സ്ത്രീ മരിച്ചതിന്റെ പിറ്റേ ദിവസം തന്നെ റെസ്റ്റോറന്റ് വീണ്ടും തുറന്ന് പ്രവർത്തിച്ചു. ഇത് വളരെ നേരത്തെ ആയിപ്പോയി എന്നൊരു വിമർശനം കൂടി ഉയരുന്നുണ്ട്.
റെസ്റ്റോറന്റിന്റെ ടോയ്‍ലെറ്റിൽ മൃതദേഹം. മണിക്കൂറുകൾ നേരമാണ് മൃതദേഹം അവിടെ കിടന്നത്. ഇതൊന്നും കൂസാതെ മൃതദേഹം ടോയ്‍ലെറ്റിലടച്ചിട്ട് റെസ്റ്റോറന്റ് തങ്ങളുടെ പ്രവർത്തനം തുടരുകയും ചെയ്തു. ഒടുവിൽ റെസ്റ്റോറന്റിലെത്തിയ ഒരു ഉപഭോക്താവാണ് പൊലീസിനെ വിവരം അറിയിച്ചത്.
ഫ്ലോറിഡയിലെ ലാർഗോയിലുള്ള ജാസ്പർസ് അമേരിക്കൻ ഗ്രിൽ റസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഉപഭോക്താവ് പൊലീസിൽ വിവരമറിയിച്ച ശേഷമാണ് റെസ്റ്റോറന്റ് പ്രവർത്തനം നിർത്തിവച്ചത്. വൈകുന്നേരം 6.30 -നാണ് ഒരു ഉപഭോക്താവ് പൊലീസിനെ വിളിച്ച് റെസ്റ്റോറന്റിലെ അടച്ചിട്ട ടോയ്‍ലെറ്റിനകത്ത് ഒരു മൃതദേഹം കിടക്കുന്നു എന്ന് അറിയിച്ചത്.
രണ്ട് മണിക്കൂർ സ്ത്രീകളുടെ ടോയ്‍ലെറ്റ് അടച്ചിടുകയും പുരുഷന്മാരുടെ ടോയ്ലെറ്റ് മാത്രം തുറക്കുകയും ചെയ്യുകയായിരുന്നു. മരണം നടന്ന ശേഷവും രണ്ട് മണിക്കൂർ റെസ്റ്റോറന്റ് ആളുകൾക്ക് ഭക്ഷണം വിളമ്പി. ആ അവസ്ഥയിൽ തുറന്ന് പ്രവർത്തിച്ചതിന് ആളുകൾ തങ്ങളെ വല്ലാതെ വിമർശിച്ചു എന്ന് റെസ്റ്റോറന്റിന്റെ മാനേജർ മിഗുവൽ പെരിയ പറഞ്ഞു.
ആ സമയത്ത് തങ്ങൾ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റുണ്ട് എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നില്ല. അത് ശരിയാണ് എന്ന് ചിന്തിച്ചാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചത്. എന്നാൽ, ഇപ്പോൾ ആലോചിക്കുമ്പോൾ ചെയ്തത് തെറ്റായിരിക്കാം എന്ന് തോന്നുന്നുണ്ട് എന്നും മാനേജർ പറയുന്നു.
സ്ത്രീ ബോധം കെട്ട് വീഴുകയും പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്യുകയായിരുന്നു. മൃതദേഹം ഒരരികിലേക്ക് മാറ്റി, പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ റെസ്റ്റോറന്റ് തങ്ങളുടെ പ്രവർത്തനം തുടരുകയായിരുന്നു. എന്നാൽ, വിമർശനത്തെ തുടർന്ന് പിന്നീട് റെസ്റ്റോറന്റ് ക്ഷമാപണം നടത്തി. മരിച്ച സ്ത്രീയുടെ വീട്ടുകാരെ കണ്ടെത്താൻ ശ്രമിക്കുകയാണ് എന്നും അവരോട് നേരിട്ട് ഖേദം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നും റെസ്റ്റോറന്റ് പിന്നീട് പറഞ്ഞു.
സ്ത്രീ മരിച്ചതിന്റെ പിറ്റേ ദിവസം തന്നെ റെസ്റ്റോറന്റ് വീണ്ടും തുറന്ന് പ്രവർത്തിച്ചു. ഇത് വളരെ നേരത്തെ ആയിപ്പോയി എന്നൊരു വിമർശനം കൂടി ഉയരുന്നുണ്ട്. മിക്ക ആളുകളും രോഷാകുലരാവുകയും ഇനി മേലിൽ ആ റെസ്റ്റോറന്റിൽ പോകില്ല എന്ന് തീരുമാനമെടുക്കുകയും അത് സാമൂഹിക മാധ്യമങ്ങളിൽ വ്യക്തമാക്കുകയും ചെയ്തു.
