മതം, വർണ്ണം, ലിംഗം എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കപ്പെട്ട മനുഷ്യരെല്ലാം ഒന്നാണെന്നും അങ്ങനെയുള്ള മനുഷ്യർക്കിടയില്‍ വിവേചനങ്ങള്‍ക്ക് സ്ഥാനമില്ലെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ മനുഷ്യാവകാശ ദിനങ്ങളും.
ഇന്ന് ലോക മനുഷ്യാവകാശ ദിനം. എല്ലാ വർഷവും ഡിസംബർ 10 -നാണ് ആഗോളതലത്തിൽ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് 1948 -ലാണ്. നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി, ഇപ്പോൾ തന്നെ എന്നതാണ് ഈ വർഷത്തെ മനുഷ്യാവകാശ ദിന സന്ദേശം. വംശ, ലിംഗ മത, ദേശീയ ഭേദങ്ങൾ ഒന്നുമില്ലാതെ എല്ലാ മനുഷ്യരും തുല്യരാണെന്ന് ഉറപ്പാക്കുകയാണ് മനുഷ്യാവകാശ ദിനത്തിന്‍റെ ലക്ഷ്യം.
ഓരോ വ്യക്തിക്കും അർഹമായ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും ഡിസംബർ 10 -ന് ലോകം മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്. ലിംഗഭേദം, ദേശീയത, വംശം, മതം എന്നിവ പരിഗണിക്കാതെ ഓരോ വ്യക്തിക്കും മാനുഷികാവകാശങ്ങളുണ്ട്. 1948 ഡിസംബർ 10 -ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജനറൽ അസംബ്ലി മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനം അംഗീകരിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ആദ്യത്തെ ഒരു സുപ്രധാന രേഖയാണിത്. ജീവിതം, സ്വാതന്ത്ര്യം, വിദ്യാഭ്യാസം, ജോലി, വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവ ഉൾപ്പെടെ ഓരോ വ്യക്തിക്കും അർഹമായ മൗലികാവകാശങ്ങളെ കുറിച്ച് പ്രഖ്യാപനത്തിൽ പരാമർശിക്കുന്നു.
ഓരോ വ്യക്തിയുടെയും അവകാശങ്ങൾ മാനിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന് ഓർമ്മിപ്പിക്കാനാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. ആളുകളെ അവരുടെ സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും സമത്വവും നീതിയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ സജീവമായ പങ്ക് വഹിക്കാനും ഇത് ലക്ഷ്യമിടുന്നു. എല്ലാ വർഷവും മനുഷ്യാവകാശ ദിനത്തിന് ഒരു പ്രത്യേക തീം ഉണ്ട്, അത് ആഗോള ശ്രദ്ധ ആവശ്യമുള്ള ഒരു മനുഷ്യാവകാശ പ്രശ്നത്തെ ഉയർത്തിക്കാട്ടുന്നു. 2024 -ലെ മനുഷ്യാവകാശ ദിനത്തിന്‍റെ തീം 'എല്ലാവർക്കും തുല്യത: അസമത്വം കുറയ്ക്കുകയും മനുഷ്യാവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക' എന്നതാണ്.
മനുഷ്യാവകാശ പ്രതിജ്ഞ
'ഞാൻ ഭാരതത്തിന്‍റെ ഭരണഘടനയിലും ഭാരതത്തിൽ നടപ്പിലാക്കാവുന്ന അന്താരാഷ്ട്ര ഉടമ്പടികളിലൂടെയും സംരക്ഷിക്കപ്പെട്ടിട്ടുള്ള മനുഷ്യാവകാശങ്ങളോട്, നിർവ്യാചമായ വിശ്വസ്തയും കൂറും പുലർത്തുമെന്നും ഈ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി എന്‍റെ കർത്തവ്യം നിറവേറ്റുമെന്നും, എല്ലാവരുടെയും മനുഷ്യാവകാശത്തെയും ആത്മാഭിമാനത്തെയും യാതൊരു വിവേചനവും കൂടാതെ ബഹുമാനിക്കുമെന്നും, മറ്റുള്ളവരുടെ മനുഷ്യാവകാശത്തെ നേരിട്ടോ അല്ലാതെയോ പ്രവൃത്തി കൊണ്ടോ, വാക്കു കൊണ്ടോ, എന്‍റെ ചിന്തയിലൂടെയോ ഹനിക്കുകയില്ലെന്നും, മനുഷ്യാവകാശങ്ങളുടെ അഭിവൃദ്ധിക്ക് വേണ്ടി സദാ പ്രതിബദ്ധതയുള്ളവനായിരിക്കുമെന്നും സഗൗരവം പ്രതിജ്ഞ ചെയ്യുന്നു.
