ആന്ധ്രയില്‍നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍. സമീപവാസിയായ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ അതിവേഗമാണ് വാട്ട്‌സാപ്പിലൂടെ വൈറലായത്.  അതിനു പിന്നാലെയാണ് എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് എന്നതിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 

ഹൈദരാബാദ്: ഒരിറ്റ് ശ്വാസത്തിനായി കേഴുന്ന പിതാവിനെ കണ്ട് ആ മകള്‍ക്ക് അധിക നേരം അങ്ങനെ ഇരിക്കാന്‍ കഴിഞ്ഞില്ല. വെറും നിലത്തു മരണാസന്നനായി കിടന്നു പിടയുന്ന അച്ഛന്റെ അരികിലേക്ക് ഒരു കുപ്പി വെള്ളവുമായി അവള്‍ ഓടി. അവസാന നിമിഷം, ഒരിറ്റു വെള്ളമെങ്കിലും അച്ഛന് കൊടുക്കാനായിരുന്നു ആ ഓട്ടം. 

എന്നാല്‍, ഓക്‌സിജനോ ആശുപത്രിയോ ബെഡോ ഇല്ലാതെ, രോഗതീവ്രതയില്‍ ഞരങ്ങുന്ന പിതാവിനരികിലേക്ക് പോവാന്‍ അമ്മ മകളെ അനുവദിക്കുന്നില്ല. അപകടമാണ് എന്നു പറഞ്ഞ് അവര്‍ മകളെ പിടിച്ചുവെച്ചു. അന്നേരവും അപ്പുറത്ത് ഞരക്കം കേള്‍ക്കാം. മകള്‍ അമ്മയെ തട്ടിമാറ്റി വീണ്ടും ഓടി. അച്ഛനരികിലെത്തി മുഖം താഴ്ത്തി അവള്‍ വെള്ളം വായിലേക്ക് ഇറ്റിച്ചു നല്‍കി. ലോകത്തെയാകെ കരയിക്കുംവിധം അവള്‍ നിലവിളിച്ചുകൊണ്ടിരുന്നു. അമ്മ വീണ്ടും വീണ്ടും മകളെ പിടിച്ചു വലിച്ചു. അധികം വൈകിയില്ല, എല്ലാ വേദനകളില്‍നിന്നും ആ അച്ഛന്‍ മരണത്തിലേക്ക് മറഞ്ഞു. കൊവിഡ് രോഗ തീവ്രതയില്‍ അദ്ദേഹം മരിച്ചു. 

YouTube video player

ആന്ധ്രയില്‍നിന്നാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങള്‍. സമീപവാസിയായ ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ അതിവേഗമാണ് വാട്ട്‌സാപ്പിലൂടെ വൈറലായത്. അതിനു പിന്നാലെയാണ് എന്താണ് അദ്ദേഹത്തിന് സംഭവിച്ചത് എന്നതിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. 

പെണ്‍കുട്ടിയുടെ പിതാവ് ജോലിചെയ്തിരുന്നത് വിജയവാഡയിലാണ്. മരണം നടന്ന സ്ഥലത്തുനിന്നും ഏതാണ്ട് 470 കിലോ മീറ്റര്‍ അകലെ. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന്, പത്ത് മണിക്കൂറോളം യാത്ര ചെയ്ത് അദ്ദേഹം ശ്രീകാകുളത്തെ സ്വന്തം വീട്ടിലേക്ക് ചെന്നതാണ്. എന്നാല്‍, ഗ്രാമവാസികള്‍ അദ്ദേഹത്തെ തടഞ്ഞു. കൊവിഡ്ബാധിച്ച ഒരാള്‍ ഗ്രാമത്തില്‍ കഴിയരുത് എന്ന് ശാഠ്യം പിടിച്ചു. അങ്ങനെ ഗ്രാമാതിര്‍ത്തിയിലെ ഒരു പാടത്ത്, ഒരു കൂര കെട്ടിയുണ്ടാക്കി അമ്പതുകാരനായ അദ്ദേഹത്തെ താമസിപ്പിച്ചു. ഭാര്യയെയും മകളെയും കൂടി അവര്‍ കൂരയിലേക്ക് വിട്ടു. കൂരയ്ക്കു മുന്നിലെ, വെറും നിലത്തു കിടന്ന പിതാവ്, മകളുടെ മുന്നിലാണ് പിടഞ്ഞു പിടഞ്ഞ് മരിച്ചത്. 

Scroll to load tweet…

ഭയവും നിസ്സഹായതയും ബാക്കിയാക്കുന്ന ഇത്തരം അനേകം സംഭവങ്ങളാണ് രാജ്യത്തിന്റെ ഓരോ ഭാഗത്തുനിന്നും കേട്ടുകൊണ്ടിരിക്കുന്നത്. ജീവിതത്തെയാകെ മാറ്റിമറിക്കുകയാണ് കൊവിഡ് രോഗത്തിന്റെ രണ്ടാംവരവ്. 

...................................

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona