ലോക റെക്കോർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു വലി ഗ്രാം ഏതാണ്ട് 13 നിലയുള്ള കെട്ടിടത്തിന്‍റെ ഉയരമുള്ള കുന്നിൻ മുകളില്‍ നിന്നു താഴെയുള്ള കുളത്തിലേക്ക് ചാടിയത്.
ഓസ്‌ട്രേലിയയിലെ ഒരു വെള്ളച്ചാട്ടത്തിൽ നിന്ന് ലോക റെക്കോർഡ് 'ഡെത്ത് ഡൈവ്' ചെയ്യാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. ന്യൂ സൗത്ത് വെയിൽസിലെ 42.5 മീറ്റർ ഉയരമുള്ള മിന്നെഹഹ വെള്ളച്ചാട്ടത്തിന്‍റെ മുകളിൽ നിന്നാണ് 21 കാരനായ വാലി ഗ്രഹാം ഡെത്ത് ഡൈവിന് ശ്രമിച്ചത്. എന്നാല്‍ ചാട്ടം പിഴച്ച അദ്ദേഹത്തിന്‍റെ തലയോട്ടിയില്‍ രണ്ട് ശസ്ത്രക്രിയകൾ വേണ്ടിവന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒപ്പം നിരവധി ചെറു ശസ്ത്രക്രിയകൾക്കും വാലി ഗ്രഹാം വിധേയനായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
വാലി ഗ്രഹാം താഴെയുള്ള കുളത്തിലേക്ക് ചാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. ദൃശ്യങ്ങളില്‍ കൂറ്റന്‍ മലമുകളില്‍ നിന്നും ചാടാനായി തയ്യാറെടുക്കുന്ന ഗ്രഹാമിനെ കാണാം. ഏറെ നേരത്തെ തയ്യാറെടുപ്പിന് ശേഷം അദ്ദേഹം 42 മീറ്റര്‍ താഴെയുള്ള കുളത്തിലേക്ക് ചാടുന്നു. ചാട്ടത്തിനിടെ വാലി അക്രോബാറ്റിക് ട്വിസ്റ്റ് നടത്തുന്നതും വീഡിയോയില്‍ കാണാം. അദ്ദേഹം കൃത്യമായി കുളത്തില്‍ തന്നെയാണ് വീണത്. എന്നാല്‍, അത്രയും ഉയരത്തില്‍ നിന്നുള്ള ചാട്ടമായതിനാല്‍ വാലി ഗ്രഹാമിന്‍റെ തലയും പുറവും കുളത്തിന് അടിതട്ടിലെ പാറക്കെട്ടില്‍ അടിച്ചു. ഇതോടെ വാലിയുടെ തലയോട്ടിയില്‍ ഗുരുതരമായ പരിക്കേറ്റു. പുറത്തേറ്റ പരിക്കുകളും ഗുരുതരമാണ്. കര്‍ണപടലം പൊട്ടിയ വാലിയ്ക്ക് വീഴ്ചയിക്കിടെ മസ്തിഷ്കാഘാതവും സംഭവിച്ചെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
വാലി കുളത്തില്‍ വീണയുടനെ അദ്ദേഹത്തിന്‍റെ സഹായികളും സുരക്ഷാ സംഘവും പെട്ടെന്ന് തന്നെ കുളത്തിലേക്ക് ഇറങ്ങി അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഗുരുതര പരിക്കുകൾ ഉണ്ടായിരുന്നിട്ടും വാലി സ്വയം കുളത്തില്‍ നിന്നും കരയ്ക്ക് കയറി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 13 നില കെട്ടിടത്തിന്‍റെ ഉയരത്തില്‍ നിന്നായിരുന്നു വാലി ഗ്രഹാമിന്‍റെ ചാട്ടം. ഡോഡ്സിംഗ് എന്നും അറിയപ്പെടുന്ന ഡെത്ത് ഡൈവിംഗ് നോർവേയിലാണ് ആദ്യമായി വികസിപ്പിച്ചെടുത്തത്. ഒരു തീവ്ര കായിക വിനോദമായി ഇതിനെ കണക്കാക്കുന്നു. നിലവിലെ ലോക റെക്കോര്‍ഡ് ചാട്ടം 41.7 മീറ്റർ ഉയരത്തിൽ നിന്നായിരുന്നു. സ്വിസ് ഡൈവർ ലൂസിയൻ ചാർലണിന്‍റെ പേരിലാണ് ഈ റെക്കോര്‍ഡ്.


