വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ചിലരെല്ലാം ഈ ആശയത്തെ അഭിനന്ദിച്ചു. 'മാന്ത്രികത തോന്നിക്കുന്ന ഒന്ന്' എന്നാണ് അതിൽ മിക്കവരും ഇതിനെ വിശേഷിപ്പിച്ചത്.
ഫാഷൻ ലോകം എല്ലാ കാലത്തും മനുഷ്യരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ, ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ ഒരു മോഡൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പിന്നാലെ ഇതിനെ അഭിനന്ദിക്കുകയും വിമർശിക്കുകയുമാണ് നെറ്റിസൺസ്. ലോകമെമ്പാടുമുള്ള ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്ന സ്പ്രിംഗ്-സമ്മർ ശേഖരങ്ങളോടെയുള്ള പാരിസ് ഫാഷൻ വീക്ക്, സെപ്തംബർ 25 -നാണ് ആരംഭിച്ചത്. ഇതിലാണ് ജീവനുള്ള ചിത്രശലഭങ്ങളെ ഉൾക്കൊള്ളുന്ന വസ്ത്രം ധരിച്ചെത്തിയ മോഡൽ ശ്രദ്ധിക്കപ്പെട്ടത്.
അണ്ടർകവർ ക്രിയേറ്റീവ് ഡയറക്ടറായ ജുൻ തകഹാഷിയാണ് ശ്രദ്ധേയമായ ഈ വസ്ത്രം തയ്യാറാക്കിയത്. 'ഡീപ് മിസ്റ്റ്' എന്നാണ് ബ്രാൻഡ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഫാഷൻ വീക്കിലെ മൂന്നാമത്തെ ദിവസമാണ് തകഹാഷി വൈറലായിക്കൊണ്ടിരിക്കുന്ന ഈ വസ്ത്രം അവതരിപ്പിച്ചത്. അതിൽ മോഡലുകൾ എത്തിയത് ലാമ്പും പൂക്കളും ജീവനുള്ള ചിത്രശലഭങ്ങളും ഒക്കെയുള്ള വസ്ത്രങ്ങളുമായിട്ടാണ്.
വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. ചിലരെല്ലാം ഈ ആശയത്തെ അഭിനന്ദിച്ചു. 'മാന്ത്രികത തോന്നിക്കുന്ന ഒന്ന്' എന്നാണ് അതിൽ മിക്കവരും ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ, അതേസമയം തന്നെ അനവധിപ്പേർ ഈ വസ്ത്രത്തെ നിശിതമായി വിമർശിച്ചു. 'ജീവികൾ നിങ്ങൾക്ക് വസ്തുവൽക്കരിക്കാനുള്ളവയല്ല' എന്നാണ് അവർ അഭിപ്രായപ്പെട്ടത്. 'ഈ വസ്ത്രം തികച്ചും നിർവികാരമാണ്' എന്നും വിമർശകർ അഭിപ്രായപ്പെട്ടു.
എന്നാൽ, ഇത് അങ്ങനെയല്ല എന്നായിരുന്നു ഇതിനെ അഭിനന്ദിച്ചവരുടെ അഭിപ്രായം. 'ഇത് മനോഹരമായ കലയാണ് അതിനെ അംഗീകരിക്കൂ. മാത്രമല്ല, ചിത്രശലഭങ്ങളെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി വസ്ത്രത്തിന്റെ പിൻഭാഗത്ത് വാതിലുകളും ഉണ്ട്. ഇത് വളരെ മനോഹരവും മാന്ത്രികമായ അനുഭവം നൽകുന്നതുമായ ഒന്നാണ്' എന്നായിരുന്നു ഒരാളുടെ അഭിപ്രായം.

