'എൻ്റെ ജോലിക്കാരി ഇന്നലെ രാജിവച്ചു. എന്തുകൊണ്ട്? കാരണം അവൾക്ക് ₹1,000 രൂപ അധികം നൽകാൻ ഞങ്ങൾ തയ്യാറായില്ല' എന്നാണ് മീനാല്‍ കുറിച്ചിരിക്കുന്നത്.
വീട്ടുജോലിക്കാരി ശമ്പളം കൂട്ടിച്ചോദിച്ചതുമായി ബന്ധപ്പെട്ട് ഒരു യുവതി ലിങ്ക്ഡ്ഇന്നിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ വലിയ സംവാദത്തിന് വഴിവെച്ചിരിക്കുന്നത്. ജോലിക്കാരി ശമ്പളം കൂട്ടിച്ചോദിച്ചത് തന്നെ മൂന്നു പാഠങ്ങൾ പഠിപ്പിച്ചു എന്നാണ് യുവതി പറയുന്നത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റായ മീനാൽ ഗോയലാണ് പോസ്റ്റിട്ടിരിക്കുന്നത്. 'ശമ്പളം കൂട്ടിക്കൊടുക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ വീട്ടുജോലിക്കാരിയിൽ നിന്ന് പഠിച്ച മൂന്ന് കോർപ്പറേറ്റ് പാഠങ്ങൾ' എന്നാണ് ഇതിനെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അവർ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ, വീട്ടുജോലിക്കാരിക്ക് 3000 രൂപ നൽകാൻ മീനാല്‍ വിസമ്മതിച്ചതാണ് നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചത്. അതിന്റെ പേരിൽ അവർക്ക് വലിയ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു.
'എൻ്റെ ജോലിക്കാരി ഇന്നലെ രാജിവച്ചു. എന്തുകൊണ്ട്? കാരണം അവൾക്ക് ₹1,000 രൂപ അധികം നൽകാൻ ഞങ്ങൾ തയ്യാറായില്ല' എന്നാണ് മീനാല്‍ കുറിച്ചിരിക്കുന്നത്. മാത്രമല്ല, 'തനിക്ക് 3000 രൂപ നൽകാൻ എപ്പോൾ നിങ്ങൾ തയ്യാറാവുന്നോ അപ്പോൾ തന്നെ വിളിച്ചാൽ മതി' എന്നും ജോലിക്കാരി മീനാലിനോട് പറഞ്ഞത്രെ.
ഇതിൽ നിന്നും താൻ മൂന്ന് പാഠങ്ങൾ പഠിച്ചു എന്നാണ് മീനാല്‍ പറയുന്നത്. 'ഒന്നാമത്തേത് ശമ്പളത്തിൽ വർധനവ് ചോദിക്കാൻ പേടിക്കേണ്ടതില്ല, രണ്ട്, നിങ്ങളുടെ ശ്രമങ്ങളെ ഒരിക്കലും മോശമായി കാണരുത്. മൂന്നാമതായി, അർഹിക്കുന്നതിലും കുറഞ്ഞ തുക കൊണ്ട് തൃപ്തിപ്പെടരുത്'.
പിന്നീട്, ഈ മൂന്ന് കാരണങ്ങളെയും വിശദീകരിക്കുന്നുമുണ്ട് മീനാല്‍. എന്നാൽ, ആളുകൾ ശ്രദ്ധിച്ചത്, 3000 രൂപ പോലും ജോലിക്കാരിക്ക് ശമ്പളമായി നൽകാൻ മീനാല്‍ തയ്യാറാവുന്നില്ല എന്ന കാര്യമാണ്. 'വീട്ടുജോലിക്കാരിയെ ചൂഷണം ചെയ്തു, രാജിവയ്ക്കാൻ അവരെ നിർബന്ധിതയാക്കി, അവസാനം അവരിൽ നിന്നും മൂന്ന് പാഠങ്ങൾ പഠിച്ചു പോലും' എന്നാണ് മിക്കവരും കമന്റ് നൽകിയത്.
'ആ പൈസയ്ക്ക് ജോലി ചെയ്യാൻ നിൽക്കാതെ വീട്ടിലെ ജോലിക്കാരി ഇറങ്ങിപ്പോയത് നന്നായി' എന്നും പലരും കമന്റുകൾ നൽകി.
