്. അതിൽ വിറങ്ങലിച്ച് നിൽക്കയാണ് ഈ വീട്ടുകാർ. അച്ഛൻ ഷോപ്പിം​ഗിന് പോയ സമയത്ത് വീട്ടിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചത് അഞ്ച് കുട്ടികൾ. 

ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും വാങ്ങാൻ പോയതായിരുന്നു അച്ഛൻ. എന്നാൽ, തിരികെ എത്തുമ്പോഴേക്കും നാല് മക്കളടക്കം അഞ്ച് കുട്ടികൾ വീട്ടിലുണ്ടായ അപകടത്തിൽ മരിച്ചിരുന്നു. ശനിയാഴ്ചയാണ് ആ അപകടം നടന്നത്. ആ സമയത്ത് താൻ ക്രിസ്മസ് ഷോപ്പിം​ഗിന് വേണ്ടി പോയിരിക്കുകയായിരുന്നു എന്ന് കുട്ടികളുടെ അച്ഛൻ തന്നെയാണ് അന്വേഷണ ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്. ‌

രണ്ടും അഞ്ചും 13 ഉം വയസ്സുള്ള മൂന്ന് സഹോദരന്മാരും അവരുടെ നാല് വയസ്സുള്ള സഹോദരിയും ബന്ധുവായ ഒരു 11 -കാരനുമാണ് മരിച്ചത്. അപകടം നടക്കുമ്പോൾ മുകൾനിലയിലായിരുന്നു കുട്ടികൾ. താഴത്തെ നിലയിൽ നിന്നാണ് തീപടർന്നത് എന്നാണ് കരുതുന്നത്. വീട്ടിൽ ആകെയുണ്ടായിരുന്നത് ഒരേയൊരു സ്റ്റെയറായിരുന്നു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് താഴേക്കിറങ്ങാനോ അവിടെ നിന്നും പുറത്ത് കടന്ന് രക്ഷപ്പെടാനോ സാധിച്ചില്ല എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നത്. 

അയൽക്കാരും കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. ഏണി വച്ച് ജനാലയ്ക്കരികിലെത്തി അത് തുറന്നെങ്കിലും കനത്ത പുക കാരണം അവർ ചുമക്കുകയും ശ്വസിക്കാൻ സാധിക്കാതെ വരികയും ആയിരുന്നു. അതിനാൽ തന്നെ അവർക്ക് കുട്ടികളെ രക്ഷിക്കാൻ സാധിച്ചില്ല. കുറച്ച് സമയത്തിനുള്ളിൽ തന്നെ അ​ഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കുഞ്ഞുങ്ങളെല്ലാം മരിച്ചിരുന്നു. 

സംഭവിച്ച ദുരന്തത്തിൽ ഇതുവരേയും വീട്ടുകാർക്കും ബന്ധുക്കൾക്കും അയൽക്കാർക്കും നടുക്കം വിട്ടുമാറിയിട്ടില്ല. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന കാര്യത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം