മനുഷ്യർക്ക് എങ്ങനെയാണ് ഇത്ര ക്രൂരന്മാരാകാൻ കഴിയുക? അതും, ഇത്തിരിയില്ലാത്ത കുഞ്ഞുമക്കളോട്? ഇതൊക്കെ ചെയ്തിട്ട് എങ്ങനെയാണ് വന്നു വയറുനിറയെ ഭക്ഷണം കഴിക്കാനാവുന്നത്? സുഖമായി കിടന്നുറങ്ങാനാവുന്നത്?
മനുഷ്യർക്ക് എങ്ങനെയാണ് ഇത്ര ക്രൂരന്മാരാകാൻ കഴിയുക? അതും, ഇത്തിരിയില്ലാത്ത കുഞ്ഞുമക്കളോട്? ഇതൊക്കെ ചെയ്തിട്ട് എങ്ങനെയാണ് വന്നു വയറുനിറയെ ഭക്ഷണം കഴിക്കാനാവുന്നത്? സുഖമായി കിടന്നുറങ്ങാനാവുന്നത്? സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാനാവുന്നത്? ഇനി പറയാൻ പോകുന്ന കഥ കേട്ടാൽ ഇത്തരം ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിൽ തോന്നുക സ്വാഭാവികമാണ്. വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ടാണ് ഇരിക്കുന്നതെങ്കിൽ വായന ഇവിടെ നിർത്താം. ഇത് ദുർബല ഹൃദയർക്ക് വായിക്കാൻ പറ്റിയതല്ല. നിങ്ങൾക്ക് ചങ്കുപറിച്ചു കൊടുത്തു നിങ്ങൾ സ്നേഹിക്കുന്ന കുഞ്ഞുങ്ങളുണ്ടെങ്കിൽ ഒരിക്കൽ കൂടി അവരെ അരികിൽ വിളിച്ച് കെട്ടിപ്പിടിക്കുക, നിറുകയിൽ അമർത്തിച്ചുംബിക്കുക. അവർ നിങ്ങളോടൊപ്പമുണ്ടല്ലോ എന്നാശ്വസിക്കുക. കാരണം ഇത് മനുഷ്യത്വത്തിലും, സ്നേഹത്തിലുമുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ കുറ്റിയറുക്കാൻ പോന്നൊരു അനുഭവ സാക്ഷ്യമാണ്.
വർഷം 1975 , സ്ഥലം പത്താൻകോട്ട്.
എയർബേസിൽ വലിയൊരു ശബ്ദം കേട്ടു, പിന്നാലെ സൈറൺ മുഴങ്ങുന്ന ശബ്ദവും കേട്ടു. ഒച്ചയും ബഹളവും കേട്ട് റിക്രിയേഷൻ റൂമുകളിൽ നിന്ന് പുറത്തേക്കോടി വന്ന പൈലറ്റുകൾ കണ്ടത് പുക ഉയരുന്ന ഒരു വീടാണ്. അതിനെ ലക്ഷ്യമാക്കിക്കൊണ്ട് ഫയർ എഞ്ചിനുകൾ കുതിച്ചു പായുന്നുണ്ടായിരുന്നു. " എന്താണ്? അറ്റാക്ക് ആണോ? " ഒരു പൈലറ്റ് വിളിച്ചു ചോദിച്ചു.
"ഒരു വീട് അക്രമിക്കപ്പെട്ടിട്ടുണ്ട്..." എന്നുമാത്രം അയാൾക്ക് മറുപടി കിട്ടി. "പത്താൻകോട്ട് എയർബേസിനുള്ളിൽ കടന്നൊരു ഭീകരാക്രമണമോ? നെവർ. ഇവിടെ ഇത്രേം സുരക്ഷയുള്ളപ്പോൾ എങ്ങനെ ? " അയാൾ മനസ്സിലോർത്തു. (ആ ചിന്ത തെറ്റാണെന്ന് പിന്നീട് 2016 -ൽ തെളിഞ്ഞു. അത് വേറെക്കാര്യം.)
ആക്രമണം നടന്നത് മേജർ വികെ ശർമ്മയുടെ ക്വാർട്ടേഴ്സിൽ ആയിരുന്നു. അവിടമാകെ എയർഫോഴ്സ് യൂണിഫോംധാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. ആദ്യം സ്‌ട്രെച്ചറിൽ പുറത്തുവന്നത് ഒരു സ്ത്രീയുടെ ശരീരമാണ്. പിന്നാലെ ഒരു ആൺകുട്ടിയുടെ ശരീരവും അടുത്ത സ്‌ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുവന്നു. രണ്ടും ആംബുലൻസേറി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. "ശർമ്മയെ വിളിച്ചു പറ, അയാൾ മെസ്സിലുണ്ട്" ആരോ നിർദേശം നൽകി.

മേജർ ശർമയുടെ വീടിനു നേർക്ക് ആദ്യം ഒരു ഗ്രനേഡ് വലിച്ചെറിയപ്പെട്ടു. ഇത് ചെയ്തത് പുറത്തുനിന്ന് നുഴഞ്ഞു കയറിയ തീവ്രവാദികളൊന്നും അല്ലായിരുന്നു. അത് ചെയ്തയാൾ ആ ബേസിനുള്ളിൽ തന്നെ നിയുക്തനായിരുന്ന ഒരു സൈനികനായിരുന്നു. പേര് ദർബാര സിംഗ്. ഈ ആക്രമണം നടക്കുന്നതിന് ദിവസങ്ങൾ മുമ്പ് ദർബാര സിങ്ങും മേജർ ശർമയുമായി ഒരു വാക്കേറ്റം നടന്നിരുന്നു. ദർബാര സിങ്ങിനെ കടുത്തഭാഷയിൽ തന്നെ ശകാരിച്ചു മേജർ. താൻ നോവിച്ചുവിട്ടത് ഒരു പാമ്പിനെയാണ് എന്ന് മേജർ അന്ന് തിരിച്ചറിഞ്ഞില്ല. മറ്റുള്ളവരുടെ മുന്നിൽ വെച്ച് തന്നെ അപമാനിച്ച മേജറോട് പകരം വീട്ടാൻ തന്നെ അയാൾ ഉറപ്പിച്ചു. അമ്യൂണിഷൻ ഡിപ്പോയിൽ നിന്ന് ഒരു ഹാൻഡ് ഗ്രനേഡ് മോഷ്ടിച്ച ദർബാര സിങ് അത് മേജറുടെ വീടിനുനേർക്ക് വലിച്ചെറിയുകയായിരുന്നു. ആ ഗ്രനേഡാക്രമണത്തിൽ മേജറുടെ ഭാര്യക്കും കുഞ്ഞിനും സാരമായ പരിക്കുകൾ പറ്റി എങ്കിലും സംശയാതീതമായി തെളിവുകളുടെ അഭാവത്തിൽ ദർബാര സിങ്ങിനെ കോടതി വെറുതെ വിട്ടു.
അക്രമാസക്തമായ ലൈംഗികത
പട്ടാളക്കാരനിൽ നിന്ന് ഒരു സീരിയൽ കില്ലറിലേക്ക് അധഃപതിക്കുകയായിരുന്നു ദർബാര സിങ്. അതിനു കാരണം അയാളുടെ മാനസിക അപഭ്രംശങ്ങളും, അകാരണമായ കോപവും, മുൻധാരണകളും, കുടിലബുദ്ധിയും ഒക്കെയായിരുന്നു. പട്ടാളത്തിൽ ജോലി നേടും മുമ്പുതന്നെ വിവാഹിതനായിരുന്നു സിങ്. അയാൾക്ക് ആ വിവാഹത്തിൽ മൂന്നു കുട്ടികളുമുണ്ടായിരുന്നു. സിങ്ങിന് മൂന്നു കാര്യങ്ങളിലായിരുന്നു കമ്പം, ഒന്ന്, മദ്യം. രണ്ട്, മദ്യപിച്ച് ലക്കുകെട്ട് തിരികെ വീട്ടിൽ വന്ന് ഭാര്യയെ തല്ലി പതംവരുത്തുക. മർദ്ദനം മതിവരുമ്പോൾ, ഭാര്യയെ സെക്സിലേർപ്പെടാൻ നിർബന്ധിക്കുക.
കുടിച്ച് ആടിയാടി വന്ന് ഭാര്യയെ ആദ്യം സെക്സിനായി പ്രലോഭിപ്പിക്കാൻ ശ്രമിക്കും സിങ്. ഭാര്യ വിസമ്മതിക്കുമ്പോൾ അടിച്ച് അവരുടെ കണ്ണിൽ നിന്ന് പൊന്നീച്ച പാറിക്കുക. അതിനുശേഷം അവരെ ബലാത്ക്കാരമായി പ്രാപിക്കുക. ഇതായിരുന്നു സ്ഥിരം പരിപാടി. പട്ടാളത്തിൽ ജോലിയുണ്ടായിരുന്ന കാലത്തോളം അയാളുടെ പ്രകൃതം ഏറെക്കുറെ മേൽപ്പറഞ്ഞ അക്രമങ്ങളിൽ ഒതുങ്ങി നിന്നിരുന്നു. എന്നാൽ, മേജർ ശർമ്മയുടെ വീടാക്രമിച്ച കേസിൽ, കോടതിയുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു എങ്കിലും അയാളെ പട്ടാളത്തിൽ നിന്ന് പറഞ്ഞുവിട്ടു. അത് അയാൾക്ക് വല്ലാത്ത അഭിമാനക്ഷതമായി അനുഭവപ്പെട്ടു. ആ അമർഷം മുഴുവൻ അയാൾ തീർത്തത് വീട്ടിൽ ഭാര്യയുടെ മേലാണ്.
ഇടയ്ക്കിടെ ആ പാവം സ്ത്രീയുടെ നിലവിളി ഉയർന്നു കേൾക്കുമ്പോഴാണ് ദർബാര സിങ് വീണ്ടും തന്റെ മുഷ്‍ക് തുടങ്ങി എന്ന് അയൽക്കാർക്ക് മനസ്സിലാവുക. അയാളുടെ നശിച്ച കുടി അവസാനിച്ചാൽ ആ പാവത്തിന് കിടക്കപ്പൊറുതി കാണൂ എന്ന് അവർ പരസ്പരം പറഞ്ഞുകൊണ്ടിരുന്നു.
ഒരു ദിവസം രാവിലെ വീണ്ടും ആ വീട്ടിൽ നിന്ന് ബഹളം കേട്ടു. ഇത്തവണ പതിവിലും ഇരട്ടിയായിരുന്നു ഒച്ച. അയൽക്കാർ കാര്യമെന്തെന്നറിയാനുള്ള കൗതുകം കൊണ്ട് അവരുടെ വീട്ടുപടിക്കലെത്തി. അവിടെ വീടിന്റെ ഉമ്മറപ്പടിയിൽ കലികൊണ്ട് നിൽക്കുന്ന ദർബാര സിങ്. അയാളെ ആഞ്ഞൊന്ന് ആട്ടിക്കൊണ്ട് വീട്ടുവാതിൽക്കൽ ഉറഞ്ഞുതുള്ളുന്ന ഭാര്യ. എല്ലാം കണ്ണിമവെട്ടാതെ ചങ്കിടിപ്പോടെ കണ്ടു നിൽക്കുന്ന മൂന്നു മക്കൾ. മുറ്റത്ത് പാതിതുറന്ന് ചിതറിക്കിടക്കുന്ന സിങ്ങിന്റെ മിലിട്ടറി ട്രങ്കുപെട്ടി. "ഇത്തവണ എന്തായാലും സിങ്ങിനെ ഭാര്യ അടിച്ചു വെളിയിലാക്കി" എന്ന് അയൽക്കാർ കരുതി. ഭാര്യയെയോ മക്കളെയോ തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ അന്നിറങ്ങിപ്പോയതാണ് ദർബാര സിങ്. ആ പോക്ക് അയാളുടെ നാശത്തിലേക്കായിരുന്നു.
വീട്ടിൽ നിന്നിറങ്ങിപ്പോയ ദർബാര സിങ് പല ജോലികളും ചെയ്ത് ഉദരപൂരണം നടത്തിക്കൊണ്ടിരുന്നു. എന്നാൽ, ഭാര്യ വീട്ടിൽ നിന്ന് അടിച്ചിറക്കിയ ശേഷം അയാളുടെ ഉള്ളിലെ കാമവികാരം അസംതൃപ്തമായി തുടർന്നു. തന്റെ അക്രമാസക്തമായ കാമപൂരണത്തിന് അയാൾക്ക് അവസരം കിട്ടാതെയായി. അയാളുടെ അരക്കെട്ടിൽ ഒരു അഗ്നിപർവതം പുകഞ്ഞുകൊണ്ടിരുന്നു.
കുടിയേറ്റക്കാരോടുള്ള അടങ്ങാത്ത വെറി
ദർബാര സിങ്ങിന്റെ ആദ്യ ഇര 1996 -ൽ കപൂർത്തലയിലായിരുന്നു. ആദ്യത്തെ കൊലക്ക് കാരണം പഞ്ചാബിലേക്ക് കുടിയേറി വന്നുപറത്തിരുന്ന ബിഹാരി തൊഴിലാളികളോടുള്ള സിങ്ങിന്റെ വിരോധമായിരുന്നു. പകൽ കുടുംബത്തിലെ സ്ത്രീകളും പുരുഷന്മാരും ഒക്കെ കെട്ടിടനിർമാണം പോലുള്ള തൊഴിലുകൾക്ക് പോകുമ്പോൾ വീട്ടിലെ പെൺകുട്ടികൾ താമസിക്കുന്ന സ്ഥലത്തിന്റെ പരിസരത്ത് ചുറ്റിത്തിരിയുമായിരുന്നു. കളികളിൽ ഏർപ്പെടുമായിരുന്നു. മിക്കവാറും സ്‌കൂളുകളിൽ പോയിരുന്നില്ല. അവിടെ ഒരു അവസരം അയാൾ തിരിച്ചറിഞ്ഞു. ആദ്യത്തെ രണ്ടാഴ്ചയ്ക്കുള്ളിൽ അയാൾ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു. ഒരു ബുദ്ധി അയാൾ പ്രയോഗിച്ചു. ഒരു കൺസ്ട്രക്ഷൻ സൈറ്റ് പരിസരത്ത് അയാൾ രണ്ട് പ്രാവശ്യം ബലാത്സംഗത്തിന് ഇറങ്ങില്ല. മാറിമാറി പലപല കൺസ്ട്രക്ഷൻ സൈറ്റുകൾ ചുറ്റിപ്പറ്റി പെൺകുട്ടികളെ ലക്ഷ്യം വെക്കും. എന്നാൽ, ഒടുവിൽ മൂന്നാമത്തെ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനിടെ ആ പെൺകുട്ടി കരഞ്ഞു നിലവിളിച്ച് ആളെക്കൂട്ടി. ഓടിക്കൂടിയ തൊഴിലാളികൾ അയാളെ മർദ്ദിച്ച് അവശനാക്കി. കേസ് ചാർജ്ജ് ചെയ്യപ്പെട്ടു.1993 -ൽ മുപ്പതുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ദർബാര സിങ് ജയിലിലടക്കപ്പെട്ടു. എന്നാൽ, ജയിലിലെ നല്ലനടപ്പ് അയാളെ ഒടുവിൽപത്തുവർഷത്തിനുള്ളിൽ ശിക്ഷ ഇളവായി പുറത്തിറങ്ങാൻ സഹായിച്ചു.
ഒരിക്കൽ മർദ്ദിച്ചവശനാക്കി, ജയിലിൽ അടക്കപ്പെട്ടതോടെ ബലാത്സംഗത്തിന് ശേഷം തന്റെ ഇരകളെ വെറുതെ വിടുന്ന പരിപാടി സിങ് അവസാനിപ്പിച്ചു. ജയിലിൽ നിന്നിറങ്ങിയ ശേഷം അയാൾ പോയത് ലുധിയാനയിലേക്കായിരുന്നു. അവിടെ അയാൾ 2004 ഏപ്രിൽ 18 -ന് തന്റെ ഉള്ളിലെ കലിപ്പ് ശമിപ്പിക്കാനിറങ്ങി. അന്നയാൾക്ക് ഇരയായത് ഒന്നല്ല, അഞ്ചു കുട്ടികളാണ്. ഇത്തവണ അയാൾ കൂടുതൽ ശ്രദ്ധാലുവായിരുന്നു. തന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തിയ അയാൾ ആദ്യം ഒരു പാക്കറ്റ് മിഠായി വാങ്ങിച്ചു. ആദ്യത്തെ ഇര പത്തുവയസ്സുകാരി ഗുഡിയ. തന്റെ സഹോദരനുമൊത്ത് കളിക്കുകയായിരുന്നു അവൾ. അവർക്ക് മിഠായി നൽകി അവരെ പ്രലോഭിപ്പിച്ചു അയാൾ. കൂടെ വന്നാൽ ഇനിയും തരാം എന്നയാൾ പറഞ്ഞപ്പോൾ അവർ അനുസരിച്ചു കൂടെപ്പോയി. പോകും വഴിക്ക് അവരുടെ കൂട്ടുകാരൻ ശങ്കറിനെ കണ്ടു. മിഠായി വേണമെന്ന് പറഞ്ഞപ്പോൾ അവനെയും കൂടെക്കൂട്ടി. ഒഴിഞ്ഞ ഒരു പാടത്തെത്തിയപ്പോൾ ദർബാര സിങ് ആദ്യം തന്നെ സതീഷിന്റെ കഴുത്തറത്തു. അതുകണ്ട് പേടിച്ചരണ്ട ഗുഡിയയും ശങ്കറും രണ്ടുവഴിക്കൊടി. അയാൾ ഗുഡിയയെ പിന്തുടർന്ന്. ആ കുഞ്ഞിക്കാലുകൾക്ക് അയാളുടെ വേഗത്തെ അതിജീവിക്കാൻ കഴിഞ്ഞില്ല. അവളെ അയാൾ ആ പാടത്തുവെച്ച് ബലാത്സംഗം ചെയ്തുകൊന്നു.

ഗുഡിയയെ ബലാത്സംഗം ചെയ്തു കഴിഞ്ഞപ്പോഴാണ് സിങ്ങിന് ശങ്കറിന്റെ കാര്യം ഓർമവന്നത്. അവൻ കൈവിട്ടുപോയി എന്നും തന്നെ ഇനി നാട്ടുകാർ അന്വേഷിച്ചു വരും എന്ന് അയാൾക്ക് മനസ്സിലായി. അയാൾ ഉടനടി സ്ഥലം വിട്ടു. എന്നാൽ, അയാൾക്ക് മതിയായിട്ടില്ലായിരുന്നു. ഇനിയും വേണമെന്ന് അയാളുടെ മനസ്സുപറഞ്ഞു. ഒരു മണിക്കൂറിനു ശേഷം അയാൾ വീടിന്റെ പരിസരത്ത് ബാഡ്മിന്റൺ കളിച്ചുകൊണ്ടിരുന്ന രണ്ട് കൊച്ചു പെൺകുട്ടികളെ റാക്കറ്റ് വാങ്ങി നൽകാം എന്നുപറഞ്ഞ് കൂടെക്കൂട്ടി. അവരിൽ ഒരാളെ കരയ്ക്കു നിർത്തി രണ്ടാമത്തെയാൾ ഒരു കനാലിലെ വെള്ളത്തിലിറക്കി. കുളിച്ച് വന്നാലേ റാക്കറ്റ് വാങ്ങിക്കൊടുക്കൂ എന്നായിരുന്നു അയാൾ പറഞ്ഞത്. കുട്ടി കുളിക്കാൻ ഇറങ്ങിയതും സിങ് കൂടെയിറങ്ങി. കയ്യിൽ വലിയൊരു കല്ലുമുണ്ടായിരുന്നു. മുങ്ങിപ്പൊങ്ങിയ കുഞ്ഞിന്റെ തലക്ക് അയാൾ കല്ലുകൊണ്ട് ആഞ്ഞടിച്ചു. അതുകണ്ടു ഞെട്ടിയ മറ്റേ കുട്ടി ഓടി രക്ഷപ്പെട്ടു. തലക്ക് അടിയേറ്റ നിലയിൽ അർദ്ധബോധാവസ്ഥയിലായ ആദ്യത്തെ കുഞ്ഞിനെ അയാൾ നിർദ്ദയം ബലാത്സംഗം ചെയ്തു. അത് അയാൾ കൊന്ന മൂന്നാമത്തെ ഇരയായിരുന്നു. അത് ദിൽബാര സിങ് എന്ന സീരിയൽ കില്ലർ ജനിച്ച ദിവസമായിരുന്നു.
കൊണ്ടിരുന്നത് ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കളെ ആയിരുന്നതിനാൽ അവരാരും തന്നെ പരാതിപ്പെടില്ല എന്നയാൾ ധരിച്ചു. ആ സൈക്കോ നിർബാധം ബലാത്സംഗങ്ങളും കൊലപാതകങ്ങളും തുടർന്നു. ജൂൺ 14 -ന് അടുത്ത ഇര ഒരു ഒമ്പതുവയസ്സുകാരൻ ബാലൻ. അയാൾ അവനെ ഗുദരതിക്ക് വിധേയനാക്കി വധിച്ചു. സിങ്ങിന്റെ നാലാമത്തെ ഇര. ഇത്തവണ മിഠായിക്ക് പകരം സമോസയാണ് ഓഫർ ചെയ്തത്. ഓരോ ബലാത്സംഗ കൊലപാതകത്തിനും ശേഷം ദിൽബാര സിങ് മൂക്കറ്റം കുടിച്ച് തന്റെ പരാക്രമം ആഘോഷിക്കുമായിരുന്നു. മറ്റുള്ള കുറ്റവാളികളിൽ നിന്ന് വിരുദ്ധമായി അയാൾ കുറ്റബോധം മറക്കാൻ ഒന്നുമായിരുന്നില്ല മദ്യപിച്ചിരുന്നത്. ഒരു മനസ്താപവും ആ ചെകുത്താനുണ്ടായിരുന്നില്ല. അയാൾ കുടിച്ചിരുന്നത് തന്റെ വീരകൃത്യം ആഘോഷിക്കാനായിരുന്നു.
അടുത്തതായി അയാൾ രണ്ട് കുഞ്ഞു പെൺകുട്ടികളെ തട്ടിയെടുത്തു. ബലാത്സംഗത്തിനിടെ അവർ അലറിക്കരഞ്ഞ് ആൾ ഓടിക്കൂടിയപ്പോൾ അയാൾക്ക് ശ്രമം പാതിവഴി ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വന്നു. അതയാൾക്ക് വല്ലാത്ത വൈവശ്യമുണ്ടാക്കി. തട്ടിയെടുത്ത് ആളൊഴിഞ്ഞിടത്തു ചെന്ന ശേഷം ആദ്യം തന്നെ കുട്ടികളുടെ കഴുത്തറുക്കാൻ തുടങ്ങി അയാൾ. അതോടെ കരഞ്ഞ് ആളെക്കൂട്ടുന്ന പ്രശ്നമില്ലാതെയായി. അയാളുടെ അഞ്ചാമത്തെ ഇര പൂനമെന്ന ഒരു ഏഴുവയസ്സുകാരിയായിരുന്നു. പുതിയ ഫ്രോക്കുവാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞാണ് ആ പാവത്തെ അയാൾ കൂടെക്കൂട്ടിയത്. ഈ കൊലക്ക് ശേഷം ഒമ്പതുദിവസം അയാൾ അടങ്ങിയിരുന്നു. വീണ്ടും അടുത്ത കൊല. ലക്ഷ്മിയെന്നൊരു അഞ്ചുവയസ്സുകാരിയെ അയാൾ സൈക്കിളിൽ കയറ്റി സവാരികൊണ്ടുപോകാം എന്ന് പറഞ്ഞാണ് കൂടെക്കൂട്ടിയത്. അവളുടെ അംഗഭംഗം വന്ന ശരീരം രണ്ടുമാസം കഴിഞ്ഞാണ് പൊലീസ് ഒരു കനാലിന്റെ പരിസരത്തുനിന്ന് കണ്ടെടുത്തത്. സിങ്ങിന്റെ ആറാമത്തെ ഇര.
ആകെ ഒരു വെറിപിടിച്ച ഓട്ടത്തിലായിരുന്നു ദർബാര സിങ്. എത്ര ഇതരസംസ്ഥാനതതൊഴിലാളികളുടെ പെൺകുട്ടികളെ കൊല്ലാമോ അത്രയും കൊല്ലണം എന്ന വാശിയായിരുന്നു അയാൾക്ക്. ആറുവയസ്സുള്ള ലാലു പ്രസാദ് ആയിരുന്നു അയാളുടെ ഏഴാമത്തെ ഇര. രാവിലെ പത്തരക്കും പന്ത്രണ്ടരക്കും ഇടയ്ക്ക്, അച്ഛനമ്മമാർ പണിക്ക് പോവുന്ന സമയത്തായിരുന്നു സിങ് സ്ഥിരമായി വേട്ടയ്ക്കിറങ്ങിയിരുന്നത്. എട്ടാമത്തെ ഇര തസ്ബിൻ എന്ന പത്തുവയസ്സുകാരി. അവളുടെ അംഗഭംഗം വന്ന ശരീരം ഒരാഴ്ചക്ക് ശേഷം കുറ്റിക്കാട്ടിൽ കിടന്ന് പൊലീസിന് കിട്ടി. ഒമ്പതാമത്തെ ഇര സഞ്ജു കുമാർ എന്ന അഞ്ചുവയസുകാരൻ, പത്താമത്തേത് രാജേഷ് കുമാർ( 7 വയസ്സ്), പതിനൊന്നാമത്തേത് ഗീത ( 5 വയസ്സ്).

അതിനു ശേഷം എന്തിനോ അയാൾ കുറച്ചുകാലം മിണ്ടാതിരുന്നു. കൊലപാതകങ്ങൾ ഒന്നും നടന്നില്ല. ആഴ്ചകൾക്കകം അയാൾ വീണ്ടും അടുത്ത ഇരയെ തപ്പിപ്പിടിച്ചു. ഇത്തവണ നിഷൂ എന്ന ഏഴുവയസ്സുകാരി. മൈതാനത്ത് ഒറ്റയ്ക്കിരുന്നു കളിക്കുകയായിരുന്ന അവളെ സൈക്കിളിൽ വന്ന സിങ് തട്ടിയെടുക്കുകയായിരുന്നു. അവളെയും ഒരു കരിമ്പിൻ പാടത്തുവെച്ച് ബലാത്സംഗം ചെയ്ത് കഴുത്തറുത്തു കൊന്നുകളഞ്ഞു അയാൾ. സിങ്ങിന്റെ പന്ത്രണ്ടാമത്തെ ഇര. പതിമൂന്നാമത്തെ ഇര ഖുർഷീദ് എന്ന എട്ടുവയസുകാരൻ. അതിനു പിന്നാലെ പൂജ, ദീപക് എന്നീ സഹോദരങ്ങൾ. അതിനു ശേഷം അമൃത്, കരു എന്നെ സഹോദരങ്ങളും. എല്ലാവരും തന്നെ ബലാത്സംഗത്തിനിരയായി, കഴുത്തറുത്ത് കൊല്ലപ്പെട്ടു. അതോടെ കൊല്ലപ്പെട്ടവരുടെ സംഖ്യ 17 കഴിഞ്ഞു.
സിങ്ങിന് ഒരു നിർബന്ധമുണ്ടായിരുന്നു. കൊല്ലുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെ മാത്രമായിരിക്കും. പഞ്ചാബികളെ കൊല്ലില്ല. അടുത്തതായി അയാൾ തട്ടിയെടുത്ത പൂജ എന്ന പഞ്ചാബി പെൺകുട്ടിയെ പക്ഷേ മനസ്സിലായി മനസ്സോടെ അയാൾക്ക് കൊല്ലേണ്ടി വന്നു. വെറുതെ വിട്ടാൽ പൊലീസിനെ അറിയിക്കുമോ എന്ന ഭയമായിരുന്നു അതിനു കാരണം.
ഇത്രയും പേരെ ഒന്നിനുപിന്നാലെ ഒന്നായി ബലാത്സംഗം ചെയ്തു കൊന്നിട്ടും ദർബാര സിങ്ങിന്റെ പിടികൂടാൻ കേസന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് ആയില്ല. അയാൾ നിർബാധം തന്റെ കൊലകൾ തുടരുകയും ചെയ്തു. ഇത് അന്യസംസ്ഥാനത്തൊഴിലാളികൾക്കെതിരെ നടക്കുന്ന സംഘടിതമായ ഒരു ആക്രമണമാണ് എന്നുപോലും പൊലീസ് കരുതി. ഒടുവിൽ ദർബാര സിങ് അവിചാരിതമായി പൊലീസ് പിടിയിൽ അകപ്പെട്ടപ്പോൾ അയാൾ വെളിപ്പെടുത്തിയ വിവരങ്ങൾ കേട്ട് പൊലീസ് മൂക്കത്ത് വിരൽ വെച്ചുപോയി. തന്നെ തല്ലരുത്, എല്ലാം പറയാം എന്നായിരുന്നു ദർബാര സിങ് പറഞ്ഞത്. താൻ ചെയ്ത കുറ്റങ്ങൾ ഒന്നൊന്നായി അയാൾ ഏറ്റുപറഞ്ഞു. ശവങ്ങൾ ഉപേക്ഷിച്ചിടങ്ങളിലേക്ക് അയാൾ തന്നെ പൊലീസിനെ കൊണ്ടുപോയി. "നിങ്ങളെന്നെ അറസ്റ്റുചെയ്തില്ലായിരുന്നു എങ്കിൽ ഞാൻ ഇനിയും പിള്ളേരെ കൊന്നിരുന്നേനെ. കൊല്ലാതെയിരിക്കാൻ എനിക്കാവില്ല." എന്നാണ് സിങ് പൊലീസിനോട് പറഞ്ഞത്.
എന്നാൽ പഞ്ചാബ് പൊലീസിന്റെ കെടുകാര്യസ്ഥത കേസ് വേണ്ടത്ര ഗൗരവത്തോടെ വിചാരണക്കോടതിയുടെ മുന്നിൽ വാദിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പതിനെട്ടു പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തുകൊന്ന ആ നരാധമന്‍ ഒടുവിൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടു. 2018 ജൂൺ 10 -ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തന്റെ അമ്പത്തിയേഴാമത്തെ വയസ്സിൽ ദർബാര സിങ്ങ് വാർധക്യസഹജമായ അസുഖങ്ങളാൽ മരണത്തിനു കീഴടങ്ങി. ബന്ധുക്കളാരും തന്നെ അയാളുടെ മൃതദേഹം സ്വീകരിക്കാനെത്തിയില്ല.
ചോദ്യങ്ങൾ പലതാണ്..! മുപ്പതുവർഷത്തേക്ക് ജയിലിൽ അടക്കപ്പെട്ട ദർബാര സിങ് എങ്ങനെയാണ് പത്തുവർഷത്തിനുള്ളിൽ ജയിലിലെ നല്ലനടപ്പു പരിഗണിച്ച് ജയിൽ വിട്ടിറങ്ങിയത്? പിന്നെയും കുഞ്ഞുങ്ങളെ ഒന്നിനുപിന്നാലെ ഒന്നായി ഇരയാക്കിയപ്പോൾ പഞ്ചാബ് പൊലീസ് എന്തുചെയ്യുകയായിരുന്നു ? . പാവപ്പെട്ട കുട്ടികളെ തട്ടിയെടുക്കുക, ആൺപെൺ ഭേദമില്ലാതെ അവരെ ബലാത്സംഗം ചെയ്യുക, കഴുത്തറുത്ത് നിർദ്ദയം കൊന്നുകളയുക ഇതൊക്കെ ഒരു സൈക്കോപാത്തിന്റെ, കൊടും ക്രൂരനായ ഒരു ക്രിമിനലിന്റെ പണിയാകാനേ വഴിയുള്ളൂ. അയാൾക്ക് വധശിക്ഷ വാങ്ങിക്കൊടുക്കാൻ പറ്റാതെ പോയി പഞ്ചാബ് പൊലീസിന് എന്നത് അവരുടെ സർവീസ് ഹിസ്റ്ററിയിലെ ഏറ്റവും വലിയ കളങ്കമായി എന്നുമെന്നും അവശേഷിക്കും.
