44 -ാമത്തെ വയസ്സിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. എന്നാൽ, മകളുടെ ഒരൊറ്റ വാക്കിലൂടെ ജീവിതം പുതുക്കിപ്പണിത് ഒരച്ഛൻ. അനുഭവം പങ്കുവച്ച് സംരംഭകൻ.
ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുന്നത് സാധാരണയായി ആളുകൾ മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ, ആ കയ്പ്പേറിയ അനുഭവത്തെ തന്റെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റി, 'ഒന്നാം ലേ-ഓഫ് വാർഷികം' പരസ്യമായി ആഘോഷിക്കുകയാണ് ഇന്ത്യൻ സംരംഭകനായ ഹിമാൻഷു ഝാ. തന്റെ കരിയറിലെ ഏറ്റവും കഠിനമായ പ്രതിസന്ധിയെ എങ്ങനെയാണ് ഒരു വർഷം കൊണ്ട് വലിയൊരു വിജയമാക്കി മാറ്റിയതെന്ന് വിവരിക്കുന്ന അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തന്റെ 44 -ാം വയസ്സിലാണ് ഹിമാൻഷുവിന് ജോലി നഷ്ടപ്പെടുന്നത്. ആ പ്രായത്തിൽ എല്ലാം സീറോയിൽ നിന്ന് തുടങ്ങുക എന്നത് എളുപ്പമായിരുന്നില്ല. എന്നാൽ, ആ കഠിനമായ ഘട്ടത്തിൽ, ഒരു ദിവസം മകളോടൊപ്പം സ്ക്രാബിൾ കളിച്ചുകൊണ്ടിരിക്കെ അവൾ പറഞ്ഞ വാക്കുകളാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ഹിമാൻഷു ഓർക്കുന്നു. "പപ്പാ, പപ്പായ്ക്ക് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യൂ" എന്നായിരുന്നു മകളുടെ ലളിതമായ ഉപദേശം.
മകളുടെ ഈ വാക്കുകളിൽ നിന്നാണ് സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള ധൈര്യം അദ്ദേഹത്തിന് ലഭിച്ചത്. അതുകൊണ്ടുതന്നെ തന്റെ മകളെ അദ്ദേഹം സ്നേഹത്തോടെ 'സീക്രട്ട് കോ ഫൗണ്ടർ' എന്നാണ് വിശേഷിപ്പിക്കുന്നത്. മക്കളെ ധൈര്യം പഠിപ്പിച്ചാൽ മാത്രം പോരാ, അത് ജീവിതത്തിൽ കാണിച്ചുകൊടുക്കുക കൂടി വേണമെന്ന് ഹിമാൻഷു പറയുന്നു.
തന്റെ പോസ്റ്റിലൂടെ, കരിയറിലെ തിരിച്ചടികൾ നേരിടുന്നവർക്കായി അഞ്ച് പ്രധാന പാഠങ്ങളും അദ്ദേഹം പങ്കുവെച്ചു: കഠിനമായ സമയങ്ങളിൽ തന്നെ വിശ്വസിക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത ഭാര്യ ആർസൂ ഝായുടെ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഏത് പ്രായത്തിലും പുതിയൊരു തുടക്കം സാധ്യമാണ്. ലേ-ഓഫ് എന്നത് കരിയറിന്റെ അവസാനമല്ല, മറിച്ച് നാം ജീവിക്കേണ്ട യഥാർത്ഥ ജീവിതത്തിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിത്തിരിവാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ചില സുഹൃത്തുക്കളും ബന്ധുക്കളും നമ്മെ കൈവിട്ടേക്കാം. എന്നാൽ ഇത് ജീവിതത്തിൽ ആരാണ് യഥാർത്ഥത്തിൽ കൂടെയുണ്ടാകുക എന്ന് തിരിച്ചറിയാനുള്ള നല്ലൊരു അവസരമാണ്.
കോർപ്പറേറ്റ് ലക്ഷ്യങ്ങൾക്ക് പിന്നാലെ പായുന്നതിനിടയിൽ സ്വന്തം ആരോഗ്യവും സമാധാനവും കളയാതിരിക്കുക. ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്.
'ഇന്ന് ഞാനെന്റെ ലേ-ഓഫിനെ ഒരു നഷ്ടമായിട്ടല്ല കാണുന്നത്. എനിക്ക് പൂർണ്ണ വിശ്വാസമുള്ള ഒരു സ്ഥാപനം കെട്ടിപ്പടുക്കാൻ ലഭിച്ച അവസരമാണിത്. ഇപ്പോൾ തൊഴിൽ പ്രതിസന്ധിയിലൂടെയോ കരിയർ ബ്രേക്കിലൂടെയോ കടന്നുപോകുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ: നിങ്ങളുടെ കഥ ഇവിടെ അവസാനിക്കുന്നില്ല. നിങ്ങൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന അധ്യായമായിരിക്കാം ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോകുന്നത്' ഹിമാൻഷു കുറിച്ചു.
വലിയ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ ഈ കുറിപ്പിനെ സ്വീകരിച്ചത്. കോർപ്പറേറ്റ് ലോകത്തെ തിരിച്ചടികളെ അതിജീവിച്ച് മുന്നേറാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പ്രൊഫഷണലുകൾക്ക് വലിയൊരു പ്രചോദനമാണ് ഹിമാൻഷുവിന്റെ ഈ ജീവിതാനുഭവം.
