കഴിഞ്ഞ ശനിയാഴ്ച രാത്രിയാണത്രെ സംഭവം നടന്നത്. സിൽവേര മരിച്ചുവെന്ന് കരുതി അവരുടെ ശരീരം ബോഡി ബാഗിലാക്കി മോർച്ചറിയിലേക്ക് അയക്കുകയായിരുന്നു.

ബ്രസീലിലെ സാവോ ജോസിൽ ശ്മശാനത്തിലെ ഒരു ജീവനക്കാരൻ തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും ഞെട്ടിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസം കടന്നു പോയത്. 90 വയസ്സുള്ള ഒരു സ്ത്രീയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ആശുപത്രി മോർച്ചറിയിൽ എത്തിയതായിരുന്നു ഇയാൾ. എന്നാൽ, അവിടെയെത്തിയപ്പോഴാണ് സ്ത്രീക്ക് ജീവനുള്ളതായി ഇയാൾ കണ്ടെത്തുന്നത്.

നോർമ സിൽവേര ഡാ സിൽവ എന്നാണ് 90 -കാരിയുടെ പേര്. സിൽവേര മരിച്ചതായി ആശുപത്രി ജീവനക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇയാൾ ഇവരെ ജീവനോടെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണത്രെ സംഭവം നടന്നത്. സിൽവേര മരിച്ചുവെന്ന് കരുതി അവരുടെ ശരീരം ബോഡി ബാഗിലാക്കി മോർച്ചറിയിലേക്ക് അയക്കുകയായിരുന്നു. അവിടെ വച്ചാണ് തൊഴിലാളി ഇവർക്ക് ജീവനുള്ളതായി കണ്ടെത്തിയത്. 

കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നായിരുന്നു വെള്ളിയാഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അബോധാവസ്ഥയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് അവർ ഒരു കണ്ണ് തുറന്നിരുന്നു എന്നും, തന്നെ മനസിലാക്കിയിരുന്നു എന്നും അവരുടെ കെയർടേക്കറും സുഹൃത്തുമായ ജെസീക്ക മാർട്ടിൻസ് സിൽവി പെരേര ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. 

എന്നാൽ, അന്ന് രാത്രിയോടെ ജെസീക്കയേയും സിൽവേരയുടെ മകനേയും സിൽവേര മരിച്ചതായി ആശുപത്രി അറിയിക്കുകയായിരുന്നു. രാത്രി 11.40 -നാണ് മരണം സംഭവിച്ചത് എന്നും യൂറിനറി ട്രാക്ട് ഇൻഫെക്ഷനായിരുന്നു മരണകാരണമെന്നും ആശുപത്രി നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 

പിന്നാലെ തന്നെ ഇവരുടെ ശരീരം വീട്ടുകാരെ പോലും കാണിക്കുന്നതിന് മുമ്പ് മോർച്ചറിയിലേക്കും മാറ്റി. പുലർച്ചെ 1.30 -നാണ് ശ്മശാനത്തിൽ നിന്നുമുള്ള ഒരു തൊഴിലാളി ഇവരുടെ ശരീരം ഏറ്റുവാങ്ങുന്നതിനായി ഇവിടെ എത്തിയത്. എന്നാൽ, മൃതദേഹം സൂക്ഷിച്ചിരുന്ന ബാ​ഗ് തുറന്നപ്പോഴാണ് ശരീരത്തിന് ചൂടുള്ളതായി കാണുന്നത്. മാത്രമല്ല, അവർ ശ്വസിക്കാൻ കഷ്ടപ്പെടുന്നും ഉണ്ടായിരുന്നു. പിന്നാലെ, തന്നെ അവരെ ചികിത്സയ്ക്ക് വേണ്ടി മാറ്റി. എങ്കിലും, തിങ്കളാഴ്ച അവർ മരണത്തിന് കീഴടങ്ങി. 

കൃത്യമായ ചികിത്സ കിട്ടാത്തതുകൊണ്ടാണോ മരണം സംഭവിച്ചത് എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ആശുപത്രിക്കെതിരെ കുടുംബം കേസും കൊടുത്തിട്ടുണ്ട്. 

വായിക്കാം: കുട്ടിയാനയെ ഇടിച്ചു, ക്ഷുഭിതരായി ആനക്കൂട്ടം, കാറിന്റെ അവസ്ഥ ഇത്, യാത്രക്കാർക്ക് സംഭവിച്ചത്... 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം